താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങൾ ആരാധകർക്ക് എന്നും ആവേശമാണ്. യുവനടന്മാരിൽ ശ്രദ്ധേയനായ ടൊവിനോ തോമസിന്റെ കുട്ടിക്കാലത്തു നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. അഡ്വ.ഇല്ലിക്കൽ തോമസിന്റെയും ഷീല തോമസിന്റെയും ഇളയ മകനായി ഇരിങ്ങാലക്കുടയിൽ ജനിച്ച ടൊവിനോ എഞ്ചിനീയറിംഗ് രംഗത്തുനിന്നുമാണ് സിനിമയിലെത്തുന്നത്. മോഡലിംഗിലും അഭിനയത്തിലുമെല്ലാം താൽപ്പര്യമുള്ള ടൊവിനോ സോഫ്റ്റ് വെയർ ജോലി ഉപേക്ഷിച്ചാണ് സിനിമയിലേക്ക് വരുന്നത്.
Read more: പ്രശസ്തനായ ഭർത്താവിന്റെ അതിപ്രശസ്തയായ ഭാര്യ, ഈ താരത്തെ മനസ്സിലായോ?
2012-ൽ സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത ‘പ്രഭുവിന്റെ മക്കൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു ടൊവിനോയുടെ സിനിമാ അരങ്ങേറ്റം. ചെറിയ ചെറിയ വേഷങ്ങളിലൂടെ എത്തി നിരന്തരപരിശ്രമത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും നായകസ്ഥാനത്തേക്ക് ഉയരുകയും സ്വന്തമായൊരു മേൽവിലാസം ഉണ്ടാക്കിയെടുക്കുകയും ചെയ്ത താരമാണ് ടൊവിനോ.
Read more: സിനിമയിലെത്തിയിട്ടും പേര് മാറ്റാത്തതിനു കാരണമുണ്ട്; ടൊവിനോ
മലയാള സിനിമയിൽ അപൂർവ്വമായൊരു സൗഹൃദം സൂക്ഷിക്കുന്ന നടന്മാരാണ് പൃഥ്വിരാജും ടൊവിനോ തോമസും. തന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ചിത്രമാണ് ‘എന്ന് നിന്റെ മൊയ്തീൻ’ എന്നും തന്റെ കരിയറിൽ ഒരു ബ്രേക്കിന് കാരണക്കാരനായത് പൃഥ്വിരാജ് ആണെന്നും ഒരിക്കൽ ടൊവിനോ പറഞ്ഞിരുന്നു.
ടൊവിനോയുമായുള്ള ബന്ധത്തെ കുറിച്ച് സൂര്യ ടിവി സംപ്രേക്ഷണം ചെയ്ത ‘മധുര 18ൽ പൃഥ്വി’ എന്ന പരിപാടിയ്ക്കിടെ പൃഥ്വിരാജ് പറഞ്ഞതിങ്ങനെ: “ഒരു സിനിമാക്കഥ പോലെയാണ് അത്. സെവൻത് ഡേ’ എന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് നടക്കുകയാണ്. ആദ്യം ആ സിനിമയിൽ ടൊവിനോയെ പ്ലാൻ ചെയ്തിരുന്നില്ല, മറ്റൊരു നടനാണ് ആ വേഷം ചെയ്യേണ്ടിയിരുന്നത്. എന്റെ സുഹൃത്താണ് ആ നടനും. എല്ലാം തീരുമാനിച്ച് ഷൂട്ട് തുടങ്ങാറായപ്പോൾ ആ നടൻ വന്നു പറഞ്ഞു, ചേട്ടാ… എനിക്കൊരു വലിയ തമിഴ് സിനിമയിൽ അവസരം ലഭിച്ചിട്ടുണ്ടെന്ന്. “ഓകെ, സാരമില്ല, ഇത് ഞാൻ കൈകാര്യം ചെയ്തോളാം എന്നു പറഞ്ഞ് ആ കഥാപാത്രത്തിന് പകരക്കാരനായി മറ്റൊരാളെ അന്വേഷിക്കാൻ തുടങ്ങി. അങ്ങനെയാണ് ‘എബിസിഡി’യിൽ വില്ലനായി അഭിനയിച്ച ഒരാളുണ്ട് എന്നറിയുന്നത്. അതൊന്നു കണ്ടുനോക്കാം എന്നു കരുതി. ഞാൻ ‘എബിസിഡി’ കാണുന്നത് ശരിക്കും ടൊവിനോയെ കാണാൻ വേണ്ടിയാണ്.”
“സെവൻത് ഡേയിൽ ടൊവിനോ കാസ്റ്റ് ചെയ്യപ്പെട്ടു എന്നതുമാത്രമാണ് ഭാഗ്യം. അവിടം മുതൽ ഇവിടെ വരെ ബാക്കിയെല്ലാം ഇവന്റെ കഴിവും കഷ്ടപ്പാടുമാണ്. ‘സെവൻത് ഡേ’യിൽ ഇവൻ ചളമായിരുന്നെങ്കിൽ ഞാനിവനെ മൊയ്തീനിൽ വിളിക്കില്ല. മൊയ്തീനിൽ മോശമായിരുന്നെങ്കിൽ ആ സിനിമ കൊണ്ട് ഇവന് ലൈഫിൽ ഒരു ഗുണവും ഉണ്ടാവുമായിരുന്നില്ല,” ടൊവിനോയുടെ കഠിനാധ്വാനത്തെ പ്രശംസിച്ചുകൊണ്ട് പൃഥ്വി പറഞ്ഞു.
സ്കൂൾ കാലം മുതൽ തന്റെ സുഹൃത്തായിരുന്ന ലിഡിയയെ ആണ് ടൊവിനോ വിവാഹം കഴിച്ചിത്. 2014 ഒക്ടോബർ 25നായിരുന്നു ഇരുവരുടെയും വിവാഹം. ഇവർക്ക് ഇസ എന്നൊരു മകളും തഹാൻ എന്നൊരു മകനുമാണ് ഉള്ളത്. ലോക്ക്ഡൗണിനിടെ 2020 ജൂൺ ആറിനാണ് ടൊവിനോയുടെയും ലിഡിയയുടെയും ജീവിതത്തിലേക്ക് തഹാൻ എത്തുന്നത്.
Read more: ഇങ്ങനെ സിമ്പിൾ ഡ്രസ്സ് ധരിക്കുന്നവരെ പെൺകുട്ടികൾക്ക് ഇഷ്ടമല്ലേ? ടൊവിനോ ചോദിക്കുന്നു