സിനിമാ താരങ്ങളായ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ വഞ്ചനാകുറ്റത്തിന് കേസ്. തിരുവില്വാമല സ്വദേശി റിയാസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം പൊലീസാണ് കേസെടുത്തിരിക്കുന്നത്. കൂദാശ എന്ന സിനിമയുടെ നിർമാണത്തിനായി താരദമ്പതികൾ 3.14 കോടി രൂപ കൈപ്പറ്റി വഞ്ചിച്ചെന്നാണ് പരാതി.
കൂദാശയുടെ നിർമാണത്തിനായി താരദമ്പതികൾ വാങ്ങിയ 3.14 കോടി രൂപ, സിനിമ പുറത്തിറങ്ങിയ ശേഷം പണവും ലാഭവിഹിതവും ഉൾപ്പെടെ തിരിച്ചുനൽകാമെന്നായിരുന്നു ഇടപാട് എന്നും എന്നാൽ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നുമാണ് പരാതി.
2017ൽ ഒറ്റപ്പാലത്തെ ബാങ്ക് അക്കൗണ്ട് വഴി വിവിധ ഘട്ടങ്ങളിലായാണ് പണം നൽകിയതെന്ന് പരാതിയിൽ പറയുന്നു. പരാതിക്കാരനായ റിയാസ് ആദ്യം ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്. പ്രാഥമിക അന്വേഷണത്തിന് ശേഷം പരാതി ഒറ്റപ്പാലം പൊലീസിന് കൈമാറുകയായിരുന്നു. കേസിൽ അന്വേഷണം തുടങ്ങികഴിഞ്ഞെന്ന് ഒറ്റപ്പാലം പൊലീസ് അറിയിച്ചു