അടുത്ത കാലത്ത് അഭിനയത്തിലേക്ക് തിരിച്ചെത്തിയ നടി ചാർമിള വീണ്ടും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ്. തന്റെ പ്രണയവും വിവാഹവും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ചും ചാർമിള തുറന്നുപറഞ്ഞു.

ബാബു ആന്രണിയുമായുളള പ്രണയ പരാജയത്തിനു ശേഷം സീരിയൽ നടൻ കിഷോർ സത്യയെ ആണ് താൻ വിവാഹം ചെയ്‌തതെന്ന് ഒരു മലയാളം ചാനലിന് നൽകിയ അഭിമുഖത്തിൽ ചാർമിള വെളിപ്പെടുത്തി. ആദ്യ ഭർത്താവ് കിഷോറും താനും തമ്മിൽ ഉണ്ടായിരുന്ന പ്രശ്‌നങ്ങൾ നടി മനോരമയ്‌ക്ക് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞു.

ആദ്യ ഭർത്താവ് നടൻ കിഷോർ സത്യയാണെന്ന് ഇത്രയും കാലം നടി പുറത്ത് പറഞ്ഞിരുന്നില്ല. വിവാഹം കഴിഞ്ഞ ഉടനെ കിഷോർ സത്യ ഷാർജയിലേക്ക് പോയി. ചാർമിള ആ സമയം ചെന്നൈയിലായിരുന്നു. നാല് വർഷം അങ്ങനെ ഇരുവരും രണ്ട് സ്ഥലങ്ങളിലായിരുന്നു. ഈ സമയത്ത് അഭിനയിക്കാൻ കിഷോർ സത്യ അനുവാദം നൽകിയിരുന്നില്ലെന്നും ചാർമിള പറഞ്ഞു.

തന്റെ ജീവിതത്തിലെ വിലപ്പെട്ട നാല് വർഷങ്ങൾ കിഷോറിന് വേണ്ടി കാത്തിരുന്ന് പോയെന്നും ചാർമിള കുറ്റപ്പെടുത്തി. കിഷോറിന് വേണ്ടി കാത്തിരുന്ന് തന്റെ ജീവിതവും കരിയറും നഷ്‌ടമായെന്നും അവർ കുറ്റപ്പെടുത്തി. ആ സമയത്ത് ജീവിക്കാനുളള പണം പോലും കിഷോർ നൽകില്ലായിരുന്നുവെന്നും ആങ്കറിങ്ങും സ്റ്റേജ് ഷോയും കൊണ്ടാണ് പിടിച്ചു നിന്നതെന്നും ചാർമിള പറയുന്നു.

നാല് മാസം മാത്രമാണ് കിഷോറുമായി ഒന്നിച്ച് ജീവിച്ചതെന്നും അത് പിന്നീട് പരസ്‌പര സമ്മതത്തോടെ പിരിയുകയായിരുന്നുവെന്നും നടി പറഞ്ഞു. കിഷോറുമായുളള വിവാഹത്തിനു ശേഷം സഹോദരിയുടെ സുഹൃത്തായിരുന്ന രാജേഷിനെ ചാർമിള വിവാഹം ചെയ്‌തിരുന്നു.

രാജേഷുമായുളള വിവാഹ ബന്ധത്തിൽ ഒരു മകനുണ്ട് ചാർമിളയ്‌ക്ക്. പിന്നീട് രാജേഷുമായി വിവാഹ ബന്ധം വേർപിരിഞ്ഞെങ്കിലും തങ്ങൾ ഇപ്പോഴും സുഹൃത്തുക്കളായി തുടരുന്നുണ്ടെന്നാണ് നടി പറഞ്ഞത്. അതേസമയം, ഇന്ന് താൻ ഏറ്റവും വെറുക്കുന്നയാൾ കിഷോർ സത്യയാണെന്നും ചാർമിള പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ