ചെന്നൈ: നടനും നടികർ സംഘം അധ്യക്ഷനുമായ വിശാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ ടി നഗറിലുളള തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ ഓഫിസിനു മുന്നിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വിശാലിനെ കസ്റ്റഡിയിലെടുത്തത്.

വിശാൽ അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുന്നൂറോളം നിർമ്മാതാക്കൾ ഓഫിസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇവർ ഓഫിസ് പൂട്ടുകയും ചെയ്തു. എന്നാൽ വിശാൽ പൂട്ട് പൊളിച്ച് ഓഫിസിന് അകത്തേക്ക് കടക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. തുടർന്നാണ് നടനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

നിർമ്മാതാവ് എ.എൽ.അഴകപ്പന്റെ നേതൃത്വത്തിലുളള നിർമ്മാതാക്കളുടെ സംഘമാണ് ഓഫിസ് പൂട്ടിയത്. വിശാൽ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തപ്പോൾ നിരവധി വാഗ്‌ദാനങ്ങൾ നൽകിയിരുന്നു. എന്നാൽ അവയൊന്നും നടപ്പിലായില്ല. അധ്യക്ഷ സ്ഥാനം ഏറ്റെടുത്തശേഷം ഇതുവരെ ജനറൽ കമ്മിറ്റി യോഗം വിളിച്ചിട്ടില്ലെന്നും അഴകപ്പൻ ഇന്നലെ ആരോപിച്ചിരുന്നു.

വിശാൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും 8 കോടിയോളം രൂപ അക്കൗണ്ടിൽ വരവ് വച്ചിട്ടില്ലെന്നുമാണ് പ്രതിധേഷക്കാരുടെ ആരോപണം. അതേസമയം, കൗൺസിലിന്റെ ഫണ്ട് റൈസിങ്ങിനായി നടത്തുന്ന ഇളയരാജയുടെ പ്രോഗ്രാം തടയാനാണ് പ്രതിഷേധക്കാരുടെ നീക്കമെന്നും അടുത്ത ജനറൽ ബോഡി മീറ്റിങ്ങിൽ അക്കൗണ്ട് വിവരങ്ങൾ വെളിപ്പെടുത്തുമെന്നും വിശാൽ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook