scorecardresearch

Chatha Pacha Review: സൗഹൃദമുണ്ട്, ഇമോഷനുണ്ട്, ഫൺ ഉണ്ട്, ഒപ്പം കട്ട ഇടിയും; തിയേറ്ററിൽ ഓളം തീർത്ത് 'ചത്താ പച്ച', റിവ്യൂ

Chatha Pacha: The Ring of Rowdies Movie Review: ചിത്രത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്, വിശാഖ് നായർ എന്നിവരുടെ അസാമാന്യ പ്രകടനമാണ്

Chatha Pacha: The Ring of Rowdies Movie Review: ചിത്രത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്, വിശാഖ് നായർ എന്നിവരുടെ അസാമാന്യ പ്രകടനമാണ്

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
Chatha Pacha review

Chatha Pacha: The Ring of Rowdies Movie Review: ചത്താ പച്ച റിവ്യൂ

Chatha Pacha Movie Review: മലയാളികൾക്ക് സ്പോർട്സ് ഡ്രാമകൾ പുത്തരിയല്ല. എന്നാൽ ഡബ്ല്യു.ഡബ്ല്യു.ഇ (WWE) സ്റ്റൈൽ റെസ്‌ലിംഗിനെ നാടൻ പശ്ചാത്തലത്തിൽ കോർത്തിണക്കി, അതിനെ വൈകാരികമായൊരു സൗഹൃദകഥയുമായി ബന്ധിപ്പിക്കുക എന്ന വെല്ലുവിളിയാണ്  ‘ചത്താ പച്ച: റിങ് ഓഫ് റൗഡീസ് ഏറ്റെടുത്തിരിക്കുന്നത്. ആ വെല്ലുവിളിയെ അത്യന്തം ആവേശകരമായി സ്ക്രീനിലെത്തിക്കുന്നതിൽ സംവിധായകൻ അദ്വൈത് നായരും സംഘവും വിജയിച്ചിരിക്കുന്നു. ചിരിയും കണ്ണീരിന്റെ നനവും ബന്ധങ്ങളുടെ ഇഴയടുപ്പവും തീപ്പാറുന്ന ആക്ഷനും തമാശകളുമെല്ലാം സമാസമം ചേർന്ന് പ്രേക്ഷകരുടെ കയ്യടികൾ നേടുകയാണ്  'ചത്താ പച്ച'. 

Advertisment

Also Read: ഹിറ്റ്ലർ മാധവൻകുട്ടികൾക്കൊപ്പം ഒറ്റ പെങ്ങളും; ശ്രദ്ധേയമായി അനുശ്രീയുടെ പോസ്റ്റ്

ആത്യന്തികമായി 'ചത്താ പച്ച', റെസ്‌ലിങ് രക്തത്തിൽ അലിഞ്ഞുചേർന്ന മൂന്ന് കൂട്ടുകാരുടെ കഥയാണ്- വെട്രി, സാവിയോ, ലിറ്റിൽ.  ഈ കൂട്ടുകാർക്ക് ഒരു തലതൊട്ടപ്പനുണ്ട്, വാൾട്ടർ ലോപസ്. വാൾട്ടറുടെ പിള്ളേർ എന്ന മേൽവിലാസത്തിന്റെ അഭിമാനത്തോടെ നെഞ്ചിലേറ്റുകയാണ് ഈ ചങ്ങാതികൂട്ടം. ​ കൊച്ചിയിലെ കായൽക്കരയിൽ പിച്ചവെച്ച ഈ സൗഹൃദം ഒരു ഘട്ടത്തിൽ ചിന്നിച്ചിതറിപ്പോകുന്നു.  സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ഈ ചങ്ങാതിമാർ പലവഴി പിരിഞ്ഞുപോവുന്നു. വർഷങ്ങൾക്കു ശേഷം, തന്റെ കൂട്ടുകാരെ തേടി ലിറ്റിൽ തിരിച്ച് കൊച്ചിയിൽ എത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. ഈ വരവിൽ ലിറ്റിലിന് ചില സ്വപ്നങ്ങളുണ്ട്. വാൾട്ടറുടെ വലിയൊരു സ്വപ്നം സാക്ഷാത്കരിക്കാൻ സാവിയോയും ലിറ്റിലും ഇറങ്ങിതിരിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. 

സാവിയോയുടെയും ലിറ്റിലിന്റെയും വെട്രിയുടെയുമെല്ലാം ജീവിതത്തിൽ അവർ ചേർത്തുപിടിച്ച ഒരു കൂട്ടം മനുഷ്യർ കൂടിയുണ്ട്. കിലുക്കാം പെട്ടിയായ റോസമ്മയും, കുഞ്ഞപ്പനും ആശാനും നിട്രോ കിളിയുമെല്ലാം ചേരുന്ന സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും മനോഹരമായൊരു ലോകമാണത്.  ആ ലോകത്തെ കൊച്ചുകൊച്ചു സന്തോഷങ്ങളും സ്വപ്നങ്ങളും പ്രതിസന്ധികളുമെല്ലാമാണ് ചത്താ പച്ച പറഞ്ഞുപോവുന്നത്. 

Also Read: കല്യാണരാമനിലെ പ്യാരിയിൽ നിന്നും കിട്ടിയ പേര്; ചത്താ പച്ചയുടെ അർത്ഥമെന്തെന്നറിയാമോ?

ചിത്രത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്, വിശാഖ് നായർ എന്നിവരുടെ അസാമാന്യ പ്രകടനമാണ്. റെസ്‌ലിങ് താരങ്ങളായി മാറുന്നതിനായി ഇവർ നടത്തിയ ഫിസിക്കൽ ട്രാൻസ്ഫൊർമേഷനും ഡെഡിക്കേഷനും ഓരോ ഫ്രെയിമിലും ദൃശ്യമാണ്. കൈയടി നേടുന്ന മികച്ച ആക്ഷൻ സ്വീക്വൻസുകളാണ് നാലുപേരും ചേർന്ന് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. കേവലം അഭിനയിക്കുക എന്നതിലുപരി, കഥാപാത്രത്തിന്റെ കരുത്തും വേഗതയും ഉൾക്കൊള്ളാൻ തങ്ങളെത്തന്നെ പൂർണ്ണമായി വിട്ടുകൊടുത്ത ഇവരുടെ അർപ്പണബോധം സിനിമ കാണുന്ന ഏതൊരാൾക്കും ബോധ്യമാകും. അത്രമേൽ ആത്മാർത്ഥതയോടെയാണ് ഓരോ ഇടിരംഗങ്ങളും അവർ സ്ക്രീനിൽ പൂർത്തിയാക്കിയിരിക്കുന്നത്. മൂവരുടെയും ബാല്യകാലം അവതരിപ്പിച്ച കുട്ടിത്താരങ്ങളും കലക്കി. 

അർജുനും റോഷനും ഇഷാനും വേണ്ടി മാത്രം ടെയ്ലർ മെയ്ഡ് ചെയ്ത റോളുകളാണല്ലോ ചിത്രത്തിലേതെന്ന് പ്രേക്ഷകർക്കും തോന്നിയേക്കാം. അത്രയും സ്വാഭാവികതയോടെയാണ് മൂവരും തങ്ങളുടെ കഥാപാത്രങ്ങളെ സ്ക്രീനിൽ അവതരിപ്പിച്ചിരിക്കുന്നത്. എന്തു ചെയ്യുമ്പോഴും അപര പരിഗണനയുള്ള സാവിയോയായി അർജുനും, ചത്താ പച്ച എന്നും പറഞ്ഞ് കൂട്ടുകാർക്കായി ജീവൻ പോലും നൽകാൻ തയ്യാറായ ലിറ്റിലായി ഇഷാനും ദേഷ്യം വന്നാൽ വെട്ടുപോത്ത് ആവുന്ന വെട്രിയായി റോഷനുമെല്ലാം ചിത്രത്തിലുടനീളം ജീവനുറ്റ പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. വിശാഖ് നായരുടെ സ്വാഗും എടുത്തു പറയണം. 

Also Read: രണ്ട് പ്രസവങ്ങളും ഒരു മിസ്‌കാരേജും അതിജീവിച്ച ശരീരമാണിത്: പേളി മാണി

ഈ ടീമിനൊപ്പം കട്ടയ്ക്ക് കട്ട നിന്ന  വൈഷ്ണവ് ബിജു, ശ്യാമപ്രകാശ്, മിനോൺ, ദർതഗ്നൻ സാബു, കാർമെൻ എസ് മാത്യു എന്നിവരും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. റോസാമ്മ എന്ന കഥാപാത്രമായി സ്ക്രീനിൽ നിറഞ്ഞു നിന്ന കൊച്ചുമിടുക്കി വേദിക ശ്രീകുമാറും കയ്യടി അർഹിക്കുന്നു. സിനിമ കണ്ടിറങ്ങുന്നവർക്ക് ആർക്കും റോസയെ അത്ര പെട്ടെന്ന് മറക്കാനാവില്ല. 

റാഫി, തെസ്നി ഖാൻ, ലക്ഷ്മി മേനോൻ, സായ് കുമാർ, മുത്തുമണി,  സിദ്ദിഖ്,  കൃഷ്ണൻ നമ്പ്യാർ, സരിൻ ശിഹാബ്, തോഷ് ക്രിസ്റ്റി, തോജ് ക്രിസ്റ്റി എന്നിവരും ശ്രദ്ധേയമായ അഭിനയമാണ് കാഴ്ച വയ്ക്കുന്നത്. യുഎഇയിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഖാലിദ് അല്‍ അമേരിയും ചിത്രത്തിലെ ഒരു സീനിൽ വന്നുപോവുന്നുണ്ട്. ഒപ്പം, മലയാളികൾ കാത്തിരുന്ന ആ സർപ്രൈസ് 'മെഗാ കാമിയോ'യും. ഹൈപ്പിനും പ്രതീക്ഷകൾക്കുമൊപ്പം ഉയരാതെ ചിത്രം അൽപ്പം വീക്കായി പോയത് ഈ ഏരിയയിൽ മാത്രമാണ്.  ആദ്യം മുതൽ അവസാനം വരെ വാൾട്ടർ എന്ന കഥാപാത്രത്തിനു നൽകിയ  ഹൈപ്പ് കാക്കാൻ ആ കാമിയോ റോളിനു സാധിച്ചില്ല. സ്പോയിലർ ആവുമെന്നതിനാൽ ആ കഥാപാത്രത്തിന്റെ വിശദാംശങ്ങളിലേക്കു കടക്കുന്നില്ല. 

ചിത്രത്തിന്റെ സാങ്കേതിക മികവാണ് 'ചത്താ പച്ച'യെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ അതിപ്രശസ്തരായ ശങ്കർ-ഇഹ്സാൻ-ലോയ് സംഗീതത്രയം ആദ്യമായി മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അവർ ഒരുക്കിയ പാട്ടുകൾ സിനിമയുടെ വൈകാരിക തലങ്ങളെ സ്വാധീനിക്കുമ്പോൾ, മുജീബ് മജീദിന്റെ കരുത്തുറ്റ പശ്ചാത്തല സംഗീതം ഇടിരംഗങ്ങൾക്ക് ഇരട്ടി ആവേശം പകരുന്നു.

Also Read: 16-ാം വയസ്സിൽ അരങ്ങേറ്റം, ആദ്യ 100 കോടി ചിത്രത്തിലെ നായിക; 1,300 കോടി ആസ്തിയുള്ള വ്യവസായിയെ വിവാഹം കഴിച്ച് സിനിമ ഉപേക്ഷിച്ചു

റീൽ വേൾഡ് എന്റർടെയ്ൻമെന്റ് ആണ് ചിത്രത്തിന്റെ നിർമാണം.  ട്രാൻസ് വേൾഡ് ഗ്രൂപ്പിന്റെ രമേഷ്, റിതേഷ് രാമകൃഷ്ണൻ, ലെൻസ്മാൻ ഗ്രൂപ്പിന്റെ ഷിഹാൻ ഷൌക്കത്ത് എന്നിവർക്കൊപ്പം ഈ ചിത്രത്തിന്റെ നിർമ്മാണ പ്രക്രിയയിൽ, മമ്മൂട്ടി കമ്പനിയുടെ നേതൃനിരയിലുള്ള എസ്. ജോർജ്, സുനിൽ സിങ് എന്നിവരും പങ്കാളികളാകുന്നുണ്ട്.

നല്ല കട്ട ഇടിപ്പടം ആയിട്ടും ചിത്രം അനാവശ്യമായി വയലൻസിനെ ഗ്ലോറിഫൈ ചെയ്യുന്നില്ല എന്നതാണ് 'ചത്താ പച്ച'യുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. സ്ത്രീവിരുദ്ധത, അശ്ലീലചുവയുള്ള സംഭാഷണങ്ങൾ, ലഹരി ഉപയോഗത്തെ ആഘോഷമാക്കൽ തുടങ്ങിയ സ്ഥിരം ക്ലീഷേകളെ പടിക്കു പുറത്തു നിർത്തിയിരിക്കുന്നു എന്നതും ചിത്രത്തിന് ഒരു പ്രത്യേക ഫ്രഷ്നെസ്സ് നൽകുന്നുണ്ട്.

കേവലം ഒരു ആക്ഷൻ സിനിമ എന്നതിലുപരി, ഹൃദയസ്പർശിയായ സൗഹൃദത്തിനും ആത്മബന്ധങ്ങൾക്കും സിനിമ നൽകുന്ന പ്രാധാന്യം പ്രേക്ഷകരുടെ മനസ്സ് നിറയ്ക്കും. തന്റെ ആദ്യ ചിത്രത്തിൽ തന്നെ പ്രകടമായ ക്രാഫ്റ്റ് തെളിയിച്ച സംവിധായകൻ അദ്വൈത് നായർ അഭിനന്ദനം അർഹിക്കുന്നു

ചുരുക്കത്തിൽ, രസകരമായൊരു കഥ,  താരങ്ങളുടെ മികച്ച പ്രകടനം, സ്റ്റൈലിഷ് മേക്കിംഗ്, സാങ്കേതിക തികവ് എന്നിവയെല്ലാം കൊണ്ട് പ്രേക്ഷകരെ തുടക്കം മുതൽ ഒടുക്കം വരെ ഹുക്ക് ചെയ്തിടുന്ന നിരവധി ഘടകങ്ങൾ 'ചത്താ പച്ച'യിലുണ്ട്. പ്രേക്ഷകരെ രസിപ്പിക്കുകയും കയ്യടിപ്പിക്കുകയും ഓളം തീർക്കുകയും ചെയ്യുന്ന ഈ ചിത്രം വരും ദിവസങ്ങളിൽ തിയേറ്ററുകളിൽ വലിയ തരംഗം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. 

Also Read: സൈക്കിളിൽ ഡബിളടിച്ചും ആൽത്തറയിൽ സൊറപറഞ്ഞിരുന്നും മമ്മൂക്കയും ലാലേട്ടനും; കൂടെ ആരൊക്കെ എന്ന് നോക്കൂ

Film Review New Release Malayalam Movie

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: