ബോക്സ് ഓഫീസ് റെക്കോർഡുകളെയെല്ലാം തകർത്ത് മലയാളത്തിൽ നിന്നും ആദ്യമായി 200 കോടി ക്ലബ്ബിൽ ഇടം പിടിച്ച ചിത്രമായിരുന്നു ‘ലൂസിഫർ’. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിൽ ചിരഞ്ജീവി അഭിനയിക്കുന്നു എന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ ഏറെനാളായി പ്രചരിക്കുന്നുണ്ട്.എന്നാൽ അത് വെറും അഭ്യൂഹമല്ലെന്നും വാർത്തയിൽ കഴമ്പുണ്ടെന്നുമാണ് തെലുങ്ക് സിനിമാലോകത്തു നിന്നും വരുന്ന റിപ്പോർട്ട്.
‘സാഹോ’യുടെ സംവിധായകൻ സുഗീത് ആണ് ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ഒരുക്കുന്നത്. ‘ലൂസിഫറി’ൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്ക് റീമേക്കിൽ ചിരഞ്ജീവി അവതരിപ്പിക്കും. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതിനൊപ്പം തന്നെ ചിത്രം നിർമിക്കുന്നതും ചിരഞ്ജീവി തന്നെ. തന്റെ നിർമാണ കമ്പനിയായ കോണിഡെല പ്രൊഡക്ഷൻസിന്റെ കീഴിലാണ് ചിരഞ്ജിവീ ചിത്രം നിർമിക്കുന്നത്. ഇതിനായി ചിത്രത്തിന്റെ റീമേക്ക് റൈറ്റ്സ് താരം സ്വന്തമാക്കിയിട്ടുണ്ടെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.
‘ആചാര്യ’ എന്ന ചിത്രത്തിന്റെ ചിത്രീകരണജോലികൾ പൂർത്തിയാക്കിയാൽ ലൂസിഫർ തെലുങ്ക് റീമേക്കിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയിക്കുന്നത്. മുൻപ് സംവിധായകൻ സുകുമാർ ആയിരുന്നു ചിത്രത്തിന്റെ സംവിധാനറോളിലേക്ക് പരിഗണിക്കപ്പെട്ട വ്യക്തി. എന്നാൽ അല്ലു അർജുൻ ചിത്രം ‘പുഷ്പ’യുടെ ചിത്രീകരണതിരക്കിൽ ആയതിനാൽ ആ അവസരം സുഗീതിനെ തേടിയെത്തുകയായിരുന്നു.
നടൻ പൃഥ്വിരാജിന്റെ ആദ്യസംവിധാനസംരംഭമായിരുന്നു ‘ലൂസിഫർ’. ചിത്രം നേടിയ മികച്ച വിജയം ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. നിലവിൽ കരാർ ആയ ചിത്രങ്ങൾ പൂർത്തിയാക്കിയതിനു ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്റെ’ നിർമാണജോലികളിൽ മുഴുകാനാണ് പൃഥ്വിരാജിന്റെ തീരുമാനം.
Read more: Lucifer Review: ‘ലൂസിഫർ’: പൃഥ്വിരാജ് എന്ന മോഹൻലാൽ ‘ഫാൻ ബോയ്’യുടെ സമർപ്പണം