ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമാകുകയാണ് നടി ഭാവന. നവാഗത സംവിധായകൻ ആദിൽ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’, ഷാജി കൈലാസ് ചിത്രം ‘ഹണ്ട്’ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന ഭാവന ചിത്രങ്ങൾ.
‘ഹണ്ടി’ന്റെ ലൊക്കേഷനിൽ ഭാവനയ്ക്ക് ഒപ്പമുള്ള ഏതാനും ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് സഹതാരമായ ചന്തുനാഥ്. “ഒരു മനുഷ്യന് പ്രകടിപ്പിക്കാൻ കഴിയുന്ന ഏറ്റവും ധീരമായ കാര്യം അവന്റെ/അവളുടെ ചിരി ആണ്. ഈ പ്രിയപ്പെട്ട ഭാവനക്കൊപ്പം ജോലി ചെയ്യുന്നത് വളരെ രസകരമായിരുന്നു. മനുഷ്യരേക്കാൾ വളർത്തുമൃഗങ്ങളെ ശക്തമായി തിരഞ്ഞെടുക്കുമെങ്കിലും, അവളുടെ ഹൃദയം മനുഷ്യത്വം നിറഞ്ഞതാണ്,” ചന്തുനാഥ് കുറിച്ചു.
അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നടി ഭാവന മലയാളസിനിമയിലേക്കു തിരിച്ചെത്തുന്നത്. വിവാഹശേഷം മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നുവെങ്കിലും കന്നഡ സിനിമയിൽ താരം സജീവമായിരുന്നു. ഇൻസ്പെക്ടര്‍ വിക്രം, ശ്രീകൃഷ്ണ അറ്റ് ജീമെയിൽ.കോം, ബജ്റംഗി 2, ഗോവിന്ദ ഗോവിന്ദ തുടങ്ങിയ കന്നഡ സിനിമകളിൽ ഭാവന അഭിനയിച്ചിരുന്നു.
അധ്യാപക ജോലിയും തിയേറ്റർ പ്രവർത്തനവുമൊക്കെയായി നടക്കുന്നതിനിടയിലാണ് ചന്തുനാഥ് സിനിമയുടെ ലോകത്തേക്ക് എത്തുന്നത്. ‘ഹിമാലയത്തിലെ കശ്മലന്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു ചന്തുനാഥിന്റെ അരങ്ങേറ്റം. ‘പതിനെട്ടാം പടി’യാണ് ചന്തുനാഥിനെ പ്രേക്ഷകർക്കിടയിൽ സുപരിചിതനാക്കിയത്. മാലിക്ക്, 21 ഗ്രാംസ്, ഡിവോഴ്സ്, ത്രയം, ട്വൽത്ത് മാൻ, സിബിഐ 5 എന്നീ ചിത്രങ്ങളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. റിലീസിനൊരുങ്ങുന്ന റാം, മഹേഷും മാരുതിയും എന്നീ ചിത്രങ്ങളിലും ചന്തുനാഥ് ഉണ്ട്.