ചിയാൻ വിക്രമിന്റെ മകൻ ധ്രുവ് അച്ഛന്റെ വഴിയേ സഞ്ചരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അധികം വൈകാതെതന്നെ ധ്രുവ് സിനിമയിലേക്കെത്തും. മകൻ ധ്രുവിന്റെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ചുളള വാർത്തകൾ കേൾക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇപ്പോഴിതാ മകന്റെ സിനിമാ പ്രവേശനത്തെക്കുറിച്ച് വിക്രം തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു. തെലുങ്കിലെ ഹിറ്റ് ചിത്രം ‘അർജുൻ റെഡ്ഡി’യുടെ തമിഴ് റീമേക്കിലൂടെയാണ് ധ്രുവിന്റെ സിനിമാ അരങ്ങേറ്റം.

‘കുതിച്ചു ചാടാൻ തയാറായിക്കോളൂ’ എന്ന അടിക്കുറിപ്പോടെ ധ്രുവിന്റെ ഒരു വിഡിയോ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് വിക്രം മകന്റെ സിനിമാ പ്രവേശനത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്. മകന് അഭിനയത്തിൽ വളരെയധികം താൽപര്യമുണ്ടെന്നും അവൻ തീർച്ചയായും സിനിമയിലേക്ക് വരുമെന്നും നേരത്തെ വിക്രം വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ ശങ്കർ, ഭാരതിരാജ, മണിരത്നം പോലെയുളള വലിയ സംവിധായകരുടെ ചിത്രത്തിലൂടെയാവും ധ്രുവിന്റെ സിനിമാ അരങ്ങേറ്റമെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു.

@dhruv.vikram .. ready to make the leap. #DhruvtobeArjunReddy #E4Entertainment

A post shared by Vikram (@the_real_chiyaan) on

സോഷ്യൽ മീഡിയയിലൂടെ ധ്രുവ് നേരത്തെതന്നെ പ്രശസ്തനായിരുന്നു. ധ്രുവ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ഡബ്സ്മാഷ് വിഡിയോ നിമിഷങ്ങൾ കൊണ്ടാണ് വൈറലായത്. മാത്രമല്ല ധ്രുവിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ട്രെൻഡാവാറുണ്ട്. അഭിനയം മാത്രമല്ല സംവിധാനത്തിലും ധ്രുവിന് താൽപര്യമുണ്ട്. കഴിഞ്ഞ വർഷം ബാല പീഡനത്തെക്കുറിച്ച് ‘ഗുഡ്നൈറ്റ് ചാർലി’ എന്ന ഷോർട് ഫിലിം സംവിധാനം ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook