ഹൈദരാബാദ്: തെലുങ്ക് നടന്‍ ഉദയ് കിരൺ ആത്മഹത്യ ചെയ്തതിനെ കുറിച്ച് സഹോദരി ശ്രീദേവി ആദ്യമായി മനസു തുറക്കുന്നു. സഹോദരന്റെ മരണത്തിന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീദേവി മാധ്യമങ്ങളോട് ഇതെക്കുറിച്ച് തുറന്ന് സംസാരിച്ചത്. 2014 ജനുവരി അഞ്ചിനാണ് ഉദയ് കിരണ്‍ ആത്മഹത്യ ചെയ്യുന്നത്. ഹൈദരാബാദിലെ വീട്ടില്‍ വച്ച് തൂങ്ങി മരിക്കുകയായിരുന്നു.

2013 ല്‍ തെലുങ്കിലെ സൂപ്പര്‍ താരം ചിരഞ്ജീവിയുടെ മകള്‍ സുസ്മിതയുമായി കിരണിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍ ആ വിവാഹം നടന്നില്ല. തെലുങ്ക് സിനിമയില്‍ കിരണിന് പിന്നീട് നല്ല അവസരങ്ങള്‍ ലഭിക്കാത്തതിന് ഉത്തരവാദി ചിരഞ്ജീവിയാണെന്നായിരുന്നു പ്രചരിച്ചിരുന്നത്. കിരണിന്റെ മൃതദേഹം സംസ്‌കരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ആരാധകര്‍ ചിരഞ്ജീവിക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തിരുന്നു.

എന്നാൽ കിരണിന്റെ മരണത്തിന് ഉത്തരവാദി ചിരഞ്ജീവി അല്ലെന്നാണ് പറയുകയാണ് ശ്രീദേവി. ‘ഉദയ് നേരത്തേ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ആ ബന്ധം പിരിഞ്ഞപ്പോള്‍ അവന്‍ തകര്‍ന്നുപോയി. ആ വിഷമത്തില്‍ നിന്ന് അവനെ കൈപിടിച്ചു കൊണ്ട് വന്നത് ചിരഞ്ജീവിയായിരുന്നു. അദ്ദേഹം അവന്റെ ഗോഡ് ഫാദറായിരുന്നു. സുസ്മിതയുമായുള്ള ബന്ധത്തിന് മുന്‍കൈയ്യെടുത്തതും ചിരഞ്ജീവിയായിരുന്നു. എന്നാല്‍ അത് നടന്നില്ല. ചിരഞ്ജീവിക്ക് അവനെ വലിയ ഇഷ്ടമായിരുന്നു. അദ്ദേഹം ഒരിക്കലും കിരണിനെ ഉപദ്രവിക്കില്ല’- ശ്രീദേവി തെലുഗു വണിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

വിവാഹം വേണ്ടെന്ന് വെച്ചത് കിരണിന്റേയും സുസ്മിതയുടേയും അഭിപ്രായ വ്യത്യാസം കൊണ്ടാണെന്നും ശ്രീദേവി വ്യക്തമാക്കുന്നു.

തെലുങ്കിലെ മുന്‍നിര നായകന്മാരുടെ സ്ഥാനത്തേക്ക് ഉദയ്കിരണ്‍ വളര്‍ന്നത് പെട്ടെന്നായിരുന്നു. ചിത്രം, നുവ്വു നീനു, മനസാന്ത നുവ്വേ, ശ്രീ റാം തുടങ്ങിയ ചിത്രങ്ങള്‍ ഉദയ് കിരണിന്റെ ഹിറ്റുകളാണ്.
റൊമാന്റിക് ഹീറോ പരിവേഷത്തില്‍ തിളങ്ങിക്കൊണ്ടിരിയ്ക്കവേയാണ് ചിരഞ്ജീവിയുടെ മകളുമായി ഉദയ് കിരണിന്റെ വിവാഹമുറപ്പിയ്ക്കുന്നത്.

വിവാഹം നടക്കാതെ വന്നതോടെ ഉദയ് കിരണ്‍ സിനിമയിലും ജീവിതത്തിലും ഒരുപോലെ മങ്ങി. വീണ്ടും വിവാഹിതനായ ഉദയ് കിരണ്‍ സിനിമയിലും സജീവമായിത്തുടങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ടോളിവുഡ്. ആ സമയത്താണ് കിരൺ ആത്മഹത്യ ചെയ്യുന്നത്. ഫിലിം ഫെയര്‍ അവാര്‍ഡ് നേടുന്ന തെലുങ്കിലെ ഏറ്റവും പ്രായം കുറഞ്ഞ നടനെന്ന ബഹുമതിയും ഉദയ് കിരണിനുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ