സെലബ്രിറ്റികളുടെ കുട്ടിക്കാലചിത്രങ്ങൾ എന്നും ആരാധകർക്ക് കൗതുകമാണ്. ഗായിക ശ്രേയാ ഘോഷാൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ​ ശ്രദ്ധ നേടുന്നത്. രക്ഷാബന്ധൻ ദിനത്തിലാണ് സഹോദരനൊപ്പം നിൽക്കുന്ന കുട്ടിക്കാലത്തുനിന്നുള്ള ഏതാനും ചിത്രങ്ങൾ ശ്രേയ പങ്കുവച്ചിരിക്കുന്നത്.

ശബ്ദ മാധുര്യം കൊണ്ട് ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ പാട്ടുകാരിയാണ് ശ്രേയാ ഘോഷാല്‍. ഭാഷയുടെ, രാജ്യത്തിന്‍റെ അതിരുകള്‍ വിട്ടു സംഗീതത്തിന്റെ വിശാലമായി ലോകത്ത് നക്ഷത്രമായി തിളങ്ങുന്ന ഗായികയാണ് ശ്രേയ. ഭാഷയുടെ അതിര്‍ത്തികളില്ലാതെ എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഗായിക.

മമ്മൂട്ടി-അമല്‍ നീരദ് ടീമിന്റെ ‘ബിഗ് ബി’യിലെ ‘വിട പറയുകയാണോ’ എന്ന ഗാനം പാടിക്കൊണ്ട് അരങ്ങേറ്റം കുറിച്ച ശ്രേയ ഇന്ന് മലയാളത്തില്‍ ഒഴിച്ചു കൂടാനാവാത്ത സംഗീത സാന്നിധ്യമാണ്. തന്റെ മാതൃഭാഷ അല്ലാതിരുന്നിട്ടു പോലും തികഞ്ഞ ഉച്ചാരണ ശുദ്ധിയോടെ മലയാളം ഗാനങ്ങള്‍ ആലപിക്കുന്ന ശ്രേയ, സംഗീത സംവിധായകര്‍ക്കും ശ്രോതാക്കള്‍ക്കുമെല്ലാം എന്നുമൊരു കൗതുകമാണ്. പാടുന്ന ഓരോ വരികളുടെയും അര്‍ത്ഥം മനസ്സിലാക്കി, അനുഭവ തീവ്രതയോടെ പാടി ഫലിപ്പിക്കുന്ന അര്‍പ്പണമനോഭാവം ശ്രേയയെ പകരക്കാരില്ലാത്ത ശബ്ദമാധുര്യമാക്കി മാറ്റുന്നു.

മലയാളത്തിലോ ഹിന്ദിയിലോ ബംഗാളിയിലോ ഒതുങ്ങുന്നതല്ല ശ്രേയയുടെ സംഗീത ലോകം. ഉര്‍ദു, ആസാമീസ്, ഭോജ്പുരി, കന്നഡ, ഒഡിയ, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി പന്ത്രണ്ടോളം ഭാഷകളില്‍ ശ്രേയ ഗാനങ്ങള്‍ ആലപിക്കുന്നു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നാലു തവണ ലഭിച്ചിട്ടുണ്ട്.

പശ്ചിമ ബംഗാളിലെ മൂർഷിദാബാദിലാണ് ശ്രേയയുടെ ജനനമെങ്കിലും കുട്ടിക്കാലം ചെലവഴിച്ചത് രാജസ്ഥാനിലെ കോട്ടയ്ക്കു സമീപമുള്ള റാവത്ത്ഭട്ട എന്ന ചെറുപട്ടണത്തിലായിരുന്നു. നാലു വയസ്സു മുതൽ സംഗീതം പഠിച്ചു തുടങ്ങിയ ശ്രേയ ഘോഷാൽ എന്ന പ്രതിഭയെ ബോളിവുഡിന് പരിചയപ്പെടുത്തുന്നതും കണ്ടെടുക്കുന്നതും സംവിധായകന്‍ സഞ്ജയ് ലീലാ ബൻസാലിയാണ്. 16-ാം വയസ്സിൽ ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കുമ്പോഴാണ് ശ്രേയയെന്ന പ്രതിഭ ബൻസാലിയുടെ ശ്രദ്ധയിൽ പെടുന്നത്. ‘ദേവദാസ്’ (2002) എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രേയയുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റം.

Read more: മലയാളം നെഞ്ചോട്‌ ചേര്‍ത്ത ബംഗാളി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook