ചിയാന്‍ വിക്രമിന്റെ കരിയറിന് വലിയ ബ്രേക്ക് കൊടുത്ത ചിത്രങ്ങൾ ഒന്നായിരുന്നു സാമി. വിക്രമും തൃഷയുമായിരുന്നു ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ‘സാമി സ്‌ക്വയര്‍’ എത്തുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലാണ്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

മാസ് ലുക്കിലാണ് ആറുസാമി എന്ന പൊലീസുകാരനായി ഇത്തവണയും വിക്രം എത്തുന്നത്. ജൂണ്‍ 14ന് ചിത്രം തിയേറ്ററുകളിലെത്തും. ആദ്യഭാഗത്തില്‍ തൃഷയായിരുന്നു നായികയെങ്കില്‍ രണ്ടാം ഭാഗത്തില്‍ കീര്‍ത്തി സുരേഷാണ് നായിക. മോഷന്‍ പോസ്റ്റര്‍ വലിയ ആകാംക്ഷയാണ് സൃഷ്ടിക്കുന്നത്.

ബോബി സിംഹയും ചിത്രത്തില്‍ വളരെ പ്രാധാന്യമുള്ളൊരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മൂന്ന് വ്യത്യസ്ത ലുക്കുകളിലാണ് ബോബി സിംഹ എത്തുന്നത്. ഏതാണ്ട് ആറ് മാസത്തെ പ്രയത്‌നത്തിനൊടുവിലാണ് ബോബി സിംഹയുടെ ലുക്കുകള്‍ തീരുമാനിച്ചത്. പ്രഭു, ജോണ്‍, വിജയ് സൂരി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

സാമിയുടെ ആദ്യ ഭാഗം സംവിധാനം ചെയ്ത ഹരി തന്നെയാണ് സ്വാമി സ്‌ക്വയറും ഒരുക്കിയിരിക്കുന്നത്. ദേവിശ്രീ പ്രസാദാണ് ചിത്രത്തിനു വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് സാമി സ്‌ക്വയറിനു വേണ്ടി പണം മുടക്കിയിരിക്കുന്നത്. പ്രിയന്‍ എ.വെങ്കിടേഷ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്നു. വി.ടി.വിജയനാണ് എഡിറ്റിങ്ങ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ