“ഒരിക്കൽ രാജുമോൻ എന്നോട് ചോദിച്ചു, അങ്കിളിന്റെ ഫാദര്‍ ആരാണെന്ന്,ഞാന്‍ പറഞ്ഞു ഒരു രാജാവാണെന്ന്,കിരീടവും ചെങ്കോലും സിംഹാസനവുമുള്ള ഒരു രാജാവ്,പിന്നീട് എന്നെ കാണുമ്പോള്‍ അവന് കളിയാക്കി വിളിക്കുമായിരുന്നു, പ്രിന്‍സ്, രാജകുമാരന്, രാജാവിന്റെ മകന്. യെസ് ഐ ആം എ പ്രിൻസ്, അധോലോകങ്ങളുടെ രാജകുമാരന്,” രാജാവിന്റെ മകനിലെ മോഹൻലാലിന്റെ ഈ ഡയലോഗ് നല്ലൊരു ശതമാനം സിനിമാപ്രേമികൾക്കും ചിരപരിചിതമാണ്, രാജുമോൻ എന്ന പേരും. രാജാവിന്റെ മകനിലെ രാജുമോൻ എന്ന കഥാപാത്രമായെത്തിയത് മാസ്റ്റർ പ്രശോഭ് ആയിരുന്നു.
കാറ്റത്തെ കിളിക്കൂട് എന്ന സിനിമയിലൂടെ ആയിരുന്നു മാസ്റ്റർ പ്രശോഭ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് പാസ്പോർട്ട്,ആൾക്കൂട്ടത്തിൽ തനിയെ, രാജാവിൻറെ മകൻ, ആൾക്കൂട്ടത്തിൽ തനിയേ, അനുബന്ധം,കാതോടു കാതോരം ,ഉണ്ണികളേ ഒരു കഥ പറയാം തുടങ്ങി എൺപതുകളിൽ ഇറങ്ങിയ 20 ഓളം ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു. ‘ആൾക്കൂട്ടത്തിൽ തനിയെ’ എന്ന ചിത്രത്തിലെ അഭിനയത്തിനു 1984-ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും പ്രശോഭിനു ലഭിച്ചു.
കോഴിക്കോട് ജില്ലയിലെ കോട്ടൂളി സ്വദേശിയാണ് പ്രശോഭ്. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിൽ ഏറെ താൽപ്പര്യമുള്ള പ്രശോഭ് ഒരു ബിസിനസ്സുകാരൻ കൂടിയാണ്. സംസ്ഥാന വനം – വന്യജീവി വകുപ്പിന്റെ ഫോട്ടോഗ്രഫി അവാർഡും പ്രശോഭിനെ തേടിയെത്തിയിരുന്നു. ബാങ്ക് ജീവനക്കാരിയായ അനുരാധയാണ് ഭാര്യ.
പ്രശോഭിന്റെ അച്ഛന്റെ ബന്ധുവായ ബാലന് കെ നായരാണ് സിനിമയുടെ ലോകത്ത് എത്തിച്ചേരാൻ പ്രശോഭിനു നിമിത്തമായത്. ബാലൻ കെ നായർ നിർദ്ദേശിച്ചിട്ടാണ് ഭരതന്റെ ‘കാറ്റത്തെ കിളിക്കൂട്’ എന്ന ചിത്രത്തിൽ പ്രശോഭ് അഭിനയിച്ചത്. കോഴിക്കോട് ദേവഗിരി സെയിന്റ് ജോസഫ്സ് കോളേജില്‍ നിന്ന് എം കോം പാസ്സായ പ്രശോഭ് കുറച്ചുനാൾ ബാങ്ക് ഉദ്യോഗസ്ഥനായും ജോലി ചെയ്തിരുന്നു.