സിനിമാ താരങ്ങളുടെ സിനിമയ്ക്ക് പുറത്തെ വിശേഷങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അമര്‍ അക്ബര്‍ അന്തോണിയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച മീനാക്ഷിയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്.

മീനാക്ഷി അഭിനയിക്കുന്ന പുതിയ ചിത്രമായ ‘മോഹന്‍ലാലിന്റെ’ പ്രചരണാര്‍ത്ഥം കാറോടിക്കുന്ന മീനാക്ഷിയുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. മോഹന്‍ലാല്‍ ചിത്രമായ രാജാവിന്റെ മകനില്‍ അദ്ദേഹത്തിന്റെ ഫോണ്‍ നമ്പറിലുള്ള കാറോടിച്ചാണ് മീനാക്ഷി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.

മരങ്ങള്‍ക്കിടയിലുള്ള വഴിയിലൂടെ കാറോടിച്ച് വരുന്ന മീനാക്ഷി കാറില്‍ നിന്നും ഇറങ്ങി മോഹന്‍ലാല്‍ സ്‌റ്റൈലില്‍ ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിലെ ഡയലോഗ് പറയുന്നതാണ് വീഡിയോ. സംഗതി ചിത്രത്തിന്റെ പ്രെമോഷനാണ് ഉദ്ദേശിച്ചതെങ്കിലും സംഭവിച്ചത് നേരെ തിരിച്ചാണ്. പന്ത്രണ്ട് വയസുമാത്രമുള്ള മീനാക്ഷി കാറോടിച്ചത് നിയമലംഘനമാണെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്.

താരങ്ങള്‍ നിയമലംഘനം നടത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കുട്ടിയെ കൊണ്ട് കാറോടിപ്പിച്ചത് ഉത്തരവാദിത്വമില്ലായ്മയാണെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. വീഡിയോയ്‌ക്കെതിരെ നിരവധി പേരാണ് കമന്റിലൂടെ രംഗത്തെത്തിയിരിക്കുന്നത്. റോഡ് നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണെന്നും സോഷ്യല്‍ മീഡിയ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ