scorecardresearch

ആദ്യം ബാലതാരമായി, പിന്നെ നായികയായി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
actress-child-kavya-geethu mohandas, meena, anju

ബാലതാരങ്ങളായി വന്ന് പ്രേക്ഷകരുടെ മനം കവര്‍ന്ന ഒരു കൂട്ടം പേരുണ്ട്. ഇവരില്‍ പലരും പിന്നീട് സിനിമയിലേക്കു തന്നെ തിരിച്ചെത്തി തങ്ങളുടെ സ്ഥാനം നേടിയെടുത്തവരുമാണ്. എന്നാല്‍ മലയാളത്തിലെ പ്രമുഖനടന്മാരുടെ കൂടെ ബാലതാരമായി അഭിനയിച്ച് പിന്നീട് അവരുടെ തന്നെ നായികമാരായി മാറിയ അഭിനേത്രികളുമുണ്ട്.

Advertisment

മീന- മോഹന്‍ലാല്‍, മമ്മുട്ടി

actress-child-meena

തെന്നിന്ത്യയിലെ പ്രിയതാരം മീനയും ബാലതാരമായാണു സിനിമയിലെത്തുന്നത്. മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം ബാലതാരമായും നായികയായും അഭിനയിച്ച നടിയാണ് മീന. ഒരു കൊച്ചുകഥ ആരും പറയാത്തകഥ (1984) എന്ന ചിത്രത്തില്‍ മമ്മുട്ടിയുടെ മകള്‍ക്ക് തുല്യമായ വേഷമാണ് മീന ചെയ്തത്. മമ്മുട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പഴയ കാമുകിയുടെ മകളുടെ വേഷം. 2001 ല്‍ പുറത്തിറങ്ങിയ രാക്ഷസരാജാവ് എന്ന ചിത്രത്തില്‍ മീന, മമ്മുട്ടിയുടെ നായികയുമായി.

മോഹന്‍ലാലിനൊപ്പവും ബാലതാരമായും പിന്നീട് നായികയായും മീന അഭിനയിച്ചിട്ടുണ്ട്. മനസ്സറിയാതെ (1984) എന്ന ചിത്രത്തില്‍ മിനിമോള്‍ എന്ന ബാലതാരമായി മോഹന്‍ലാലിനൊപ്പം അഭിനയിച്ചു. പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം നിരവധി ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ ഭാര്യയായും കാമുകിയായും അഭിനയിച്ചു. ഒളിമ്പ്യന്‍ അന്തോണി ആദം (1999), മിസ്റ്റര്‍ ബ്രഹ്മചാരി (2003), നാട്ടുരാജാവ് (2004), ഉദയനാണ് താരം (2005), ചന്ദ്രോത്സവം (2005), ദൃശ്യം (2013), മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ (2016) തുടങ്ങി വലിയൊരു നിരതന്നെയുണ്ട്.

ഗീതു മോഹന്‍ദാസ് - മോഹന്‍ലാല്‍

actress-child-kavya-geethu mohandas

അഭിനയ ജീവിതത്തിന്റെ തുടക്കം മോഹന്‍ലാലിനൊപ്പം ബാലതാരമായിട്ട്. ശേഷം സിനിമയില്‍ നിന്ന് ചെറിയൊരിടവേള. പിന്നീടുള്ള തിരിച്ചു വരവില്‍ മോഹന്‍ലാലിന്റെ നായിക. പറയുന്നത് ചുരുക്കം ചില ചിത്രങ്ങള്‍ കൊണ്ട് മലയാളികളുടെ മനസ്സിലിടം നേടിയ താരം ഗീതു മോഹന്‍ദാസിനെ കുറിച്ചാണ്. ഗീതുവിനെ നമ്മള്‍ ആദ്യം കാണുന്നത് ദീപമോള്‍ എന്ന ബാലതാരമായാണ്. രഘുനാഥ് പലേരി ചിത്രം ഒന്നു മുതല്‍ പൂജ്യം വരെയില്‍ (1986). പിന്നീട് 2000 ല്‍ പുറത്തിറങ്ങിയ ഫാസില്‍ ചിത്രം ലൈഫ് ഈസ് ബ്യൂട്ടിഫുള്ളില്‍ മോഹന്‍ലാലിന്റെ നായികാതുല്യമുള്ള കഥാപാത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചെത്തി. വിനയചന്ദ്രനെന്ന മോഹന്‍ലാല്‍ കഥാപാത്രത്തെ പ്രണയിക്കുന്ന ബാലയെന്ന കഥാപാത്രത്തെയാണ് ഗീതു ഇതില്‍ അവതരിപ്പിച്ചത്.

Advertisment

കാവ്യമാധവന്‍-മമ്മൂട്ടി

actress-child-kavya-madhavan

മലയാളികളുടെ എക്കാലത്തെയും പ്രിയനായികയാണ് കാവ്യാമാധവന്‍. പൂക്കാലം വരവായി (1991) എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണു കാവ്യ സിനിമയില്‍ ഹരിശ്രീ കുറിച്ചത്. മമ്മൂട്ടിയെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത അഴകിയ രാവണന്‍ (1996) എന്ന സിനിമയില്‍ നായികയുടെ കുട്ടിക്കാലമഭിനയിച്ച കാവ്യയെ മലയാളികള്‍ ഏറെ ഇഷ്ടപ്പെട്ടു. ജോണി ആന്റണി ചിത്രം പട്ടണത്തില്‍ ഭൂതത്തില്‍ കാവ്യ മമ്മൂട്ടിയുടെ നായികയുമായി.

അഞ്ജു- മമ്മുട്ടി, മോഹന്‍ലാല്‍

actress-child-anju

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം ബാലതാരമായും നായികയായും അഭിനയിച്ച മറ്റൊരു നടി അഞ്ജുവാണ്. മമ്മൂട്ടിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ആ രാത്രി (1983)യില്‍ മിനിക്കുട്ടിയെന്ന ബാലതാരമായി അഭിനയിച്ചു. തുടര്‍ന്ന് ഒന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറം ജോഷി തന്നെ അഞ്ജുവിനെ മമ്മൂട്ടിയുടെ നായികയാക്കി. 1992 ല്‍ പുറത്തിറങ്ങിയ കൗരവര്‍ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായി അഞ്ജു വെള്ളിത്തിരയിലെത്തി.

മോഹന്‍ലാലിന്റെ കൂടെയും അഞ്ജു അഭിനയിച്ചിട്ടുണ്ട്. ബാലതാരമായും നായികയായും. ഭരതന്‍ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂടിലാണ്(1983) അഞ്ജു ബാലതാരമായെത്തുന്നത്. മോഹന്‍ലാലാണ് ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തത്. തുടര്‍ന്ന് ഭരതന്‍ സംവിധാനം ചെയ്ത താഴ്‌വാരം (1990) ചിത്രത്തില്‍ അഞ്ജു മോഹന്‍ലാലിന്റെ നായികയായി. പ്രിയദര്‍ശന്‍ ചിത്രം മിന്നാരത്തിലും (1994) നായികാപ്രാധാന്യമുള്ള വേഷം ചെയ്തു.

സനുഷ- ദിലീപ്

actress-child-sanusha

മലയാളികളുടെ ഇഷ്ടബാലതാരമായിരുന്നു സനുഷ. കല്ലു കൊണ്ടൊരു പെണ്ണില്‍ (1998) ബാലതാരമായിട്ടായിരുന്നു സനുഷയുടെ അഭിനയപ്രവേശം. മലയാളികളുടെ ജനപ്രിയതാരം ദിലീപിനൊപ്പം ബാലതാരമായും നായികയായും അഭിനയിച്ചൊരു നായിക സനുഷയാണ്. ഈ പറക്കും തളിക (2001), മീശമാധവന്‍ (2002) എന്നീ ദിലീപ് ചിത്രങ്ങളില്‍ നായികമാരുടെ കുട്ടിക്കാലം അവതരിപ്പിച്ചത് കുഞ്ഞു സനുഷയായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം സന്ധ്യ മോഹന്‍ സംവിധാനം ചെയ്ത മിസ്റ്റര്‍ മരുമകന്‍(2012) എന്ന ചിത്രത്തിലൂടെ ദിലീപിന്റെ തന്നെ നായികയായി വെള്ളിത്തിരയിലെത്തി.

Malayalam Films Geethu Mohandas Meena Kavya Madhavan Sanusha Film

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: