ഏഷ്യയിലെ ഏറ്റവും വലിയ ഫിലിം അവാര്‍ഡ് ഷോകളിലൊന്നായ തായ്‌വാന്‍ ഗോള്‍ഡന്‍ ഹോഴ്‌സ് അവാര്‍ഡ്‌സില്‍ നിന്നും ചൈനീസ് സിനിമകളേയും താരങ്ങളേയും വിലക്കി ചൈന. യാതൊരു കാരണവും അറിയിക്കാതെയാണ് ചൈനയുടെ തീരുമാനം. എന്നാല്‍ ചൈനയില്‍ നിന്നുമുള്ള ചിത്രങ്ങളും താരങ്ങളുമില്ലെങ്കിലും അവാര്‍ഡ് ചടങ്ങ് നടക്കുമെന്ന് ഗോള്‍ഡന്‍ ഹോഴ്‌സ് സംഘാടക സമിതി അറിയിച്ചു.

”വാര്‍ത്ത കമ്മിറ്റിയെ വിഷമിപ്പിക്കുന്നതാണ്. ഗോള്‍ഡന്‍ ഹോഴ്‌സ് അവാര്‍ഡിന്റെ ഒരുക്കങ്ങള്‍ നടക്കുകയാണ്. എല്ലാം പ്ലാന്‍ ചെയ്തതു പോലെ തന്നെ നടക്കും. പതിവു പോലെ തന്നെ എല്ലാം നടക്കും” സംഘാടകര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ് ചടങ്ങില്‍ അവാര്‍ഡ് ലഭിച്ചതിന് പിന്നാലെയുള്ള പ്രസംഗത്തില്‍ ജേതാവായ ഫു യു തായ്‌വാനെ ഒരു സ്വതന്ത്രരാജ്യമായി കാണണമെന്ന് പറഞ്ഞിരുന്നു. സംവിധായകയായ ഫു യുവിന്റെ പ്രസംഗം ചൈനയെ ചൊടിപ്പിച്ചിരുന്നു. തായ് വാന്‍ ചൈനയുടെ ഭാഗമാണെന്നാണ് ചൈനയുടെ അവകാശവാദം. തങ്ങളുടെ രാജ്യത്തെ കുറിച്ചുള്ള ഏറ്റവും വലിയ സ്വപ്‌നം സ്വതന്ത്ര രാജ്യമായി പരിഗണിക്കപ്പെടുന്നതാണെന്നായിരുന്നു അവര്‍ പറഞ്ഞത്.

ഇതേ തുടര്‍ന്ന് ചൈനീസ് പ്രതിനിധികള്‍ സ്റ്റേജിലേക്ക് വന്നില്ല. ചൈനയും തായ് വാനും ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്നു അവര്‍ പറഞ്ഞു. ചടങ്ങിന് ശേഷം നടന്ന പരിപാടിയിലും പങ്കെടുത്തില്ല. അതേസമയം, ഫുവിന് പിന്തുണയുമായി തായ് വാന്‍ പ്രസിഡന്റ് സായി ഇങ് വെന്‍ രംഗത്തെത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook