ആര്‍.എസ്.വിമലിന്റെ ബിഗ് ബജറ്റ് ചിത്രം മഹാവീര്‍ കര്‍ണനില്‍ കര്‍ണനായി എത്തുന്നത് വിക്രമാണെന്ന് കഴിഞ്ഞദിവസം സംവിധായകന്‍ തന്നെ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. ഈ ഒക്ടോബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അടുത്ത ക്രിസ്മസിന് കര്‍ണന്‍ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമയുടെ കൂടുതല്‍ വിരങ്ങള്‍ സംവിധായകന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പങ്കുവച്ചു.

‘രണ്ടുവര്‍ഷം മുമ്പ് സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു. തിരക്കഥ എഴുതി, തിരുത്തി എഴുതി. തുടക്കം മുതല്‍ അവസാനം വരെ എല്ലാം പ്ലാന്‍ ചെയ്തു. സിനിമ തീര്‍ക്കാന്‍ ആവശ്യത്തിനു സമയം വേണം.’ വിമല്‍ പറഞ്ഞു.

300 കോടി രൂപയുടെ പ്രൊജക്ട് ആണ് ഈ ചിത്രം. വിമലിന് നല്ല ആത്മവിശ്വാസമുണ്ട് ചിത്രത്തെക്കുറിച്ച്. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ആവശ്യമായ അഭിനേതാക്കളെ കുറിച്ചാണ് ഇപ്പോള്‍ വിമലിന്റെ ആലോചന.

‘ചിത്രത്തിന് സ്‌പെഷ്യല്‍ ഇഫക്ട് നല്‍കാന്‍ ഓസ്‌ട്രേലിയയില്‍ നിന്നും ടെക്‌നീഷ്യന്‍മാര്‍ എത്തും. മാഗ്നസ് ഒപ്പസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിക്രമാണ് കര്‍ണന്റെ വേഷം കൈകാര്യം ചെയ്യുന്നത്. മുംബൈയില്‍ സിനിമയുമായി ബന്ധപ്പെട്ട് വലിയൊരു പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്. ബാക്കി താരങ്ങളെയും മറ്റുവിശേഷങ്ങളും അവിടെ പ്രഖ്യാപിക്കും.’ വിമല്‍ വ്യക്തമാക്കി.

തുടക്കത്തില്‍ സിനിമയോട് സമ്മതം മൂളാന്‍ വിക്രം ഒരല്‍പം മടിച്ചിരുന്നുവെന്ന് വിമല്‍. ‘സിനിമയുമായി ആദ്യം വിക്രമിനെ സമീപിച്ചപ്പോള്‍ അദ്ദേഹം ചോദിച്ചു ‘ശിവാജി ഗണേശന്‍ നേരത്തേ ചെയ്ത വേഷമാണിത്. അതില്‍ നിന്നും വ്യത്യസ്തമായി നിങ്ങള്‍ക്കെന്താണ് പ്രേക്ഷകരോട് പറയാനുള്ളത്’ എന്ന്. എന്നാല്‍ ഞാന്‍ തിരക്കഥ വിവരിച്ചുകൊടുത്തപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടമാകുകയും കര്‍ണനാകാമെന്ന് സമ്മതിക്കുകയും ചെയ്തു’ വിമല്‍ പറഞ്ഞു.

ഹിന്ദിയിലാണ് ചിത്രം ഒരുങ്ങുന്നത്. ‘സിനിമ മഹാഭാരതത്തെ അടിസ്ഥാനപ്പെടുത്തിയാണ്. സാര്‍വലോകികമായ ഒരു ഉള്ളടക്കമാണ് അതിന്റേത്. അത്തരമൊന്ന് പ്രാദേശിക ഭാഷയില്‍ ചെയ്യുക എന്നത് അതിനോട് ചെയ്യുന്ന അനീതിയായിരിക്കും. അതിനാല്‍ ഇതൊരു രാജ്യാന്തര ചിത്രമായി ഒരുക്കാനാണ് തീരുമാനം. ഇന്ത്യന്‍ സിനിമയില്‍ നിന്നും ഹോളിവുഡില്‍ നിന്നുമുള്ള പ്രമുഖ താരങ്ങള്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും’ വിമല്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തേ പൃഥ്വിരാജിനെ നായകനാക്കിയായിരുന്നു കര്‍ണന്‍ ഒരുക്കാന്‍ തീരുമാനിച്ചിരുന്നത്. പിന്നീട് വിക്രമിനെ വച്ച് ചിത്രം പ്രഖ്യാപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ