കൗമാരക്കാലത്തെ ഒരോർമ പങ്കുവയ്ക്കുകയാണ് നടിയും അവതാരകയും ഫാഷൻ ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്ത്. തന്റെ മുത്തച്ഛന് ഒപ്പമിരിക്കുന്ന ഒരു ചിത്രവും കുറിപ്പുമാണ് താരം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്.
“താത്ത (മുത്തശ്ശൻ), എന്റെ ഏറ്റവും പ്രിയപ്പെട്ട ആൾക്കൊപ്പം നിൽക്കുന്നത് പതിമൂന്നു വയസുകാരിയായ ഞാനാണ്. 26 വർഷമായി അദ്ദേഹം ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട്, എന്നെന്നും ഓർക്കാനുള്ള ഓർമകൾ… വളരെ വികൃതിയായ കുട്ടിയായിരുന്നു ഞാൻ, അദ്ദേഹമായിരുന്നു എന്റെ വികൃതികൾക്ക് കൂട്ട്. എന്റെ കുട്ടിക്കാലമെനിക്ക് മിസ് ചെയ്യുന്നു, അദ്ദേഹത്തെ മിസ് ചെയ്യുന്നു,” പൂർണിമ കുറിക്കുന്നതിങ്ങനെ. മുത്തച്ഛന്റെ 26-ാം ചരമവാർഷികദിനത്തിലാണ് പൂർണിമയുടെ ഈ ഹൃദയ സ്പർശിയായ കുറിപ്പ്.
ടെലിവിഷൻ, ടോക്ക് ഷോ അവതാരകയിൽ നിന്നും അഭിനയത്തിലേക്ക് എത്തിച്ചേർന്ന താരമാണ് പൂർണിമ. ദിലീപിനൊപ്പമുള്ള ‘വർണ്ണക്കാഴ്ചകളാ’ണ് ആദ്യം അഭിനയിച്ച ചിത്രം. ‘മേഘമൽഹാർ’ എന്ന ചിത്രത്തിൽ മികച്ച സഹനടിക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.
ചെറുപ്പത്തിലേ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കഥകളിപ്പാട്ട്, വീണ എന്നിവ അഭ്യസിച്ചു. മോഹിനിയാട്ടത്തിന് നാച്ചുറൽ ടാലന്റ് സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്. വർണ്ണക്കാഴ്ച, രണ്ടാം ഭാവം, വല്യേട്ടൻ, മേഘമൽഹാർ, ഡാനി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ടെലിവിഷനിൽ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ വ്യക്തിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. അടുത്തിടെയാണ് മികച്ച ബിസിനസ് സംരംഭകയ്ക്കുളള പുരസ്കാരം പൂര്‍ണിമ ഇന്ദ്രജിത്തിന് ലഭിച്ചത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍, പാശ്ചാത്യ ട്രെൻഡിനൊപ്പം തന്നെ കേരള കൈത്തറിയിലും ശ്രദ്ധ പതിപ്പിച്ചുകൊണ്ടായിരുന്നു പ്രാണയുടെ പ്രവർത്തനങ്ങൾ. പ്രളയസമയത്ത് ദുരിതത്തിലകപ്പെട്ട നെയ്ത്തുകാരെ പുനരുജ്ജീവിപ്പിക്കാന്‍ ‘സേവ് ദി ലൂം’ എന്ന കൂട്ടായ്മയും പൂർണിമ രൂപീകരിച്ചിരുന്നു.
Read more: ഞാൻ പ്രതീക്ഷിച്ചതിലധികം അതെന്റെ ജീവിതം മാറ്റി മറിച്ചു; പൂർണിമ പറയുന്നു