നയൻതാരയോട് ഞാൻ പറയാതെ പോയ ആ വലിയ രഹസ്യം; ചാർമിള പറയുന്നു

“ഒരു ദിവസം നയൻ താരയുടെ ഫോൺ വന്നു. ചേച്ചീ ഞാനഭിനയിച്ച മോഹൻലാൽ പടം പൊട്ടി. ഇനി ഇവിടെ പടം കിട്ടുമെന്ന് തോന്നുന്നില്ല. ചേച്ചിക്ക് പരിചയമുള്ള ഏതെങ്കിലും തമിഴ് സിനിമാ നിർമ്മാതാക്കളോട് എന്റെ കാര്യം പറയണേ…” നയൻതാരയുമായി ബന്ധപ്പെട്ട ഒരു പഴയകാല ഓർമ പങ്കുവയ്ക്കുകയാണ് ചാർമിള

Nayanthara, Charmila

ലേഡിസൂപ്പർസ്റ്റാർ നയൻതാരയും താനും തമ്മിലുള്ള ഒരു അപൂർവ്വ സൗഹൃദത്തിന്റെ കഥ പറയുകയാണ് നടി ചാർമിള. നയൻതാരയുടെ സിനിമാഭിനയത്തിന്റെ ആദ്യ നാളുകളിൽ ഉയരങ്ങളിലേക്കെത്താൻ വഴിതിരിവായ അയ്യ എന്ന സിനിമയിലേക്കെത്താൻ കാരണമായത് താനാണെന്ന് ചാർമിള പറയുന്നത്. സംഭവത്തെ കുറിച്ച് ചാർമിള പറയുന്നതിങ്ങനെ: “അഭിനയം തുടങ്ങിയ കാലത്ത് നയൻതാര എന്നെ വിളിക്കാറുണ്ടായിരുന്നു. ‘ധന’വും ‘കാബൂളിവാല’യുമൊക്കെ വലിയ ഇഷ്ടമാണെന്ന് അവൾ എപ്പോഴും പറയും.”

“2004 ൽ ആണെന്നു തോന്നുന്നു. ഒരു ദിവസം നയൻ താരയുടെ ഫോൺ വന്നു. ചേച്ചീ ഞാനഭിനയിച്ച മോഹൻലാൽ പടം പൊട്ടി. ഇനി ഇവിടെ പടം കിട്ടുമെന്ന് തോന്നുന്നില്ല. ചേച്ചിക്ക് പരിചയമുള്ള ഏതെങ്കിലും തമിഴ് സിനിമാ നിർമ്മാതാക്കളോട് എന്റെ കാര്യം പറയണേ. അവളുടെ സംസാരം കേട്ടപ്പോൾ എനിക്കും സങ്കടമായി. തമിഴിലെ കോ പ്രൊസ്വൂസർ അജിത്തിനോട് നയൻതാരയുടെ കാര്യം പറയുന്നത് ഞാനാണ്. അങ്ങനെയാണ് അജിത്ത് അവളെ ‘അയ്യാ’ എന്ന പടത്തിലേക്ക് കരാറാക്കുന്നത്. പക്ഷേ ഞാൻ പറഞ്ഞിട്ടാണ് വിളിച്ചത് എന്ന് അജിത്ത് അവളോട് പറഞ്ഞതുമില്ല. പിന്നീട് ‘ഗജിനി’യിലേക്ക് അവളെ വിളിച്ചതും അജിത്തായിരുന്നു. ഇക്കാര്യം പിന്നീടൊരിക്കലും നയൻതാരയോട് പറയാനും എനിക്ക് കഴിഞ്ഞില്ല. അത്ര വേഗത്തിലായിരുന്നല്ലോ അവളുടെ വളർച്ച.” ചാർമിള പറയുന്നു.

മാധ്യമപ്രവർത്തകനായ ഷിജീഷ് യു.കെ ആണ് ചാർമിള പങ്കുവച്ച ഈ പഴയകാല ഓർമ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്.

Read more: സിഎക്കാരിയാകാൻ മോഹിച്ച് തെന്നിന്ത്യയുടെ താരറാണിയായ നയൻതാര

ഷിജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:

“രാവിലെ ചാർമിള വിളിച്ചു. മുഖവുര കൂടാതെ അവർ വെളിപ്പെടുത്തി. ഇന്നലെ രാത്രി എന്റെ ഹൗസ് ഓണർ കൊറോണ പിടിപെട്ട് മരിച്ചു. ഹൗസ് ഓണറെ ചാർമിള പറഞ്ഞ് അറിയാം. അവരുടെ വീടിന്റെ മുകൾനിലയിലായിരുന്നു അദ്ദേഹത്തിന്റെ താമസം. ചാർമിളയോടും മകനോടും വലിയ സ്നേഹമായിരുന്നു. കോവിഡ് വന്നതിൽ പിന്നെ വീടിന് പുറത്തിറങ്ങുന്നത് മാസത്തിലൊരിക്കൽ സാധനങ്ങൾ വാങ്ങിക്കാൻ വേണ്ടി മാത്രമാണെന്ന് ചാർമിള പറഞ്ഞു.

കട വരെ നടക്കുന്നതിനിടയിൽ ഒരു അഞ്ച് മരണവാർത്തയെങ്കിലും കേൾക്കാം എന്ന നിലയിലെത്തിയിരിക്കുന്നു കാര്യങ്ങൾ. ദേവേന്ദ്രനെ കൂടി പേടിക്കാത്ത മദിരാശിപട്ടണം ഇപ്പോൾ കൊറോണയെ പ്രതി പേടിച്ച് വിറയ്ക്കുകയാണ്. ചാർമിള ചിരിച്ചു. സാമ്പത്തികമായി സ്വതവേ പരുങ്ങലിലാണ് അവർ.

തമിഴ്നാട്ടിൽ ഇപ്പോൾ സിനിമയും സീരിയലും ഷൂട്ടിംഗുമൊക്കെ എന്നോ കേട്ടു മറന്ന മുത്തശ്ശിക്കഥ പോലെയായിരിക്കുന്നു. ജൂണാരംഭത്തിൽ വാങ്ങിച്ച സാധനങ്ങൾ എല്ലാം തീർന്നു. നാളയെക്കുറിച്ചോർത്ത് അന്തമില്ലാതെ നിൽക്കുമ്പോഴായിരുന്നു ഓർക്കാപ്പുറത്ത് ഷക്കീലയുടെ കോൾ വന്നത്. എടീ നിന്റെ അക്കൗണ്ടിലേക്ക് ഞാനൊരു രണ്ടായിരം രൂപ ഇട്ടിട്ടുണ്ട്. എന്റെ കൈയിൽ ആകെ അതേയുള്ളൂ. അത് സാരമില്ല. വിശന്നു കരയാൻ എനിക്കിവിടെ മക്കളൊന്നുമില്ലല്ലോ. ആ രണ്ടായിരത്തിന് രണ്ടു ലക്ഷത്തിന്റെ വിലയുണ്ടെന്ന് ചാർമിള.

Nayanthara, Charmila

ഷക്കീല മുൻപും സഹായിച്ചിട്ടുണ്ടെന്ന് ചാർമിള പറയുന്നു. ഫീൽഡ് ഔട്ടായി നിൽക്കുമ്പോഴായിരുന്നു 2002 ൽ ‘ജഗതി ജഗദീഷ് ഇൻ ടൗൺ’ എന്ന സിനിമയിൽ ചാർമിളയ്ക്ക് നായികയായി ഓഫർ വന്നത്. അന്ന് ഷക്കീല ഇവിടുത്തെ സൂപ്പർ നായികയാണ്. വർഷത്തിൽ മുപ്പതും നാൽപ്പതും സിനിമകളാണ് അവരുടേതായി പുറത്തിറങ്ങുന്നത്. ‘ജഗതി ജഗദീഷിൽ’ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ചാർമിളയുടെ അച്ഛന് സ്ട്രോക്ക് വന്നു.

ഷൂട്ടിംഗ് ക്യാൻസൽ ചെയ്ത് പോകാനൊരുങ്ങിയ ചാർമിളയെ അന്ന് തടഞ്ഞത് ഷക്കീലയായിരുന്നു. ഈ പടം നീ പാതി വഴിയിലിട്ടിട്ടുപോയാൽ ഇനിയൊരു സിനിമ ഇവിടെ നിനക്ക് കിട്ടില്ല. “നിന്റെ അച്ഛൻ എന്റെയും അച്ഛനാണ്. ഞാൻ നോക്കാം അച്ഛനെ. നീ സമാധാനമായി അഭിനയിച്ചിട്ടു വാ,” എന്നാണ് ഷക്കീല ചാർമിളയോട് പറഞ്ഞത്. അച്ഛൻ ഡിസ്ചാർജ് ആവുന്നവരെ ആശുപത്രിയിൽ ഷക്കീല അദ്ദേഹത്തിന് കൂട്ടിരുന്നു.

‘എത്രയോ പടങ്ങൾ, എത്രയോ ലക്ഷങ്ങൾ എനിക്ക് വേണ്ടി അന്ന് ഷക്കീല നഷ്ടപ്പെടുത്തി. ഇന്ന് അവളുടെ നിലയും പരിതാപകരമാണ്,’ ചാർമിള നിശ്വസിച്ചു.”

Read more: സുശാന്തുമായി വീണ്ടും ഒന്നിക്കുമോ? ചിരിച്ചു കൊണ്ട് അങ്കിത നൽകിയ മറുപടി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Charmila shares memory nayanthara

Next Story
ആമിർ ഖാന്റെ മാതാവിന് കോവിഡില്ല; പരിശോധന ഫലം നെഗറ്റീവ്Aamir Khan, Covid, ആമിർ ഖാൻ, corona, കോവിഡ്, കൊറോണ, Staff, test result, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com