കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി ചെമ്പൻ വിനോദ് തിരക്കഥയെഴുതി അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ‘ഭീമന്റെ വഴി’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടയിൽ പുതിയ ചിത്രത്തെ കുറിച്ച് ചെമ്പൻ വിനോദ് പറഞ്ഞ ഒരു മറുപടിയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
കമൽഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘വിക്രം’ എന്ന ചിത്രത്തിൽ ചെമ്പൻ വിനോദും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
‘ഭീമന്റെ വഴി’യുടെ പ്രമോഷനിടെയായിരുന്നു വിക്രമിലെ വില്ലൻ വേഷത്തെ കുറിച്ച് ഒരു റിപ്പോർട്ടർ ചെമ്പൻ വിനോദിനോട് തിരക്കിയത്. ” അതൊരു വില്ലൻ വേഷമാണ്. അത്രയേ എനിക്ക് പറയാൻ അനുവാദമുള്ളൂ,” എന്ന് ഒഴുക്കൻ മറുപടി കൊടുത്ത് ഒഴിഞ്ഞുമാറിയ ചെമ്പനോട്, “തല്ലു കൊള്ളുന്ന വില്ലൻ വേഷമാണോ?,” എന്നായിരുന്നു റിപ്പോർട്ടറുടെ അടുത്ത ചോദ്യം.
“ഏയ്, അങ്ങനെ തല്ലു കൊള്ളുന്ന വില്ലൻ വേഷത്തിൽ ഒന്നും നമ്മൾ പോയി തല വെയ്ക്കില്ല. ഇത്രനാള്‍ കാത്തിരുന്നു കിട്ടിയതല്ലേ, ഇവിടെ നിന്ന് അവിടെ വരെ പോയി, വെറുതെ അടികൊണ്ടൊന്നും വരില്ല. എന്തേലും ഒരു സിഗ്നേച്ചർ അവിടെ കൊടുത്തിട്ടേ വരൂ. അടിയില്ല, എന്നെ എന്തോ വെടിവച്ചാണ് കൊല്ലുന്നത്,” എന്നായിരുന്നു ചെമ്പന്റെ മറുപടി. ചാക്കോച്ചൻ അടക്കം വേദിയിലുണ്ടായിരുന്നവരെല്ലാം ചിരിയോടെയാണ് ചെമ്പന്റെ മറുപടിയെ സ്വാഗതം ചെയ്തത്.