scorecardresearch
Latest News

‘ചാന്തുപൊട്ടി’ന്റെ പേരിൽ പാർവതി മാപ്പുപറഞ്ഞത് ഭോഷ്‌ക്: ലാൽ ജോസ്

സിനിമയുടെ പേരിൽ പാര്‍വതി ഒരാളോട് മാപ്പ് പറഞ്ഞത് എന്തിനാണെന്ന് മനസിലായില്ലെന്നും ലാൽ ജോസ്

Chanthupottu, ചാന്തുപൊട്ട്, Lal Jose, ലാൽ ജോസ്, Parvathy, പാർവ്വതി, Malayalam Film Industry, മലയാള സിനിമാ മേഖല, iemalayalam, ഐഇ മലയാളം

‘ചാന്തുപൊട്ട്’ എന്നത് സിനിമ ട്രാന്‍സ് സമൂഹത്തിന് നേരെയുള്ള അധിക്ഷേപമായിരുന്നുവെന്ന വിമര്‍ശനത്തോട് പ്രതികരണവുമായി സംവിധായകൻ ലാൽ ജോസ്. ചിത്രത്തിൽ ദിലീപ് അവതരിപ്പിച്ച രാധാകൃഷ്ണന്‍ ട്രാന്‍സ് വ്യക്തിയല്ലെന്നും അയാൾ പുരുഷനാണെന്നും പറഞ്ഞ ലാൽ ജോസ്, സിനിമയുടെ പേരിൽ പാര്‍വതി ഒരാളോട് മാപ്പ് പറഞ്ഞത് എന്തിനാണെന്ന് മനസിലായില്ലെന്നും കൂട്ടിച്ചേർത്തു. പാര്‍വതിയുടെ നടപടി ശുദ്ധ ഭോഷ്‌ക്കാണെന്നും ദ ക്യൂവിന് നൽകിയ അഭിമുഖത്തിൽ ലാൽ ജോസ് പറഞ്ഞു.

Read More: ലാൽ ജോസ്, ഒരു ക്ഷമാപണമെങ്കിലും ഞങ്ങൾ അർഹിക്കുന്നു

വ്യക്തിജീവിതത്തെ ഒരു തരത്തിലും സിനിമ സ്വാധീനിക്കുന്നില്ലെന്ന് അവകാശപ്പെട്ടവർക്കായി സ്വന്തം ജീവിതത്തിൽനിന്ന് ഉദാഹരണങ്ങൾ നിരത്തി മുഹമ്മദ് ഉനൈസ് എന്ന യുവാവ് 2017ൽ സമൂഹമാധ്യമങ്ങളിലിട്ട കുറിപ്പിനോട് പ്രതികരിക്കവെയാണ് പാർവതി ഖേദപ്രകടനം നടത്തിയത്.

ലാൽ ജോസ് സംവിധാനം ചെയ്ത ‘ചാന്തുപൊട്ട്’ എന്ന സിനിമ തന്റെ ജീവിതത്തിൽ ഉണ്ടാക്കിയ വേദനകളെക്കുറിച്ചായിരുന്നു ഉനൈസ് ഫെയ്സ്ബുക്കിലിട്ട കുറിപ്പ്.

Read More: ചാന്തുപൊട്ടിലെ കഥാപാത്രത്തെ ട്രാൻസ് വ്യക്തിയെന്ന് ഞാൻ വിളിച്ചിട്ടില്ല, തെറ്റായ വ്യാഖ്യാനം: പാർവതി

“ട്യൂഷനിൽ മലയാളം അധ്യാപകൻ പഠിപ്പിച്ചുകൊണ്ടിരുന്നതിനിടയിൽ എന്നെ ചൂണ്ടിക്കാട്ടി ഇവൻ പുതിയ സിനിമയിലെ ചാന്തുപൊട്ട് പോലെയാണന്ന് പറഞ്ഞപ്പോൾ ക്ലാസ് അട്ടഹസിച്ചു ചിരിച്ചു. എല്ലാവരുടെയും ആ അട്ടഹാസച്ചിരിയിൽ എനിക്കനുഭവപ്പെട്ടത് നെഞ്ചിൻകൂട് പൊട്ടുന്ന വേദനയായിരുന്നു. ആ സംഭവത്തോടെ ആ ട്യൂഷൻ നിർത്തി.എന്നാൽ ആ വിളിപ്പേര് ട്യൂഷനിൽ നിന്ന് തൊട്ടടുത്ത ദിവസം തന്നെ സ്കൂളിലുമെത്തി. ഏറെ ഹിറ്റായി ഓടിയ, ക്വീയർ ന്യൂനപക്ഷ വിരുദ്ധത തിങ്ങിനിറഞ്ഞ ആ സിനിമ തിയേറ്ററിൽനിന്ന് പോയെങ്കിലും ‘ചാന്തുപൊട്ട്’ എന്ന വിളിപ്പേര് നിലനിർത്തിത്തന്നു. (ആ സിനിമ ഇറങ്ങിയ കാലത്ത് അതനുകരിച്ച്, തല്ലുകിട്ടിയ ആളുകളെ ഒരുപാട് വർഷങ്ങൾക്കുശേഷം കണ്ടിട്ടുണ്ട്),” എന്നായിരുന്നു ഉനൈസ് കുറിച്ചത്.

‘ഉനൈസ് നിങ്ങളെ സല്യൂട്ട് ചെയ്യുന്നു. പ്രതിസന്ധികളെ താങ്കള്‍ ധീരമായി മറികടന്നു. ഈ വേദന നിങ്ങൾക്ക് നല്‍കിയതിന് എന്റെ ഇൻഡസ്ട്രിയ്ക്കുവേണ്ടി ഞാന്‍ മാപ്പു ചോദിക്കുന്നു. നിങ്ങളോടും നിങ്ങളെ പോലുള്ള നിരവധി പേരോടും.’ എന്നായിരുന്നു പാര്‍വതിയുടെ പ്രതികരണം.

കസബ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പാർവതിയെ അഭിനന്ദിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് കുറിപ്പിലാണ് ഉനൈസ് ജീവിതത്തില്‍ താന്‍ നേരിട്ട പ്രതിസന്ധികള്‍ തുറന്നുകാട്ടിയത്. സിനിമ സമൂഹത്തെ സ്വാധീനിക്കില്ലെന്ന് അവകാശപ്പെടുന്നവർക്കുളള മറുപടിയാണ് ഉനൈസിന്റെ കുറിപ്പെന്ന് പാർവതി തന്റെ പ്രതികരണത്തോടൊപ്പം പറഞ്ഞിരുന്നു

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Chanthupottu controversy lal jose against parvathy