scorecardresearch
Latest News

Chalakkudikkaran Changathi Review: ഉത്തരം കിട്ടാത്ത ചോദ്യങ്ങളും നിറയുന്ന കണ്ണുകളും: ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ റിവ്യൂ

Vinayan’s Directorial Chalakkudikkaran Changathi Movie Review: മരണത്തിനപ്പുറം നിന്ന് മണി തന്റെ ജീവിതം പറയുമ്പോൾ ‘ചാലക്കുടിക്കാരൻ ചങ്ങാതി’ പ്രേക്ഷകരുടെ മനസ്സിലൊരു നോവായി മാറുകയാണ്

Malayalam Drama Movie Chalakkudikkaran Changathi Review
Malayalam Drama Movie Chalakkudikkaran Changathi Review

Biopic of Late Actor Kalabhavan’s Chalakkudikkaran Changathi Movie Review: ഏഴാകാശങ്ങളും ഏഴ് ഭൂമികളും സ്വന്തമായുള്ള ദൈവത്തിന്റെ ഒറ്റപ്പെടലിനെ കുറിച്ച് ഒരിക്കൽ പി കെ പാറക്കടവാണ് എഴുതിയത്. ചുറ്റുമുള്ളവർക്ക് മുന്നിൽ ‘ദൈവ’മായി മാറുന്ന ചില മനുഷ്യരും അത്തരം ഏകാന്തതയിലൂടെ കടന്നു പോവുന്നുണ്ടാവണം. അങ്ങനെയൊരു ഏകാന്തതയിലൂടെയാണോ അവസാന നാളുകളിൽ മണി കടന്നു പോയിരുന്നത്? ആൾക്കൂട്ടത്തിനിടയിലും ഉള്ളിന്റെയുള്ളിൽ ഏകാന്തതയും ആരോടും പറയാതെ പോയ ചില ആത്മസംഘർഷങ്ങളും അയാൾ കൊണ്ടു നടന്നിരുന്നോ? അതും കൂടിയാകുമോ, അയാളെ കടുത്ത മദ്യപാനത്തിലേക്കും വിരക്തിയിലേക്കും നയിച്ചത്?

അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ജീവിതം ആധാരമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ കണ്ടിറങ്ങുമ്പോൾ മനസ്സിൽ അത്തരം ചില ചോദ്യങ്ങളാണ് ഉയര്‍ന്നു വരുന്നത് . മരണത്തിനപ്പുറം നിന്ന് മണി തന്റെ ജീവിതം പറയുമ്പോൾ ‘ചാലക്കുടിക്കാരൻ ചങ്ങാതി’ പ്രേക്ഷകരുടെ മനസ്സിലൊരു നോവായി മാറുകയാണ്.

Biopic of Late Actor Kalabhavan’s Chalakkudikkaran Changathi Movie Review: മഴ പെയ്താൽ ചോർന്നൊലിക്കുന്ന കുടിലിൽ നിന്ന്, പട്ടിണിയിൽ നിന്ന്, കറുത്തവനായതിന്റെ പേരിലുള്ള പുച്ഛിച്ചു തള്ളലുകളിൽ നിന്ന് ദക്ഷിണേന്ത്യ മുഴുവൻ അറിയപ്പെടുന്ന താരമായി ഉയർന്ന ആ ജീവിതം, ഏതോ ചാലക്കുടിക്കാരൻ സിനിമയിൽ പറഞ്ഞു പോവുന്നതുപോലെ ‘എല്ലാം മോളിലിരിക്കുന്നവന്റെ ഒരു കറക്കി കുത്തൽ’ എന്നു പറഞ്ഞു ലളിതവത്കരിക്കാനാവുന്ന ഒന്നല്ല. മണിയെന്ന മനുഷ്യന്റെ ഇച്ഛാശക്തിയുടെ ഫലമായിരുന്നു ജീവിതത്തിലെ ആ ഉയർച്ചകളത്രയും.

അയാൾ പട്ടിണിയിൽ നിന്നുമൊരു മോചനം സ്വപ്നം കണ്ടു, കലയിലൂടെ ജീവിതം കരകയറുന്നത് സ്വപ്നം കണ്ടു. ആ സ്വപ്നങ്ങളെല്ലാം അയാൾ കയ്യെത്തി തൊടുകയും ചെയ്തു. പക്ഷേ, ഒരു സ്വപ്നം മാത്രം അയാൾക്ക് കയ്യെത്തി തൊടാനായില്ല. അതുകൊണ്ടാണ്, ‘ഞാൻ എത്ര വലുതായാലും ആളുകൾക്ക് ആ തെങ്ങേറ്റകാരൻ തന്നെയാ’ എന്ന് വേദനയോടെ അയാൾക്ക് പറയേണ്ടി വന്നത്. ‘ദ്രാവിഡ മഹാരാജാ’വെന്ന കളിയാക്കലിനെ വേദനയോടെ കേട്ടിരിക്കേണ്ടി വന്നത്.

Read More: സിനിമ വീണ്ടും ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യെ തേടിയെത്തുമ്പോള്‍

ഒരർത്ഥത്തിൽ, മണിയുടെ ജീവിതം പട്ടിണിയോടും കഷ്ടപ്പാടുകളോടും മാത്രമുള്ള പോരാട്ടമല്ലായിരുന്നു. തന്റെ ദളിത് സ്വത്വത്തിന് എതിരെയുള്ള സമൂഹത്തിന്റെ മനോഭാവത്തോടു കൂടിയായിരുന്നു അയാളുടെ പോരാട്ടം. ഒരു ചാലക്കുടിക്കാരൻ നാട്ടിൻപുറത്തുകാരന്റെ പരിമിതമായ അറിവിലും നിഷ്കളങ്കതയിലും നിന്ന് കൊണ്ടാണെങ്കിലും ഒരു ജീവിതമുടനീളം അയാൾ പോരാടിയത് ‘കറുത്തവനെന്ന’ ലേബലിനോടും ജാതിവ്യവസ്ഥയുടെ അടിച്ചമർത്തലുകളോടുമായിരുന്നു. പക്ഷേ, ആ പോരാട്ടത്തിൽ തോറ്റു പോയൊരു മണിയെ കൂടി കാണിച്ചു തരികയാണ് ‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന ചിത്രം. അയാൾ ഏറ്റുവാങ്ങിയ ആ തോൽവി തന്നെയാണ്, ജീവിതം അര്‍ദ്ധവിരാമത്തിൽ നിറുത്തി മണി മടങ്ങുമ്പോൾ ആ വിയോഗത്തെ ദുരന്തപര്യവസായി ആക്കി മാറ്റുന്നതും.

Image may contain: 3 people, people smiling, people standing and outdoor

Biopic of Late Actor Kalabhavan’s Chalakkudikkaran Changathi Movie Review: കലാഭവന്‍ മണിയുടെ കുട്ടിക്കാലം, ചെറുപ്പകാല ജീവിതം, അദ്ദേഹം നേരിട്ട ജാതി വിവേചനങ്ങള്‍, തകര്‍ന്നു പോയ പ്രണയങ്ങള്‍ എന്നിവയിലൂടെയാണ് സിനിമയുടെ ആദ്യ പകുതി പുരോഗമിക്കുന്നത്. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സെന്തിലിന്റെ രാജാമണി, കലാഭവന്‍ മണിയായി പകര്‍ന്നാട്ടം നടത്തുന്നതില്‍ ഒരു വലിയ അളവ് വരെ വിജയിച്ചു എന്ന് പറയാം.

കലാഭവന്‍ മണി സിനിമയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെക്കാളും എത്രയോ മടങ്ങ്‌ വലുതാണ്‌ ജീവിതത്തിലെ കലാഭവൻ മണി എന്ന പച്ച മനുഷ്യൻ. സെന്തിലിനെ സംബന്ധിച്ച് ഏറെ വെല്ലുവിളി ഉയർത്തുന്ന ഒരു റോളാണ് ഇത്. തന്റെ കഥാപാത്രത്തോട് പരമാവധി നീതി പുലർത്തി, കണ്‍വിന്‍സിംഗ് ആയ രീതിയിൽ തന്നെ അഭിനയിച്ചു ഫലിപ്പിക്കാൻ സെന്തിൽ ശ്രമിച്ചിട്ടുണ്ട്. പാവങ്ങളുടെ സൂപ്പർ സ്റ്റാർ ആയി ജീവിച്ച, കൂലിക്ക് കൂവാൻ കയറിയ സിനിമാ ‘തുരങ്ക’ജീവികളെ കൊണ്ടു വരെ കയ്യടിപ്പിക്കാൻ കഴിഞ്ഞ മണിയെന്ന കഥാപാത്രത്തെ കയ്യടത്തോടെ തന്നെ സെന്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

ഒരു നാട്ടിൻപ്പുറത്തിന്റെ ഹൃദ്യമായ കാഴ്ചകളിൽ നിന്നും രണ്ടാം പകുതിയിലെത്തുന്നതോടെ സിനിമയുടെ അരങ്ങു മാറുകയാണ്. അതു വരെ സുഗമമായി പോയ കഥ എവിടെയാണ് ചെന്നവസാനിക്കുക എന്ന് പ്രേക്ഷകർക്ക് അറിയാമെങ്കിലും, മരണമെന്ന ക്രാഷ് ലാൻഡിംഗിലേക്ക് എത്തുന്ന നാൾവഴികൾ എങ്ങനെയാണെന്ന് അറിയാനുള്ള ത്വര രണ്ടാം പകുതിയെ മുന്നോട്ട് നയിക്കും.

 

Biopic of Late Actor Kalabhavan’s Chalakkudikkaran Changathi Movie Review: താരവിലക്കിനെ കുറിച്ചും താര-സംവിധായക സംഘടനകളെ കുറിച്ചും സിനിമയിലെ ജാതിമേൽക്കൊയ്മയെ കുറിച്ചും ശത്രുപക്ഷത്തു ചേർന്ന ചങ്ങാതിയെ കുറിച്ചുമൊക്കെ പറഞ്ഞു പോവുന്നുണ്ട് സിനിമ. ഈ ഘടകങ്ങളെല്ലാം എങ്ങനെയാണ് മണിയുടെ ജീവിതത്തിലെ വില്ലൻ പരിവേഷം കൈകൊണ്ടതെന്ന് പ്രേക്ഷകർക്ക് കൂട്ടിവായിക്കാം. അത്തരം സാധ്യതകളുടെ വാതിലുകൾ കൂടി തുറന്നിടുകയാണ് സംവിധായകൻ.

മരണത്തെക്കുറിച്ചുള്ള വിവാദങ്ങളും അതിന്റെ തീര്‍പ്പുകളും, പ്രതീക്ഷിച്ച പോലെ ചര്‍ച്ച ചെയ്യുന്നില്ല ചിത്രം, പകരം മണിയുടെ ജീവിതം തന്നെയാണ് ചിത്രത്തിന്റെ ഫോക്കസ്. തന്റെ ആദ്യ ചിത്രത്തിൽ ഒരു ഓട്ടോക്കാരനായി അഭിനയിക്കാൻ വന്ന മണിയെ അൽപ്പം പുച്ഛത്തോടെ നോക്കി കാണുന്ന ഒരു സൂപ്പർസ്റ്റാർ പോലും ഒടുവിൽ തിരുത്തി പറയുന്നുണ്ട്, ” അത് അയാൾ ചെയ്താലേ ശെരിയാവൂ, അവൻ വരും വരെ ഞാൻ വെയിറ്റ് ചെയ്തോളാം”എന്ന്.

മണിയുടെ വളർച്ചയുടെ ഗ്രാഫ് രേഖപ്പെടുത്തുന്നതിനൊപ്പം തന്നെ, നടനെന്ന നിലയിൽ ജയിച്ചു കയറുമ്പോഴും സമൂഹത്തിന്റെ മനോഭാവത്തിനു മുന്നിൽ തോറ്റു പോവുന്ന, അഭിനയം തന്നെ നിർത്തിയാലോ എന്ന് ഒരാവർത്തി ആലോചിച്ചു പോവുന്ന ഒരു മനുഷ്യന്റെ വ്യഥകളിലേക്ക് കൂടി നമ്മെ കൊണ്ടു പോവുന്നുണ്ട് സംവിധായകൻ.

Image may contain: 3 people, people smiling, people standing

Biopic of Late Actor Kalabhavan’s Chalakkudikkaran Changathi Movie Review:

സാങ്കേതിക മികവിനേക്കാളും, മണിയുടെ ജീവിതം അടുത്ത് നിന്ന് കണ്ടൊരാള്‍ പറയുന്ന കഥ എന്ന ഊഷ്മളതയാണ് ചിത്രത്തിൽ നിറയുക. കലാഭവൻ മണിയുടെ ജീവിതം പറഞ്ഞു പോകുമ്പോൾ അത് വിനയന്റെ കൂടി കഥയാവുന്നതും ആ അടുപ്പത്തിന്റെ ആഴം കൊണ്ടാവാം. മണിയെ അറിഞ്ഞ മലയാളികള്‍ക്ക് ഒരിക്കലെങ്കിലും കണ്ണ് നിറയാതെ കണ്ടിരിക്കാനാവില്ല ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’. വിനയന്റെ ട്രീറ്റ്മെന്റ് വിജയിക്കുന്നത് അവിടെയാണ്. ഭാഷാഭേദമന്യേ ദക്ഷിണേന്ത്യയിൽ പ്രശസ്തനായ മണിയുടെ ‘അഭിനയജീവിത’ത്തെ വിശാലമായ ഒരു ക്യാൻവാസിലേക്ക് പകർത്താൻ കഴിഞ്ഞിട്ടില്ല എന്ന പരിമിതി ഈ ചിത്രത്തിനുണ്ട്. എന്നാൽ അതിനെ വൈകാരിക അംശം കൊണ്ട് സംവിധായകൻ മറികടക്കുന്നു.

കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലും സംവിധായകൻ എന്ന രീതിയിൽ വിനയൻ വിജയിച്ചിട്ടുണ്ട്. സലീം കുമാറിന്റെയും ധർമ്മജന്റെയും വിഷ്ണു ഗോവിന്ദിന്റെയുമെല്ലാം കഥാപാത്രങ്ങൾ അതിനു ഉദാഹരണമാണ്. എപ്പോഴും പട്ട പുറത്തു ജീവിക്കുന്ന മണിയുടെ അച്ഛന്റെ വേഷത്തിലെത്തിയ സലീം കുമാറും സുഹൃത്തുക്കളായെത്തിയ ധർമ്മജനും വിഷ്ണുവുമൊക്കെ സിനിമയുടെ മുന്നോട്ടുള്ള പോക്കിന് തങ്ങളുടേതായ സംഭാവനകൾ നൽകുന്നുണ്ട്.

പ്രസവം നിറുത്തിയ ഭാര്യ വീണ്ടും ഗർഭിണിയാകുമെന്നും ജനിക്കുന്ന മകൻ സിനിമാതാരമാകുമെന്നും പറഞ്ഞ ഒരു കാക്കാത്തിചൊല്ലിനെ സ്വപ്നമായി കൊണ്ടു നടന്ന അച്ഛനായി സലീംകുമാർ തിളങ്ങി. പോസ്റ്ററിൽ ‘കറുത്ത മുത്ത്​’ എന്നെഴുതിയ ആളോട് ‘വെളുത്ത മുത്ത്’ എന്നു മാറ്റിയെഴുതാൻ ആക്രോശിക്കുന്ന സ്നേഹനിധിയായ അച്ഛനാണ് അയാൾ.

ആ അച്ഛന്റെ മകന് ‘തേച്ചാലും മായ്ച്ചാലും ജീവചരിത്രം മനസ്സിൽ നിന്നും പോകില്ല’ എന്ന ഉത്തമബോധ്യമുണ്ട്. അതാവണം, കലാരംഗത്ത് ഉയരങ്ങൾ കീഴടക്കിയിട്ടും അയാൾ താരസിംഹാസനങ്ങളിൽ ഇരിപ്പുറപ്പിക്കാതെ, പാഡിയുടെ ചതുപ്പിനോട് ചേർന്നു തന്നെ നിന്നത്. സിനിമയിലെ കിടമത്സരങ്ങളൊന്നും അയാളിലെ ‘നിഷ്കളങ്ക’ന് മനസ്സിലായില്ല, നിന്നു കൊടുക്കേണ്ടി വരുന്ന ഗതികേടുകളിൽ നൊന്ത്, നന്ദിയില്ലാത്തവൻ, തെമ്മാടി എന്നൊക്കെ അയാൾ അയാളെ തന്നെ കുറ്റപ്പെടുത്തി തലതാഴ്ത്തി. അയാളെ പോലെയുള്ള, പച്ചമനുഷ്യരാണ് അയാളുടെ ചുറ്റും നിറഞ്ഞതും. അതുകൊണ്ടാവാം, മണിക്കൊപ്പം അത് ചാലക്കുടിക്കാരുടെ കൂടെ കഥയാവുന്നത്. മനസ്സിനെ സ്പർശിക്കുന്ന രീതിയിൽ കഥ പറഞ്ഞു പോവുന്നതിൽ തിരക്കഥ വിജയിച്ചിട്ടുണ്ട്.

Biopic of Late Actor Kalabhavan’s Chalakkudikkaran Changathi Movie Review: മനസ്സിനെ വല്ലാതെ സ്‌പർശിച്ചു മുന്നോട്ടു പോവുന്ന നിരവധി കഥാമുഹൂർത്തങ്ങളുണ്ട് ചിത്രത്തിൽ. ” നമുക്കെല്ലാം ചിലപ്പോൾ ജീവിതത്തിലും അഭിനയിക്കേണ്ടി വരും. ചേട്ടനത് മനസ്സിലാവാതെ പോവുന്നത് നിങ്ങളൊരു പച്ചമനുഷ്യൻ ആയതോണ്ടാ,” എന്ന് ഹണി റോസിന്റെ കഥാപാത്രം മണിയോട് പറയുന്നുണ്ട്. പലയിടത്തും സംഭാഷണങ്ങളും മികവു പുലർത്തി.

ജോയ് മാത്യു, സുധീർ കരമന, കോട്ടയം നസീർ, ജോജു ജോർജ്, വിഷ്ണു ഗോവിന്ദൻ, ഹണി റോസ്, രമേഷ് പിഷാരടി, കൃഷ്ണ തുടങ്ങി മികച്ചൊരു താരനിര തന്നെയുണ്ട് ചിത്രത്തിൽ.

ചിത്രത്തിലെ പാട്ടുകളാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്ന മറ്റൊരു പ്രധാന ഘടകം. മണി തന്നെ പാടി പ്രശസ്തമാക്കിയ പാട്ടുകളെ ബുദ്ധിപൂർവ്വം തന്നെ ഈ ചിത്രത്തിലും അവതരിപ്പിച്ചിട്ടുണ്ട്. മണിനാദം മുഴങ്ങുന്ന പാട്ടുകൾക്കുമൊപ്പം ചുവടുവെയ്ക്കുന്ന ചെറുപ്പക്കാരെയാണ് ഇന്ന് തിയേറ്ററിൽ കണ്ടത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Chalakkudikkaran changathi movie review audience response vinayan kalabhavan mani