തിരുവനന്തപുരം: കുട്ടികള്‍ക്കായുളള രാജ്യാന്തര ചലച്ചിത്രമേള (ഐസിഎഫ്എഫ്‌കെ 2018) മെയ് 14 മുതല്‍ 20 വരെ നടക്കും. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പറേഷന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.

ടാഗോര്‍, കൈരളി, ശ്രീ, നിള, കലാഭവന്‍ എന്നീ അഞ്ച് തിയേറ്ററുകളിലാണ് ചലച്ചിത്രമേള നടക്കുക. ലോകോത്തര ചലച്ചിത്രങ്ങളടക്കം കുട്ടികള്‍ക്കായുളള 140 ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. അഞ്ച് തിയേറ്ററുകളില്‍ ദിവസേന നാലു പ്രദര്‍ശനങ്ങള്‍ വീതം ഒരു ദിവസം 20 ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും, വിദേശീയരും, തദ്ദേശീയരുമായ നാലായിരത്തിലധികം ഡെലിഗേറ്റുകള്‍ ചലച്ചിത്രമേളയില്‍ പങ്കെടുക്കും.

സംസ്ഥാനത്തെ ആദിവാസി മേഖലയില്‍ നിന്നുള്ള കുട്ടികള്‍ ഉള്‍പ്പെടെ 800ഓളം കുട്ടികളെ താമസിപ്പിച്ച് ചലച്ചിത്രമേള കാണുന്നതിന് സൗകര്യം ഒരുക്കും. സംസ്ഥാനത്തെ വിവിധ അനാഥാലയങ്ങളില്‍ കഴിയുന്ന അഞ്ഞൂറോളം കുട്ടികള്‍ക്കും ചലച്ചിത്രോത്സവം കാണാന്‍ അവസരം ഒരുക്കുന്നുണ്ട്.

കുട്ടികളുടെ വൈജ്ഞാനിക വൈകാരികതലങ്ങളെ സ്പര്‍ശിക്കുന്ന സിനിമകള്‍ക്ക് മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. അതിവൈകാരികതയും ദൃശ്യങ്ങളുടെ അതിഭാവികുത്വത്തിനുമപ്പുറം ഹൃദയ സ്പര്‍ശികളായ സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. സിനിമയെ നന്നായി മനസിലാക്കാനും ആവിഷ്‌കാര തലങ്ങള്‍ മനസിലാക്കാനും പഠിക്കാനും ആസ്വദിക്കാനും കഴിയുന്ന ചിത്രങ്ങളാണ് തിരഞ്ഞെടുത്തിട്ടുളളത്. കുട്ടികള്‍ക്ക് അന്യമാകുന്ന ഇത്തരം മേളകളെ അവരിലേയ്ക്ക് അടുപ്പിക്കാനുളള ബൃഹദ് സംരംഭമാണ് ഇതിലൂടെ നടപ്പിലാക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഒരു സ്ഥിരം വേദിയായി മേളയെ മാറ്റും.

ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി കൈരളി, ടാഗോര്‍ എന്നീ തിയേറ്ററുകളിലെ അങ്കണത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ഓപ്പണ്‍ ഫോറം സംഘടിപ്പിക്കും. കുട്ടികള്‍ക്ക് ചലച്ചിത്രത്തിന്റെ വിവിധ മേഖലകളെ പരിചയപ്പെടുത്തുന്നതിന് സ്ഥിരം വേദിയും ഒരുക്കും. ഇവിടെ കുട്ടികളുടെ സംശയങ്ങള്‍ക്ക് ചലച്ചിത്ര രംഗത്തെ പ്രഗദ്ഭര്‍ മറുപടി നല്‍കും. മുന്‍കാലങ്ങളില്‍ കേരളത്തില്‍ നിന്നും ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ബാലപ്രതിഭകളുടെ സംഗമം മേളയില്‍ ഒരുക്കും. മുഖ്യമന്ത്രി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, പ്രശസ്തരായ ചലച്ചിത്ര നടീനടന്മാര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ തുടങ്ങി പ്രമുഖര്‍ വിവിധ ദിവസങ്ങളിലെ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കും.

ഡെലിഗേറ്റ് പാസിനായി www.icffk.com എന്ന വെബ്‌സൈറ്റിലോ ശിശുക്ഷേമ സമിതിയുടെ തൈക്കാടുള്ള ഓഫീസില്‍ നേരിട്ടോ റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 150 രൂപയാണ് ഡെലിഗേറ്റ് പാസ്. രക്ഷകര്‍ത്താക്കള്‍ക്ക് കുട്ടികളോടൊപ്പം റജിസ്റ്റര്‍ ചെയ്യാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

ചലച്ചിത്രമേളയുടെ ഉദ്ഘാടനം മെയ് 15 ന് ഉച്ചയ്ക്ക് 12 ന് ടാഗോര്‍ തിയേറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ