ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഓസ്കാർ ചലച്ചിത്ര പുരസ്കാരവേദിയിൽ തന്റെ ആദ്യചിത്രമെത്തുകയെന്നത് ഏതൊരു അഭിനേതാവിനെ സംബന്ധിച്ചും ഏറെ അഭിമാനകരമായൊരു കാര്യമാണ്. ജാംനഗറിലെ ഹാപ്പ സ്വദേശിയും പതിനഞ്ചുവയസ്സുകാരനുമായ രാഹുൽ കോലിയും അത്തരമൊരു സന്തോഷത്തിലായിരുന്നു. എന്നാൽ തന്റെ ആദ്യചിത്രത്തിന്റെ ആദ്യപ്രദർശനത്തിന് കാത്തുനിൽക്കാതെ രാഹുൽ വിടവാങ്ങിയിരിക്കുകയാണ്. അർബുദത്തിനോട് പൊരുതിയാണ് രാഹുലിന്റെ മരണം. അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്.
ഇക്കുറി ഓസ്കർ ചലച്ചിത്രപുരസ്കാരത്തിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക ഫീച്ചർ ചിത്രമായ ‘ഛെല്ലോ ഷോ’യിലെ അഭിനേതാക്കളിൽ ഒരാളാണ് രാഹുൽ കോലി. പാ നളിൻ സംവിധാനം ചെയ്ത ഈ ഗുജറാത്തിചിത്രം ഒക്ടോബർ 14നാണ് തിയേറ്ററുകളിൽ പ്രദർശിപ്പിക്കാനിരിക്കുകയാണ്.
ആറു കുട്ടികൾ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിലേക്ക് രാഹുലിനെ തിരഞ്ഞെടുക്കുന്നത് ഓഡിഷനിലൂടെയാണ്. ചിത്രത്തിന്റെ ട്രെയിലർ മാത്രമേ രാഹുൽ കണ്ടിരുന്നുള്ളൂവെന്നും തിയേറ്ററിൽ കാണാൻ കൊതിയോടെ കാത്തിരിക്കുകയായിരുന്നുവെന്നും രാഹുലിന്റെ പിതാവ് രാമു കോലി പറയുന്നു.