ടെലിവിഷൻ ദൃശ്യാനുഭവങ്ങൾക്ക് പുത്തൻ മാനങ്ങൾ നൽകിയ പരിപാടിയാണ് ബിഗ് ബോസ് റിയാലിറ്റി ഷോ. വിവിധ രാജ്യങ്ങള്‍ ഏറ്റെടുത്ത, ഡച്ച് ടെലിവിഷന്‍ സീരിസായ ‘സെലിബ്രിറ്റി ബിഗ് ബ്രദര്‍’ എന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ പ്രചോദനം. നിരവധി വിവാദങ്ങൾക്ക് ബിഗ് ബോസ് ഷോ മുൻപും തിരികൊളുത്തിയിട്ടുണ്ട്. ഇപ്പോഴിതാ, ബിഗ് ബോസ് തമിഴിന്റെ മൂന്നാം പതിപ്പിലെ ഒരു മത്സരാർത്ഥിയുടെ പ്രതികരണമാണ് പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുന്നത്. ബസ്സ് യാത്രയ്ക്കിടെ സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് ഒരു മത്സരാർത്ഥി തുറന്നു പറയുന്നത് സംപ്രേക്ഷണം ചെയ്ത ചാനലിന് എതിരെ രംഗത്തു വന്നിരിക്കുകയാണ് ചിന്മയി ശ്രീപദ.
A Tamil channel aired a man proudly proclaiming he used the Public Bus Transport system to molest/grope women – to cheers from the audience.
And this is a joke. To the audience. To the women clapping. To the molester.
Damn. https://t.co/kaL7PMDw4u
— Chinmayi Sripaada (@Chinmayi) July 27, 2019
പരിപാടിയുടെ വീഡിയോ ക്ലിപ്പ് പങ്കുവെച്ചുകൊണ്ടായിരുന്നു ചിന്മയിയുടെ ട്വിറ്റർ പോസ്റ്റ്. നടൻ ശരവണൻ ആണ് റിയാലിറ്റി ഷോയ്ക്കിടെ ഇത്തരമൊരു പ്രതികരണം നടത്തിയിരിക്കുന്നത്. “താൻ പൊതു ബസ് ഗതാഗത സംവിധാനം സ്ത്രീകളെ ഉപദ്രവിക്കാൻ/ ചൂഷണം ചെയ്യാൻ ഉപയോഗിച്ചുവെന്ന് അഭിമാനത്തോടെ ഒരു മനുഷ്യൻ തുറന്നുപറയുന്നത് സംപ്രേക്ഷണം ചെയ്തിരിക്കുന്നു. ഇതൊരു തമാശയാണ് പ്രേക്ഷകർക്ക്. കയ്യടിക്കുന്ന സ്ത്രീകളോട്… കഷ്ടം.” ചിന്മയിയോട് സമാനമായ അഭിപ്രായങ്ങളുമായി നിരവധിയേറെ പേർ ബിഗ് ബോസ്സിനും നടൻ ശരവണനുമെതിരെ രംഗത്തു വന്നിട്ടുണ്ട്.
തമിഴകത്ത് മീ ടൂ ആരോപണങ്ങൾക്ക് തുടക്കം കുറിച്ചയാളായിരുന്നു ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ചിന്മയി. എന്നാൽ ‘മീടൂ’ വിവാദവെളിപ്പെടുത്തലിനു ശേഷം ഇൻഡസ്ട്രിയിൽ നിന്നും ഏറെ രൂക്ഷമായ വിമർശനങ്ങളും അവഗണനകളുമാണ് ചിന്മയി നേരിടുന്നത്. മീടൂ വെളിപ്പെടുത്തലുകളെ തുടർന്ന് സിനിമയിൽ തനിക്ക് അവസരങ്ങൾ കുറയുന്നതായും ഒറ്റപ്പെടുത്താൻ ചിലർ ശ്രമിക്കുന്നതായുമൊക്കെ ചിന്മയി ശ്രീപദ ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
തമിഴകത്തെ തലമുതിര്‍ന്ന എഴുത്തുകാരനും സിനിമാ പ്രവര്‍ത്തകനും കവിയുമായ വൈരമുത്തുവിനെതിരെ ലൈംഗികാരോപണങ്ങൾ പരസ്യമായി ഉന്നയിച്ചതോടെയാണ് തമിഴ് സിനിമാലോകത്തെ ചിലർ ചിന്മയിയെ വേട്ടയാടാനും തള്ളിപ്പറയാനും തുടങ്ങിയത്. ഡബ്ബിങ് യൂണിയനില്‍ നിന്നും പുറത്താക്കുക, സോഷ്യല്‍ മീഡിയയിലും അല്ലാതെയും ഭീഷണിപ്പെടുത്തുക, സിനിമയിലെ അവസരങ്ങള്‍ ഇല്ലാതെയാക്കുക തുടങ്ങിയവയ്ക്കെല്ലാം താന്‍ ഇരയാകുന്നു എന്ന് ചിന്മയി വെളിപ്പെടുത്തിയിരുന്നു.