തമിഴകത്ത് മീ ടൂ ആരോപണങ്ങൾക്ക് തുടക്കം കുറിച്ചയാളാണ് ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ചിന്മയി. എന്നാൽ ‘മീടൂ’ വിവാദവെളിപ്പെടുത്തലിനു ശേഷം ഇൻഡസ്ട്രിയിൽ നിന്നും ഏറെ രൂക്ഷമായ വിമർശനങ്ങളും അവഗണനകളുമാണ് താൻ നേരിടുന്നതെന്നും സിനിമകളിൽ അവസരങ്ങൾ കുറയുന്നതായും ഒറ്റപ്പെടുത്താൻ ചിലർ ശ്രമിക്കുന്നതായുമൊക്കെ ഗായിക ചിന്മയി ശ്രീപദ അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ തമിഴ്നാട്ടിലെ ഡബ്ബിംഗ് കലാകാരന്മാരുടെ സംഘടനയും ചിന്മയിക്കെതിരെ നടപടികളുമായി രംഗത്തുവന്നിരിക്കുകയാണ്.

ഡബ്ബിംഗ് കലാകാരന്മാരുടെ സംഘടനയിൽ വീണ്ടും അംഗമാവാൻ ഒന്നരലക്ഷം രൂപയും ക്ഷമാപണകത്തും നൽകണമെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് യൂണിയൻ ആവശ്യപ്പെട്ടു എന്ന് വെളിപ്പെടുത്തുകയാണ് ചിന്മയി. ഇന്നലെ ഡബ്ബിംഗ് ആർട്ടിസ്റ്റ് യൂണിയൻ നടത്തിയ പ്രസ്സ്മീറ്റിൽ യൂണിയൻ ഭാരവാഹികളും ഈ വാർത്ത സ്ഥിതീകരിക്കരിച്ചിരുന്നു.

ജോലി ചെയ്യാനുള്ള തന്റെ അവകാശത്തിന് വലിയൊരു തുക ഈടാക്കുന്ന യൂണിയന്റെ നടപടിയെ ട്വിറ്റർ പോസ്റ്റിലൂടെ ചിന്മയി ചോദ്യം ചെയ്യുകയാണ്. “നിലവിൽ ഞാൻ യൂണിയന് ഒന്നര ലക്ഷം രൂപ നൽകണം, ഒപ്പം ക്ഷമാപണകത്തും നൽകണം. അതുകഴിഞ്ഞാൽ അവരെന്റെ അംഗത്വം പുനസ്ഥാപിക്കുകയും തമിഴ് സിനിമകളിൽ എന്നെ ജോലി ചെയ്യാൻ അനുവദിക്കുകയും ചെയ്യും. 2006 മുതൽ എന്റെ വരുമാനത്തിൽ നിന്നും യൂണിയൻ ലക്ഷങ്ങൾ ഉണ്ടാക്കുന്നുണ്ട്. എന്നിട്ടും വീണ്ടും ഞാൻ ജോലി ചെയ്യാനുള്ള എന്റെ അവകാശത്തിന് ഇപ്പോൾ ഒന്നര ലക്ഷം രൂപ നൽകണം,” ചിന്മയി കുറിക്കുന്നു.

ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഗാനരചയിതാവ് വൈരമിത്തുവിനും നടൻ രാധാ രവിക്കുമെതിരെ ചിന്മയിയുടെ മീ ടൂ ആരോപണം ഉന്നയിച്ചത്. രണ്ടുവട്ടം വൈരമുത്തു തന്നോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ചിരുന്നുവെന്നായിരുന്നു ചിന്മയിയുടെ ആരോപണം. സഹകരിച്ചില്ലെങ്കിൽ തന്റെ കരിയർ നശിപ്പിക്കുമെന്ന് വൈരമുത്തു ഭീഷണി മുഴക്കിയതായും ചിന്മയി ആരോപിച്ചു. ചിന്മയിയുടെ വെളിപ്പെടുത്തൽ വിവാദമാവുകയും ചിന്മയിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തുവരികയും ചെയ്തു. തുടർന്ന് തമിഴ്നാട്ടിലെ ഡബ്ബിങ് കലാകാരന്മാരുടെ സംഘടനയിൽ നിന്നും ചിന്മയി പുറത്തായി. രണ്ട് വർഷമായി സംഘടനയുടെ സബ്സ്ക്രിപ്ഷൻ ഫീസ് നൽകിയില്ലെന്ന് കാണിച്ചായിരുന്നു ചിന്മയിയെ പുറത്താക്കിയത്.

Read more: #MeToo: തമിഴകം തള്ളിപ്പറഞ്ഞ ചിന്മയി മലയാളത്തില്‍ പാടുന്നു, അതും എ.ആര്‍.റഹ്മാന്റെ സംഗീതത്തില്‍

“മാസത്തില്‍ 15 ഓളം ഗാനങ്ങള്‍ ഞാന്‍ പാടാറുണ്ടായിരുന്നു. അതില്‍ 5 എണ്ണമെങ്കിലും തമിഴായിരിക്കും. എന്നാല്‍ അതും ഇല്ലാതെയായി. ഡബ്ബിങ് യൂണിയന്‍ പുറത്താക്കുകയും ചെയ്തു. 2016ല്‍ ഞാന്‍ ഫീസ് ആയി 5000 രൂപ അടച്ചിരുന്നു. അതിന് ശേഷമാണ് ‘ഇരുമ്പ്തിരൈ’യിലും ’96’ലും അവസരം ലഭിച്ചത്. അന്നൊന്നും ഒന്നും പറയുകയോ നടപടി എടുക്കുകയോ ചെയ്തില്ല. മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയതിന് ശേഷമാണ് ഇത് ഉണ്ടായത്,” എന്നാണ് ചിന്മയി ആ സംഭവത്തോട് പ്രതികരിച്ചത്. ഈ സംഭവങ്ങളുടെയെല്ലാം പശ്ചാത്തലത്തിലാണ്, ഡബ്ബിംഗ് ആർട്ടിസ്റ്റുകളുടെ സംഘടനയിൽ ചിന്മയിക്ക് പുനർ​അംഗത്വം നൽകണമെങ്കിൽ ഒന്നരലക്ഷം രൂപയും ക്ഷമാപണകത്തും നൽകണമെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് യൂണിയൻ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook