തമിഴ് സിനിമാലോകത്തെ സൂപ്പർ താരത്തിന്റെ പുതിയ ചിത്രത്തിലെ ലുക്ക് കണ്ട് അമ്പരക്കുകയാണ് ആരാധകർ. സംവിധായകൻ അജയ് ജ്ഞാനമുത്തുവാണ് ചിയാൻ വിക്രം നായകനാവുന്ന കോബ്ര സിനിമയിലെ താരത്തിന്റെ ലുക്ക് പുറത്തുവിട്ടത്. ഒറ്റനോട്ടത്തിൽ ഫൊട്ടോയിലുളളത് വിക്രമാണെന്ന് ആർക്കും പെട്ടെന്ന് കണ്ടുപിടിക്കാനാവില്ല.
ഷൂട്ടിങ് സെറ്റിൽനിന്നുളള ചിത്രമാണ് സംവിധായകൻ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്. ഷൂട്ടിങ് വീണ്ടും തുടങ്ങുന്നതുവരെ കാത്തിരിക്കാനാവില്ലെന്നാണ് സംവിധായകൻ കുറിച്ചത്. ജ്ഞാനമുത്തുവിന്റെ കോബ്രയിൽ 20 വ്യത്യസ്ത ലുക്കിലാണ് വിക്രം എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ മാർച്ചിലാണ് റഷ്യയിൽ ഷൂട്ടിങ്ങിലായിരുന്ന വിക്രം അടങ്ങുന്ന കോബ്ര ടീം ഇന്ത്യയിൽ തിരിച്ചെത്തിയത്. കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്ന് വിവിധ രാജ്യങ്ങളിൽ ഇന്ത്യയിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്നായിരുന്നു സംഘത്തിന്റെ മടങ്ങൽ. ഒൻപതു മാസത്തെ കാത്തിരിപ്പിനുശേഷം 2020 അവസാനമായപ്പോഴേക്കും ഷൂട്ട് വീണ്ടും തുടങ്ങി. പക്ഷേ, തമിഴ്നാട്ടിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനെ തുടർന്ന് ഷൂട്ട് വീണ്ടും നിർത്തി വയ്ക്കേണ്ടി വന്നു.
ത്രില്ലർ വിഭാഗത്തിൽ പെടുന്ന സിനിമയാണ് കോബ്ര. 2021 ജനുവരിയിൽ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരുന്നു. വിക്രമിനു പുറമേ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ, ശ്രീനിധി ഷെട്ടി, കെ.എസ്.രവികുമാർ തുടങ്ങിയവരും ചിത്രത്തിലുണ്ട്.