താരങ്ങളുടെയും സെലിബ്രിറ്റികളുടെയുമെല്ലാം കുട്ടിക്കാല ചിത്രങ്ങളും സ്ക്രീനിന് അപ്പുറത്തെ അവരുടെ വിശേഷങ്ങളുമെല്ലാം അറിയാൻ ആരാധകർക്ക് താൽപ്പര്യമാണ്. താരങ്ങളും സമയം കിട്ടുമ്പോഴൊക്കെ ജീവിതത്തിലെ വിശേഷങ്ങളും പഴയകാല ഓർമചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. നടൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട വിഷ്ണു ഉണ്ണികൃഷ്ണന്റെ ബാല്യകാലചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Read more: ആദ്യത്തെ കൺമണി; അച്ഛനായ സന്തോഷം പങ്കുവച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ

വിഷ്ണു തന്നെയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. “ആ ചെറുത് ഞാൻ ആണേ. എന്റെ ആദ്യത്തെ പ്രൊഫഷണൽ സ്റ്റേജ് ഷോ. കൂട്ടുകാർക്കൊപ്പം ചെരാത്രികോവിൽ അമ്പലത്തിൽ നടത്തിയ മിമിക്സ് പരേഡ്,” ചിത്രം പങ്കുവച്ചുകൊണ്ട് വിഷ്ണു കുറിക്കുന്നു.

ബാലനടനായി എത്തിയ വിഷ്ണു ‘അമര്‍ അക്ബര്‍ അന്തോണി’ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി മാറുകയായിരുന്നു. പിന്നീട് ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’, ‘ഒരു യമണ്ടന്‍ പ്രേമകഥ’ തുടങ്ങിയ ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കി.’കട്ടപ്പനയിലെ ഋത്വിക് റോഷന്‍’, ‘വികടകുമാരന്‍’, ‘നിത്യഹരിതനായകന്‍’ തുടങ്ങിയ ചിത്രങ്ങളില്‍ നായകനായും അഭിനയിച്ചിരുന്നു. മോഹന്‍ലാലിനെ നായകനാക്കി സംവിധായകൻ സിദ്ദിഖ് ഒരുക്കിയ ‘ബിഗ് ബ്രദര്‍’ എന്ന ചിത്രത്തിലും അടുത്തിടെ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹം. അടുത്തിടെ തനിക്കും ഭാര്യ ഐശ്വര്യയ്ക്കും ഒരു ആൺകുഞ്ഞ് പിറന്ന വിശേഷവും വിഷ്ണു പങ്കുവച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് വിഷ്ണു കുഞ്ഞിന്റെ ഫോട്ടോ പങ്കു വച്ചത്.

“ഒരു ആൺകുട്ടിയും ഒരു അമ്മയും ഒരു അച്ഛനും പിറവി കൊണ്ടിരിക്കുന്നു. ഇത്രയധികം വേദനയിലൂടെയും സമ്മർദ്ദത്തിലൂടെയും കടന്നു പോകാൻ മനസ് കാണിച്ചതിന് നന്ദി, എന്റെ പ്രിയപ്പെട്ടവളേ,” എന്ന് കുറിച്ചുകൊണ്ടാണ് വിഷ്ണു മകനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്.

നേരത്തേ കുഞ്ഞ് ജനിക്കാൻ പോകുന്ന വിവരവും വിഷ്ണു സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഭാര്യയോടൊപ്പമുള്ള ചിത്രം പങ്കുവച്ച്, ഞങ്ങൾ മൂന്നുപേരും എന്നെഴുതിക്കൊണ്ടാണ് വിഷ്ണു ആ സന്തോഷ വാർത്ത എല്ലാവരേയും അറിയിച്ചത്.

Read more: വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹചിത്രങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook