നടൻ ചെമ്പൻ വിനോദ് ജോസ് വിവാഹിതനായി. കോട്ടയം സ്വദേശിയും സെെക്കോളജിസ്റ്റുമായ മറിയം തോമസാണ് വധു. ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം താരം ആരാധകരെ അറിയിച്ചത്. അധികമാരെയും അറിയിക്കാതെയായിരുന്നു വിവാഹം.
സിനിമാരംഗത്തു നിന്ന് നിരവധിയേറെ പേരാണ് ദമ്പതികൾക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.
2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നായകന്‍’ എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദ് സിനിമയിലേക്ക് കടന്നുവരുന്നത്. ലിജോ ജോസ് പെല്ലിശേരി ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ചെമ്പൻ വിനോദ്. അനിൽ രാധാകൃഷ്‌ണ മേനോൻ സംവിധാനം ചെയ്‌ത ‘സപ്‌തമശ്രീ തസ്‌കര’ എന്ന ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് സഹനടനായും വില്ലനായും പല സിനിമകളിലും മികച്ച പ്രകടനം കാഴ്‌ചവച്ചു. 2018 ഗോവ ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു.
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്‌ത ‘അങ്കമാലി ഡയറീസ്’ എന്ന സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ചെമ്പൻ വിനോദ് ആണ്. ജോഷി സംവിധാനം ചെയ്‌ത ‘പൊറിഞ്ചു മറിയം ജോസ്’ എന്ന സിനിമയിലെ ചെമ്പൻ വിനോദിന്റെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. അൻവർ റഷീദ് ചിത്രം ‘ട്രാൻസ്’ ആണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ ചെമ്പൻ വിനോദ് ചിത്രം.
Read more: നടന്‍ മണികണ്ഠന്‍ ആചാരി വിവാഹിതനായി
ലോക്ക്ഡൗൺ കാലത്തെ രണ്ടാമത്തെ താരവിവാഹമാണിത്. ഏപ്രിൽ 26 ന് നടൻ മണികണ്ഠൻ ആചാരിയും വിവാഹിതനായിരുന്നു. ലോക്ക്‌ഡൗൺ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ വിവാഹത്തിന് സമൂഹമാധ്യമങ്ങളിലൂടെ താരങ്ങൾ അടക്കം നിരവധി പേരാണ് ആശംസകൾ അറിയിച്ചത്.