ചെന്നൈ: ജയ് ഭീം എന്ന സിനിമയിൽ വണ്ണിയർ സമുദായത്തെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് നിർമാതാക്കളായ സൂര്യ, ഭാര്യ ജ്യോതിക, സംവിധായകൻ ജ്ഞാനവേൽ എന്നിവർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്യാൻ ചെന്നൈ കോടതി പോലീസിന് നിർദ്ദേശം നൽകി. സിനിമയിൽ സമുദായത്തെ മോശമായി കാണിച്ചുവെന്ന് വണ്ണിയർ സംഘടനയായ രുദ്ര വണ്ണിയർ സേന ഹർജിയിൽ ആരോപിച്ചിരുന്നു. രുദ്ര വണ്ണിയർ സേനയുടെ ഹർജിയിൽ സെയ്ദാപ്പേട്ട് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഏപ്രിൽ 29നാണ് ചെന്നൈ സെയ്ദാപ്പേട്ട് കോടതി ഹർജി പരിഗണിച്ചത്. ഹർജിക്കാരന്റെ വാദം കേട്ട ശേഷം, സൂര്യ, ജ്യോതിക, ജ്ഞാനവേൽ എന്നിവർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്ത് അന്വേഷിക്കാൻ കോടതി പോലീസ് വകുപ്പിന് ഉത്തരവിടുകയായിരുന്നു. അടുത്ത വാദം കേൾക്കുന്നത് മെയ് 20ലേക്ക് മാറ്റി.
വണ്ണിയർ സമുദായത്തിന്റെ പ്രതിച്ഛായ മോശമാക്കിയെന്ന് ആരോപിച്ച് പട്ടാളി മക്കൾ പാർട്ടി എന്ന രാഷ്ട്രീയ സംഘടന അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സൂര്യയ്ക്ക് നേരത്തെ വക്കീൽ നോട്ടീസ് അയച്ചിരുന്നു.
ചിത്രത്തിൽ ‘അഗ്നികുണ്ഡം’ ചിഹ്നമായി വരുന്ന ഒരു കലണ്ടർ കാണിക്കുന്നുണ്ട്. ഈ ചിഹ്നം വണ്ണിയർ സമുദായത്തെ പ്രതിനിധീകരിക്കുന്നതാണ്, ഇക്കാര്യത്തിൽ വണ്ണിയർ സമുദായസംഘടനകൾക്ക് അതൃപ്തി ഉണ്ടായിരുന്നു. ചിത്രത്തിൽ പ്രധാന വില്ലനും അഴിമതിക്കാരനുമായ പൊലീസുകാരന്റെ കഥാപാത്രത്തെ വണ്ണിയർ സമുദായത്തിലെ അംഗമായാണ് കാണിക്കുന്നത് എന്നും അവർ ആരോപിച്ചിരുന്നു.
“പ്രസ്തുത വില്ലൻ കഥാപാത്രത്തെ നിങ്ങൾ വണ്ണിയർ സമുദായത്തിൽ പെട്ട ആളാണെന്ന് തെറ്റിദ്ധരിപ്പിച്ച്, കാണിക്കുന്നു, വണ്ണിയർ സമുദായത്തിൽപ്പെട്ടവർ തെറ്റായതും നിയമവിരുദ്ധവുമായ കാര്യങ്ങൾ ചെയ്യാനുള്ള പ്രവണതയുള്ളവരായി നിങ്ങൾ അവതരിപ്പിക്കുന്നു, ജയ് ഭീമിന് ആസ്പദമായ യഥാർത്ഥ സംഭവത്തിൽ പറയുന്ന സബ് ഇൻസ്‌പെക്ടർ വണ്ണിയാർ സമുദായത്തിൽ പെട്ടവനല്ല,” എന്നാണ് ഹർജിയിൽ പറയുന്നത്.
ചിത്രത്തിലെ അഗ്നികുണ്ഡം കലണ്ടർ വിവാദമായതോടെ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംവിധായകൻ ജ്ഞാനവേൽ ക്ഷമാപണം നടത്തിയിരുന്നു. “ഉത്തരവാദിത്തം ഏറ്റെടുക്കാൻ സൂര്യയോട് ആവശ്യപ്പെടുന്നത് നിർഭാഗ്യകരമാണ്. സംവിധായകൻ എന്ന നിലയിൽ, ഇത് ഞാൻ മാത്രം ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട കാര്യമാണ്, ” എന്നാണ് ജ്ഞാനവേൽ പറഞ്ഞത്.
“പശ്ചാത്തലത്തിൽ തൂക്കിയിട്ടിരിക്കുന്ന കലണ്ടർ ഒരു കമ്മ്യൂണിറ്റിയെ പരാമർശിക്കുന്നതാണെന്ന് എനിക്കറിയില്ലായിരുന്നു. അതുവഴി ഒരു സമുദായത്തെ അപകീർത്തിപ്പെടുത്തണമെന്ന് ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല. 1995ലെ കാലഘട്ടത്തെ പ്രതിഫലിപ്പിക്കാൻ മാത്രമാണ് ഞങ്ങൾ ശ്രമിച്ചത്,” ജ്ഞാനവേൽ കൂട്ടിച്ചേർത്തു.
ദളിത് രാഷ്ട്രീയം പ്രമേയമാക്കി ടി.ജെ. ജ്ഞാനവേല്‍ ഒരുക്കിയ സിനിമയാണ് ‘ജയ് ഭീം’. കഴിഞ്ഞ നവംബറിലാണ് ജയ് ഭീം ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തത്. കടുത്ത ജാതിവെറിയുടേയും മാറ്റി നിർത്തപ്പെടുന്ന ദളിത് ജനതയുടേയും കഥ പറയുന്ന ചിത്രം ഏറെ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും നേടിയിരുന്നു. മദ്രാസ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്‌ജ് കെ ചന്ദ്രു, അതേ കോടതിയിൽ അഭിഭാഷകനായിരിക്കെ ഏറ്റെടുത്ത് വാദിച്ച് വിജയം നേടിയ ഒരു യഥാർത്ഥ കേസാണ് ‘ജയ് ഭീം’ എന്ന സിനിമയ്ക്ക് പിന്നിലുള്ള പ്രചോദനം.