മമ്മൂട്ടിയുടെ ലക്ഷണമൊത്ത ഡ്യൂപ്പായിട്ട് മലയാള സിനിമയിലേക്ക് രംഗപ്രവേശം ചെയ്ത അഭിനേതാവാണ് ടിനി ടോം. മമ്മൂട്ടിയുടെ ശരീരഘടനയും ഉയരവുമെല്ലാം ഒത്തു വരുന്ന ടിനിയായിരുന്നു ‘അണ്ണൻ തമ്പി’, ‘പാലേരി മാണിക്യം’, ‘പട്ടണത്തിൽ ഭൂതം’ തുടങ്ങി മമ്മൂട്ടി ഡബ്ബിൾ റോളിൽ അഭിനയിച്ച ചിത്രങ്ങളിലെല്ലാം മമ്മൂട്ടിയുടെ ബോഡി ഡബിള്‍.

ശരീരഘടനയിലും ഉയരത്തിലുമൊക്കെയുള്ള സാമ്യം മാത്രമല്ല, മമ്മൂട്ടിയെ പോലെ തന്നെ നിയമ പഠനത്തിനു ശേഷമാണ് ടിനിയും സിനിമയിലേക്ക് വരുന്നത്.  മിമിക്രിയിൽ നിന്നും ടിനി ടോമിന് സിനിമയിലേക്കുള്ള വഴിത്തെളിയിച്ചതും മമ്മൂട്ടി തന്നെ.  ഇതേക്കുറിച്ചുള്ള ടിനിയുടെ വാക്കുകള്‍ ഇങ്ങനെ, “മിമിക്രിയിൽ മമ്മൂട്ടിയെ സ്ഥിരം അനുകരിക്കുന്നതു കണ്ട് അദ്ദേഹം തന്നെയാണ് ഡ്യൂപ്പാകാൻ എന്നെ വിളിക്കുന്നത്. ‘അണ്ണൻ തമ്പി’, ‘പാലേരി മാണിക്യം’, ‘പട്ടണത്തിൽ ഭൂതം’ തുടങ്ങിയ അദ്ദേഹം ഡബ്ബിൾ റോളിൽ വന്ന ചിത്രങ്ങളിലൊക്കെ അദ്ദേഹത്തിന്റെ ഡ്യൂപ്പായി.”

പിന്നീട് മുഖം കാണിച്ച് അഭിനയിക്കണം എന്നു സംവിധായകൻ രഞ്ജിത്തിനോട് തുറന്നു പറഞ്ഞതിനെ തുടർന്ന്, രഞ്ജിത്ത് ആണ് ‘പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്’ എന്ന ചിത്രത്തിൽ ടിനിയ്ക്ക്രു ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം നൽകുന്നത്. അടുത്തിടെ പുറത്ത് ഇറങ്ങിയ രഞ്ജിത്ത് ചിത്രം ‘ഡ്രാമ’യിലും ശ്രദ്ധേയമായൊരു വേഷം കൈകാര്യം ചെയ്തിട്ടുണ്ട് ടിനി ടോം.

“മമ്മൂട്ടിയും മോഹൻലാലും രണ്ടു പുസ്തകങ്ങളാണ്. എന്റെ പ്രിയപ്പെട്ട നടൻ മോഹൻലാൽ ആണെങ്കിലും സിനിമ കഴിഞ്ഞാൽ തികഞ്ഞ കുടുംബസ്ഥനായ, ഒരുപാട് പേരെ മറ്റാരും അറിയാതെ സഹായിക്കുന്ന മമ്മൂട്ടിയെന്ന പുസ്തകമാണ് ഞാൻ പഠിച്ചത്”, ശിശുദിനത്തോട് അനുബന്ധിച്ച് മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ടിനി ടോം പറയുന്നു.

മമ്മൂട്ടിയ്ക്കൊപ്പം ടിനി ടോം

പുറമെ പരുക്കനും ഗൗരവക്കാരനുമാണെന്ന് തോന്നലുണ്ടാക്കുമെങ്കിലും അടുത്തറിയുന്നവരെയെല്ലാം സ്നേഹം കൊണ്ടും കരുതൽ കൊണ്ടും വിസ്മയിപ്പിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. അപ്രതീക്ഷിതമായി മമ്മൂട്ടിയിൽ നിന്നും ലഭിച്ച ഒരു സ്നേഹ സമ്മാനത്തെ കുറിച്ച് മുൻപൊരിക്കൽ ടിനി ടോം തന്നെ സംസാരിച്ചിരുന്നു.  മമ്മൂട്ടിയിൽ നിന്നും ലഭിച്ച അമൂല്യമായ ആ സമ്മാനത്തെ കുറിച്ച് ടിനി തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെ.

“പ്രാഞ്ചിയേട്ടനു ശേഷം ഒരു ദിവസം മമ്മൂക്ക എനിക്കൊരു ഷർട്ടും കണ്ണടയും ഗിഫ്റ്റായി തന്നു, അദ്ദേഹം ഉപയോഗിച്ചൊരു ഷർട്ട് തന്നെയായിരുന്നു​ അത്. ഇന്ന് എനിക്ക് അദ്ദേഹം വാട്സ്ആപ്പിൽ അയച്ചു തന്ന ഫോട്ടോ കണ്ട് ഞാൻ ഞെട്ടി. അദ്ദേഹം അതേ ഷർട്ട് ധരിച്ച് ലെജൻഡുകളായ ജയലളിത, രജനീകാന്ത്, ശ്രീദേവി തുടങ്ങിയവർക്കൊപ്പം നിൽക്കുന്ന ഒരു ഫോട്ടോ. ആ ഷർട്ടിന്റെ പ്രായം മനസ്സിലായോ എന്നു അദ്ദേഹം എന്നോട് ചോദിച്ചു. എത്ര മാത്രം അമൂല്യമായ, വിലമതിക്കാനാവാത്തൊരു സമ്മാനമാണ് അദ്ദേഹമെനിക്ക് തന്നതെന്ന് അപ്പോഴാണ് മനസ്സിലായത്. ഒരു വിന്റേജ് വിധി പോലെ ഞാൻ ആ ഷർട്ട് ഇപ്പോഴും സൂക്ഷിച്ചു വയ്ക്കുന്നു. എന്തൊരു​ അത്ഭുത മനുഷ്യനാണ് അദ്ദേഹം,” ടിനി ടോം കുറിച്ചു.

 

ഗൽഫിൽ മരിക്കുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ മുൻകയ്യെടുക്കുന്ന ഒരു മലയാളിയെക്കുറിച്ചുള്ള സിനിമയുടെ എഴുത്തിലാണ് ടിനി ടോം ഇപ്പോൾ. അതേസമയം, മുളിയൂരിലെ കാട്ടിനകത്താണ് ചിത്രീകരിച്ചകൊണ്ടിരിക്കുന്ന ‘ഉണ്ട’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് മമ്മൂട്ടി. ആക്ഷൻ കോമഡി എന്റർടെയിനർ ചിത്രമായ ‘ഉണ്ട’യിൽ സബ് ഇൻസ്‌പെക്ടർ മണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ