ബോളിവുഡ് താരങ്ങൾക്കിടയിൽ ഏറെ താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് ആലിയ ഭട്ട് ഇന്ന്. നായകന്മാരില്ലാതെ പോലും ഒറ്റയ്ക്ക് ഒരു സിനിമയെ വിജയിപ്പിക്കാൻ കെൽപ്പുള്ള നായിക. ആലിയ ഭട്ടിന്റെ ഒരു പഴയ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. എട്ടു വയസുകാരിയായ ആലിയയോട് ഒരു ചാനൽ പരിപാടിയ്ക്കിടെ അവതാരകൻ ചോദിക്കുന്നു, വളരുമ്പോൾ ആരാകാനാണ് ആഗ്രഹം? എനിക്കൊരു നടിയാവണമെന്നാണ് ഉടനടി കുഞ്ഞു ആലിയയുടെ ഉത്തരം. സീ ടിവിയിലെ ഒരു പ്രോഗ്രാമിൽ നിന്നുള്ള വിഷ്വലുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.

സംവിധായകൻ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളായ ആലിയ ബാലതാരമായിട്ടാണ് ബോളിവുഡിലേക്കെത്തിയത്. 1999 ൽ പുറത്തിറങ്ങിയ ‘സംഘർഷ്’ എന്ന സിനിമയിൽ പ്രീതി സിന്റയുടെ ബാല്യകാലം അവതരിപ്പിച്ചു. 2012 ൽ പുറത്തിറങ്ങിയ ‘സ്റ്റുഡന്റ് ഓഫ് ദി ഇയർ’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ നായികയായുളള ആലിയയുടെ അരങ്ങേറ്റം. 2014 പുറത്തിറങ്ങിയ ‘ഹൈവേ’ ആണ് ആലിയയുടെ കരിയറിൽ വഴിത്തിരിവായത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുളള ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡ് ലഭിച്ചു. പിന്നീടിങ്ങോട്ട് ഉട്താ പഞ്ചാബ് (2016), ഡിയർ സിന്ദഗി (2016), റാസി (2018), ഗല്ലി ബോയ് (2019) തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ആലിയ പ്രേഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

ആലിയയുടെയും രൺബീർ കപൂറിന്റെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ബോളിവുഡ്. 2018 മുതൽ രൺബീറും ആലിയയും ഡേറ്റിങ്ങിലാണെന്നാണ് വിവരം. ഇരുവരും പല പൊതുപരിപാടികൾക്കും ഒരുമിച്ചാണ് എത്തിയിരുന്നത്. ഇതിനുപിന്നാലെ ഇരുവരുടെയും വിവാഹ വാർത്തകളും പരക്കാൻ തുടങ്ങി. ഈ വർഷം തന്നെ ഇരുവരുടെയും വിവാഹമുണ്ടാകുമെന്ന റിപ്പോർട്ടുകളും മുൻപു പുറത്തുവന്നിരുന്നു.

Read more: ലോക്ക്ഡൗൺ ദിനങ്ങളിൽ രൺബീറിനൊപ്പം സമയം ചെലവിട്ട് ആലിയ; വൈറലായി വീഡിയോ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook