കന്നട നടൻ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിൽ നിന്നും ഇനിയും മുക്തരായിട്ടില്ല അദ്ദേഹത്തിന്റെ കുടുംബവും ആരാധകരും. ചിരഞ്ജീവിയുടെ മൃതദേഹം സഹോദരൻ ധ്രുവ് സർജന്റെ ഫാം ഹൗസിൽ സംസ്കരിക്കുന്നതിനിടയിൽ ബന്ധുക്കൾ നൽകിയ വിടനൽകൽ കണ്ണീരോടെ മാത്രമേ കണ്ടുനിൽക്കാനാവൂ. ഇപ്പോഴിതാ, മരിക്കുന്നതിനു മുൻപ് ചിരഞ്ജീവി സർജ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രവും അതിനു സഹോദരി നൽകിയ മറുപടിയുമാണ് ഇപ്പോൾ നോവാകുന്നത്.
സഹോദരങ്ങൾക്ക് ഒപ്പമുള്ള ഒരു കുട്ടിക്കാല ചിത്രവും അടുത്തിടെ എടുത്തൊരു ചിത്രവും പങ്കുവച്ചിരിക്കുകയാണ് ചിരഞ്ജീവി. “അന്നും ഇന്നും..ഞങ്ങൾ ഒരുപോലെ,” എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ചിരഞ്ജീവിയുടെ സഹോദരന്മാരായ ധ്രുവ് സർജയയും സൂരജ് സർജയുമുണ്ട്. “20 വർഷങ്ങൾക്ക് ശേഷവും ഈ പോസ് ഇതുപോലെ കാണാൻ ഞാനാഗ്രഹിക്കുന്നു,” എന്നാണ് ചിത്രത്തിന് സഹോദരി അപർണ സർജ നൽകിയ കമന്റ്. എന്നാൽ പ്രിയപ്പെട്ടവരെയെല്ലാം കണ്ണീരിലാഴ്ത്തി അവരുടെ ചിരു യാത്രയായിരിക്കുകയാണ് ഇപ്പോൾ.
സഹോദരന്മാർക്കും സഹോദരിക്കുമൊപ്പം ചിരഞ്ജീവി സർജ.
View this post on Instagram
ഞായറാഴ്ചയായിരുന്നു 39കാരനായ ചിരഞ്ജീവിയുടെ അപ്രതീക്ഷിത അന്ത്യം. ഏറെ നടുക്കത്തോടെയാണ് സിനിമാലോകം താരത്തിന്റെ മരണവാർത്ത കേട്ടത്. ഉച്ചയ്ക്ക് ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
നടൻ അർജുന്റെ സഹോദരിയുടെ മകനാണ് ചിരഞ്ജീവി. 2009 ൽ തമിഴ് ചിത്രമായ സണ്ടക്കോഴിയുടെ റീമേക്കായ വായുപുത്രയിലൂടെയാണ് ചിരഞ്ജീവിയുടെ അഭിനയ ജീവിതം ആരംഭിച്ചത്. അർജുനായിരുന്നു ചിത്രത്തിന്റെ നിർമാതാവ്. പത്ത് വർഷത്തോളം നീണ്ട കരിയറിൽ 20 ലധികം സിനിമകളിൽ അഭിനയിച്ചു.
2018 ഏപ്രിൽ മാസത്തിലായിരുന്നു ചിരഞ്ജീവിയും മേഘ്നയും തമ്മിലുള്ള വിവാഹം. ‘ആട്ടഗര’ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ച ഇരുവരുടെയും ഏറെ നാളത്തെ സൗഹൃദമാണ് വിവാഹത്തിൽ എത്തിയത്. ഒരു കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷത്തിൽ ഇരിക്കെയാണ് മരണം ചിരഞ്ജീവിയെ തട്ടിയെടുക്കുന്നത്. മേഘ്ന മൂന്നുമാസം ഗർഭിണിയാണെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
Read more: കുഞ്ഞിനെ കാണാൻ കാത്തു നിൽക്കാതെ ചിരഞ്ജീവി പോയി; നെഞ്ചുപൊട്ടി മേഘ്ന
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook