നീണ്ട ഇടവേളയ്ക്കുശേഷം സിനിമയിൽ വീണ്ടും സജീവമാകുകയാണ് ചാർമിള. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിന്ന ചാർമിള വിക്രമാദിത്യൻ എന്ന സിനിമയിലൂടെയാണ് വീണ്ടും മലയാളി പ്രേക്ഷകരുടെ മുൻപിലേക്ക് എത്തിയത്. ജീവിത പ്രാരാബ്ദം മൂലമാണ് താൻ സിനിമയിലേക്ക് മടങ്ങിയെത്തിയതെന്ന് ചാർമിള അന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ തനിക്ക് ജീവിക്കാൻ ഒരു മാർഗവുമില്ലെന്നും കട ബാധ്യത മൂലം ജീവിതം പൊറുതി മുട്ടുകയാണെന്നും ചാർമിള പറഞ്ഞിരിക്കുകയാണ്. സിനിമാ മംഗളത്തിനു നൽകിയ അഭിമുഖത്തിലാണ് ചാർമിള തന്റെ ജീവിത കഷ്ടതകളെക്കുറിച്ച് മനസ് തുറന്നത്.

”മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലായി 43 സിനിമകളിൽ അഭിനയിച്ചു. ഇതിലും പല സിനിമകളിലും നായിക ആയിരുന്നു. ഇതിലൂടെ നല്ലൊരു സമ്പാദ്യം എനിക്കുണ്ടായി. പക്ഷേ സമ്പാദ്യമെല്ലാം ഭർത്താവിനോടൊപ്പം ആഘോഷിച്ച് തീർത്തു. അടുത്തിടെയാണ് ഭർത്താവ് രാജേഷുമായുളള വിവാഹബന്ധം വേർപ്പെടുത്തിയത്. അതോടെ ഞാൻ കൂടുതൽ ഒറ്റപ്പെട്ടു. മകന്റെ ജീവിതത്തെ മോശമായി ബാധിക്കരുതെന്ന് കരുതിയാണ് പിരിയേണ്ടെന്ന് ആദ്യം തീരുമാനിച്ചത്. പക്ഷേ ഒരു ഘട്ടത്തിൽ പിരിയേണ്ടതായി വന്നു”.

”സാലിഗ്രാമത്തിലുണ്ടായിരുന്ന ഫ്ലാറ്റ് വിൽക്കേണ്ടി വന്നു. ഇപ്പോൾ ചെന്നൈയിലെ വിരുഗംപാക്കത്ത് വാടക വീട്ടിലാണ് താമസിക്കുന്നത്. ചുറ്റും കടക്കാരാണ്. ഷൂട്ടിങ് കഴിഞ്ഞ് ഞാൻ വീട്ടിലെത്തുമ്പോൾ കടം തന്നവർ എന്നെ തേടിയെത്തും. തമിഴ് നടികർ സംഘത്തിന്റെ സാരഥിയും നടനുമായ വിശാലാണ് മകൻ അഡോണിസ് ജൂഡിന്റെ സ്കൂൾ ഫീസ് നൽകുന്നത്”.

കിഷോർ സത്യ തന്റെ കരിയറും ജീവിതവും നഷ്‌ടമാക്കിയെന്ന് ചാർമിള

”ഇപ്പോൾ അഭിനയിച്ചാൽ മാത്രമേ എനിക്ക് ജീവിക്കാൻ കഴിയൂ. അതുകൊണ്ടാണ് വീണ്ടും അഭിനയത്തിലേക്ക് മടങ്ങിയെത്തിയത്. വിക്രമാദിത്യൻ സിനിമയിലെ അമ്മ വേഷത്തിനുശേഷം ഒരുപാട് സീരിയലുകൾ തേടിയെത്തി. അതിൽനിന്നും കിട്ടുന്ന വരുമാനമാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. മകൻ വലുതാകുമ്പോഴേക്കും എല്ലാം ശരിയാക്കണം. എവിടെയെങ്കിലും സെറ്റിൽ ചെയ്യണം”- ചാർമിള പറഞ്ഞു.

മോഹൻലാൽ നായകനായ ധനം എന്ന സിനിമയിലൂടെയാണ് ചാർമിള മലയാള സിനിമയിലേക്ക് എത്തുന്നത്. അങ്കിൾ ബൺ, കേളി, കാബൂളിവാല, പ്രിയപ്പെട്ട കുക്കു, കമ്പോളം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നടൻ ബാബു ആന്റണിയുമായുളള ചാർമിളയുടെ പ്രണയവും വേർപിരിയലും വാർത്തകളിൽ നിറഞ്ഞുനിന്നതാണ്. 1995 ൽ ചാർമിള കിഷോർ സത്യയെ വിവാഹം ചെയ്തു. 1999 ൽ വിവാഹമോചനം നേടുകയും പിന്നീട് 2006 ൽ എൻജിനീയറായ രാജേഷിനെ വിവാഹം ചെയ്തു. 2016 ൽ രാജേഷുമായുളള വിവാഹബന്ധവും വേർപെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ