വില്ലന്‍ വേഷങ്ങള്‍ക്ക് പുതുമാനം നല്‍കിയ കലാകാരന്‍: ക്യാപ്റ്റന്‍ രാജുവിനെക്കുറിച്ച് പിണറായി വിജയന്‍

ക്യാപ്റ്റന്‍ രാജുവിന്റെ നിര്യാണം ചലച്ചിത്ര ലോകത്തിന് വലിയ നഷ്ടമാണ് എന്ന് പിണറായി വിജയന്‍

Chief Minister Pinarayi Vijayan condoles death of actor Captain Raju
Chief Minister Pinarayi Vijayan condoles death of actor Captain Raju

അന്തരിച്ച അഭിനേതാവ് ക്യാപ്റ്റന്‍ രാജുവിന് ആദരാഞ്ജലികള്‍ അർപ്പിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ സ്വകാര്യ ഫെയ്സ്ബുക്ക്‌ ഹാന്‍ഡിലിലൂടെയാണ് പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തിയത്.

“നടൻ ക്യാപ്റ്റൻ രാജുവിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. വില്ലൻ വേഷങ്ങൾക്ക് പുതുമാനം നൽകിയ കലാകാരനായിരുന്നു അദ്ദേഹം. വിവിധ ഭാഷകളിലായി 500 ലധികം സിനിമകളിൽ അഭിനയിച്ച ക്യാപ്റ്റൻ രാജു സ്വഭാവനടനായും തിളങ്ങിയിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം ചലച്ചിത്ര ലോകത്തിന് വലിയ നഷ്ടമാണ്”.

കൊച്ചി പാലാരിവട്ടത്ത് ആലിൻചുവട്ടിലെ വസതിയിൽ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മസ്‌തിഷ്കാഘാതത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. 68 വയസായിരുന്നു.

മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട, ഇംഗ്ലിഷ് ഭാഷകളിലായി അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ക്യാപ്റ്റൻ രാജു.  സംവിധായകൻ, സീരിയൽ നടൻ തുടങ്ങിയ നിലകളിലും പ്രേക്ഷകർക്കു പരിചിതനാണ്.

1981ൽ പുറത്തിറങ്ങിയ ‘രക്തം’ ആണ് ക്യാപ്റ്റൻ രാജു അഭിനയിച്ച ആദ്യ ചിത്രം. രതിലയം, ആവനാഴി, ഓഗസ്റ്റ് ഒന്ന്, നാടോടിക്കാറ്റ്, കാബൂളിവാല, സിഎഡി മൂസ, പഴശ്ശിരാജ, മുംബൈ പൊലീസ് തുടങ്ങി പിന്നീടിങ്ങോട്ട് നിരവധി ചിത്രങ്ങളിൽ ക്യാപ്റ്റൻ രാജു ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.  2017 ൽ പുറത്തിറങ്ങിയ ‘മാസ്റ്റർപീസ്’ എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പമാണ് അദ്ദേഹം ഒടുവിൽ അഭിനയിച്ചത്. ‘ഇതാ ഒരു സ്നേഹ ഗാഥ’, ‘മിസ്റ്റർ പവനായി 99.99’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

Read More: നടൻ ക്യാപ്റ്റൻ രാജു അന്തരിച്ചു; സംസ്‌കാരം പിന്നീട്

മലയാള സിനിമയുടെ ‘ക്യാപ്റ്റൻ’ യാത്ര പറയുമ്പോൾ, അഭിനയ പ്രതിഭയുടെയും വ്യക്തിത്വത്തിന്റെയും അച്ചടക്കത്തിന്റെയും സൗഹൃദ ബന്ധങ്ങളുടെയും ആകെത്തുക എന്നു വിശേഷിപ്പിക്കാവുന്ന അപൂർവ്വ വ്യക്തിത്വം കൂടിയാണ് മറയുന്നത്.  പരുക്കൻ വില്ലൻ റോളുകളിലൂടെ സിനിമാ രംഗത്തെത്തി, പിന്നീട് സ്വഭാവ വേഷങ്ങളിലൂടെയും ഹാസ്യവേഷങ്ങളിലൂടെയും മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ക്യാപ്റ്റൻ രാജു പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരിൽ ആണ് ജനിച്ചത്.

21-ാം വയസ്സിൽ ഇന്ത്യൻ ആർമിയിൽ ചേർന്ന രാജു, പട്ടാളത്തിൽ നിന്നും വിരമിച്ചതിനുശേഷമാണ് മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം കുറിക്കുന്നത്. 1981ൽ ‘രക്തം’ എന്ന ചിത്രമായിരുന്നു ആദ്യ സിനിമ.

Read More: വിട, ക്യാപ്റ്റന്‍

പകരക്കാരനില്ലാത്ത സവിശേഷ വ്യക്തിത്വമായി മലയാളസിനിമയുടെ അരങ്ങൊഴിയുന്ന ക്യാപ്റ്റൻ രാജുവിന് ആദരാജ്ഞലികൾ അർപ്പിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരങ്ങൾ. മൂത്ത ജ്യേഷ്ഠനെ പോലെയോ സുഹൃത്തിനെ പോലെയോ ഒക്കെ താരങ്ങളുടെ ജീവിതത്തോട് ചേർന്നു നിന്ന വ്യക്തിയായിരുന്നു ക്യാപ്റ്റൻ രാജു എന്ന മലയാള സിനിമയുടെ ‘രാജുച്ചായൻ’.

അഭിനയമികവും ആകാരസൗഷ്ഠവും കൊണ്ട് ശ്രദ്ധേയനായ വ്യക്തിത്വമാണ് ക്യാപ്റ്റൻ രാജുവെന്ന് മമ്മൂട്ടി അനുസ്മരിച്ചു.   “ലാലൂ…. രാജുച്ചായനാ” പ്രിയപ്പെട്ട രാജുവേട്ടന്റെ ശബ്ദം ഇപ്പോഴും എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്. എല്ലാവരേയും സ്നേഹിക്കാൻ മാത്രം അറിയുമായിരുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട ക്യാപ്റ്റൻ രാജു ഇനി ഓർമ്മകളിൽ മാത്രം എന്ന് മോഹന്‍ലാല്‍ പറഞ്ഞു.

Read More: Captain Raju Dies in Kochi: ‘രാജുച്ചായ’ന് വിട നൽകി താരങ്ങൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Chief minister pinarayi vijayan condoles death of actor captain raju

Next Story
പ്രിയ ‘രാജുച്ചായ’നെ ഓര്‍ത്ത് മലയാള സിനിമാ ലോകംCaptain Raju
The moderation of comments is automated and not cleared manually by malayalam.indianexpress.com