/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/uploads/2019/07/chanthu-nath.jpg)
ഏതു വിദ്യാർത്ഥിയും കൊതിക്കുന്ന ഒരു അധ്യാപകനാണ് 'പതിനെട്ടാം പടി'യിലെ ജോയ് എബ്രഹാം പാലക്കൽ. കുട്ടികളോട് വളരെ സൗഹൃദത്തോടെ ഇടപെടുന്ന, അവരെ മനസ്സിലാക്കുന്ന, സ്നേഹിക്കുന്ന, ജീവിതം ഒരുത്സവം പോലെ ആഘോഷിക്കുന്ന, വലിയ സ്വപ്നങ്ങളും വേറിട്ട ലോകവും വിഭാവനം ചെയ്യുന്ന, സന്തോഷത്തിന്റെ പര്യായം പോലൊരു അധ്യാപകൻ.
ചിത്രം കണ്ടിറങ്ങുന്നവരിൽ പലരും ആദ്യം തിരക്കിയത്, ജോയ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനെയാണ്. അധ്യാപകനും തിയേറ്റർ ആർട്ടിസ്റ്റുമൊക്കെയായ ചന്തുനാഥാണ് 'പതിനെട്ടാം പടി'യിലെ ജോയ് സാർ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയത്.
അഭിനയമെന്ന സ്വപ്നം ചെറുപ്പം മുതൽ തന്നെ മനസ്സിൽ കൊണ്ടു നടക്കുന്ന തന്നെ തേടി ഭാഗ്യം പോലെയാണ് സിനിമയെത്തിയതെന്ന് ചന്തുനാഥ് പറയുന്നു. " ചെറുപ്പം മുതൽ കലാ രംഗത്തുണ്ട്, യുവജനോത്സവങ്ങൾ, നാടകങ്ങൾ ഒക്കെയായി സജീവമായിരുന്നു. കോളേജിലൊക്കെ എത്തിയപ്പോഴാണ് സിനിമയാണ് വഴിയെന്ന് സ്വയം ഉറപ്പിക്കുന്നത്. എന്നാൽ വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ട് മതി ബാക്കിയെല്ലാം എന്നുള്ളതു കൊണ്ട് പഠനത്തിൽ ശ്രദ്ധിച്ചു. ഇന്റർനാഷണൽ സ്കൂളിൽ അധ്യാപകനായി ജോലി കിട്ടി. തിരുവനന്തപുരത്തെ ക്രൈസ്റ്റ് നഗർ ഇന്റർനാഷണൽ സ്കൂളിലായിയിരുന്നു ആദ്യം. പിന്നെ ബാംഗ്ലൂരിൽ ജോലി ചെയ്തു. ഒപ്പം തിയേറ്റർ ഡയറക്ഷൻ, അഭിനയം തുടങ്ങിയ കാര്യങ്ങളും സമാന്തരമായി ചെയ്യുന്നുണ്ടായിരുന്നു. സിനിമ സ്വപ്നമായതുകൊണ്ട് ബാംഗ്ലൂരിലെ ജോലി കളഞ്ഞ് വീണ്ടും തിരുവനന്തപുരത്തേക്ക് തന്നെ വന്നു. "
"തിരുവനന്തപുരം ഇന്റർനാഷണലിൽ അധ്യാപകനായി ജോലി ചെയ്യുമ്പോഴാണ് അഭിറാം സുരേഷ് ഉണ്ണിത്താന്റെ 'ഹിമാലയത്തിലെ കശ്മലന്‍' എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. സിനിമയെ അടുത്തു മനസ്സിലാക്കാൻ സഹായിക്കുന്നത് ആ ചിത്രമാണ്. 'പതിനെട്ടാം പടി'യിലേക്കുള്ള കാസ്റ്റിംഗ് കോൾ കണ്ടിരുന്നെങ്കിലും കുട്ടികളെയാണ് വേണ്ടത് എന്നുള്ളതു കൊണ്ട് ഞാൻ അയച്ചില്ല. ഒരു സുഹൃത്താണ് നിർബന്ധിച്ച്, 'ചിത്രത്തിലേക്ക് ക്യാരക്റ്റർ റോളുകളെയും അന്വേഷിക്കുന്നുണ്ട്, ഫോട്ടോ അയക്കൂ' എന്ന് പറഞ്ഞത്." 'പതിനെട്ടാം പടി'യിലേക്കുള്ള യാത്രയെ കുറിച്ച് ചന്തുനാഥ്.
"ആഗസ്ത് സിനിമയുടെ ഓഫീസിൽ എത്തി ഞാൻ ശങ്കർ രാമകൃഷ്ണൻ സാറിനെ കണ്ടു, ഏതാണ്ട് ഒരു മണിക്കൂറോളം ഞങ്ങൾ സംസാരിച്ചു. എന്റെ കൂടെ ജോലി ചെയ്യാവോ, ഒരു അസിസ്റ്റന്റായി ആറുമാസം കൂടെ നിൽക്കാവോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. വലിയ ക്യാൻവാസ്, ശ്രദ്ധിക്കപ്പെട്ട തിരക്കഥാകൃത്ത്, നടൻ, സംവിധായകൻ ഒക്കെയാണല്ലോ ചോദിക്കുന്നത്, സിനിമ പഠിക്കാൻ പറ്റിയ ഒരു അവസരം, ഞാൻ ഓകെ പറഞ്ഞു."
"അഭിനേതാക്കളെ അന്വേഷിക്കുന്നു എന്ന പരസ്യം കണ്ട് 17000 ത്തോളം അപേക്ഷകൾ വന്നിരുന്നു ചിത്രത്തിന്. അതിൽ നിന്നും തിരഞ്ഞെടുത്ത 65 പേർക്കായി നെയ്യാർ ഡാമിൽ സംഘടിപ്പിച്ച അഞ്ചു ദിവസത്തെ ആക്റ്റിംഗ് ക്യാമ്പിൽ കുട്ടികളെ ഗ്രൂം ചെയ്യുക എന്നതായിരുന്നു എന്റെ ആദ്യ ജോലി. കുട്ടികളെ ട്രെയിൻ ചെയ്യുമ്പോൾ എനിക്ക് അഭിനയിക്കാൻ പറ്റുന്നില്ലല്ലോ എന്നൊക്കെയുള്ള ചെറിയ അസൂയയും വിഷമവും ഒക്കെ ഉണ്ടായിരുന്നെങ്കിലും രസകരമായിരുന്നു ആ ക്യാമ്പ് ദിനങ്ങൾ. നാലാം ദിവസം രാവിലെയാണ്, പ്രധാനപ്പെട്ട ഒരു അറിയിപ്പുണ്ടെന്നും പറഞ്ഞ് എല്ലാവരെയും വിളിച്ചു കൂട്ടി, ജോയ് എന്ന കഥാപാത്രം അവതരിപ്പിക്കുന്നത് ഞാനാണെന്ന് ശങ്കർ സാർ പ്രഖ്യാപിക്കുന്നത്. അതൊരു ഇമോഷണൽ ഡേ ആയിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ അങ്ങനെയൊരു അവസരം തേടിയെത്തിയപ്പോൾ കണ്ണു നിറഞ്ഞു," ചന്തുനാഥ് ഓർക്കുന്നു.
/indian-express-malayalam/media/media_files/uploads/2019/07/chandhunadh-shankar-ramakrishnan.jpg)
" 'പതിനെട്ടാം പടി'യിലെ ജോയ് എന്ന കഥാപാത്രവും ഒരു അധ്യാപകനും തിയേറ്റർ ട്രെയിനറും നാടകസ്നേഹിയുമൊക്കെയാണ്. എനിക്ക് ആ കഥാപാത്രത്തിനു വേണ്ട രീതിയിൽ കുട്ടികളെ ട്രെയിൻ ചെയ്യിക്കാനും വൈബ്രന്റ് ആയി നിൽക്കാനും കഴിയുമോ എന്ന് പരിശോധിക്കുകയായിരുന്നു ആ ദിവസങ്ങളിൽ ശങ്കർ സാർ എന്ന് പിന്നെയാണ് മനസ്സിലായത്. കുട്ടികളെ എന്നെ കൊണ്ട് ഗ്രൂം ചെയ്യിപ്പിക്കുന്നതിനൊപ്പം എന്നെയും ഗ്രൂം ചെയ്തെടുക്കുകയായിരുന്നു അദ്ദേഹം."
"'ചില്ല' എന്നൊരു വീടുണ്ടായിരുന്നു തിരുവനന്തപുരത്ത്, ഒരു വർഷത്തേക്ക് പ്രൊഡക്ഷൻ ഹൌസായി എടുത്തതായിരുന്നു ശങ്കർ സാർ. സിനിമയിലെ ആൺകുട്ടികളെല്ലാം അവിടെയായിരുന്നു തമ്പടിച്ചത്. എല്ലാവരും ഒന്നിച്ച് ഭക്ഷണം കഴിക്കുന്നു, സംസാരിക്കുന്നു. ഇടയ്ക്ക് ശങ്കർ സാറും ഷാജി സാറും (ഷാജി നടേശൻ) അവിടെ വരും. ആ കൂട്ടായ്മയും സിനിമയ്ക്ക് നല്ല രീതിയിൽ ഗുണം ചെയ്തിട്ടുണ്ട്. എന്റെ വീട് അടുത്താണെങ്കിലും ഞാൻ കൂടുതൽ സമയം ചെലവഴിച്ചത് ചില്ലയിലായിരുന്നു," ചന്തുനാഥ് ഓർക്കുന്നു.
'പതിനെട്ടാം പടി'യിൽ സഹസംവിധായകനായും നടനായും ഗ്രൂമിംഗ് കൺട്രോളറായുമൊക്കെ പ്രവർത്തിക്കാൻ പറ്റിയെന്നത് തന്റെ ഭാഗ്യമായാണ് ചന്തുനാഥ് നോക്കി കാണുന്നത്. ഏതാണ്ട് ആറു മാസത്തോളം എടുത്താണ് ജോയ് എന്ന കഥാപാത്രമായി മാറാനുള്ള മുന്നൊരുക്കങ്ങൾ ചന്തുനാഥ് നടത്തിയത്.
"ശങ്കർ സാറിനെ ആദ്യം കാണുമ്പോൾ എനിക്ക് ചെറിയ താടിയേ ഉണ്ടായിരുന്നുള്ളൂ. ചിത്രത്തിന് വേണ്ടിയാണ് താടി നീട്ടി വളർത്തിയത്. കഥാപാത്രത്തിനായി 93 കിലോയോളം ശരീരഭാരം കൂട്ടി. ആ കഥാപാത്രത്തെ കുറിച്ച് കൃത്യമായ ധാരണ സാറിനുണ്ടായിരുന്നു, ജോയ് എങ്ങനെ നടക്കണം എന്നു പോലും സാർ പ്ലാൻ ചെയ്തിരുന്നു. അതിനായി ഒരു ദിവസം ഛായാഗ്രാഹകൻ സുധീപ് എളമൺ വന്ന് എന്റെ മോക്ക് ഷൂട്ട് നടത്തി. നടത്തത്തിന്റെ രീതി എങ്ങനെ വേണമെന്ന് ആ ഷൂട്ടിലാണ് തീരുമാനിക്കപ്പെടുന്നത്. അതുപോലെ, ജോയ് ഏതു തരം ഫാബ്രിക്കിലുള്ള വസ്ത്രം ധരിക്കണം, ഷൂ വേണം ഉപയോഗിക്കാൻ തുടങ്ങി വളരെ സൂക്ഷ്മമായ കാര്യങ്ങളിൽ വരെ ശങ്കർ സാർ ശ്രദ്ധ ചെലുത്തിയിരുന്നു. ആ കഥാപാത്രത്തോട് അദ്ദേഹത്തിന് അത്രയ്ക്ക് സ്നേഹമുണ്ടായിരുന്നു എന്നതാണ് സത്യം. ഇളംകാറ്റു വരുന്നതുപോലെയാവണം ജോയ് വന്നു പോവുന്നത് എന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. ആ കഥാപാത്രത്തിന്റെ മാനറിസങ്ങൾ ഉൾക്കൊള്ളാൻ ശ്രമിക്കുകയാണ് ഞാൻ ചെയ്തത്."
ചിത്രത്തിനും തന്റെ കഥാപാത്രത്തിനു ലഭിക്കുന്ന പ്രതികരണങ്ങൾ നൽകുന്ന സന്തോഷം വളരെ വലുതാണെന്ന് ചന്തുനാഥ് പറയുന്നു. "ഞങ്ങൾ ജോയ്‌യുടെ ഹാങ്ങ് ഓവറിലാണ്. ആ കഥാപാത്രം മരിക്കേണ്ടിയിരുന്നില്ല എന്നൊക്കെയാണ് പലരും സിനിമ കണ്ടിട്ട് വന്നു പറയുന്നത്. 'അയ്യോ! മോൻ മരിക്കേണ്ടില്ലായിരുന്നു എന്നൊക്കെ പ്രായമായവർ പറഞ്ഞു കേൾക്കുമ്പോൾ സന്തോഷമാണ്. ആ കഥാപാത്രം അത്രത്തോളം ആളുകൾക്ക് ഇഷ്ടമായി എന്നറിയുന്നതിൽ പരം ഭാഗ്യമെന്തുണ്ട്."
/indian-express-malayalam/media/media_files/uploads/2019/07/chandhunadh.jpg)
കൊല്ലം സ്വദേശിയാണ് മാതാപിതാക്കളെങ്കിലും ചന്തുനാഥ് വളർന്നതും പഠിച്ചതുമെല്ലാം തിരുവനന്തപുരത്താണ്. ഐഡിയ സ്റ്റാർ സിംഗർ ഫെയിം ആയിരുന്ന സ്വാതിയാണ് ചന്തുവിന്റെ ഭാര്യ. നാലുമാസം പ്രായമുള്ള ഒരു മകനുണ്ട് ഈ ദമ്പതികൾക്ക്, നീലൻ എന്നു വിളിക്കുന്ന നീലാംശ്. 'നീലനാണ് ഭാഗ്യം കൊണ്ടുവന്നത്,' ചിരിയോടെ ചന്തുനാഥ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.