സനല്‍കുമാര്‍ ശശിധരനു പിന്നാലെ ഐഎഫ്എഫ്കെയ്ക്കും ചലച്ചിത്ര അക്കാദമിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതാപ് ജോസഫും. കേരളത്തിന്‍റെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലായ ഐഎഫ്എഫ്കെ സ്ഥാപിത ലക്ഷ്യങ്ങള്‍ക്ക് വഴങ്ങിയെന്നും ജൂറി തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ കടന്നുവരികയാണ് എന്നും പ്രതാപ് ജോസഫ് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ ഏറെ അംഗീകാരങ്ങള്‍ കൈപറ്റിയ സുദേവന്‍റെ ക്രൈം നമ്പര്‍ :89, ഡോണ്‍ പാലത്തറയുടെ ശവം, സനല്‍കുമാര്‍ ശശിധരന്‍റെ സെക്സി ദുര്‍ഗ എന്നീ സിനിമകളുടെ ഛായാഗ്രാഹകന്‍ കൂടിയായ പ്രതാപ് ജോസഫ് നിര്‍മിച്ച സിനിമകളെ ഇന്നേവരെ ഐഎഫ്എഫ്കെയോ കേരളത്തിലെ അന്താരാഷ്ട്ര ഡോക്യുമെന്ററി ആന്റ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലോ (ഐഡിഎസ്എഫ്കെ) പ്രദര്‍ശനത്തിനു തിരഞ്ഞെടുത്തിട്ടില്ല.

പ്രതാപ് ജോസഫ് സംവിധാനം ചെയ്ത ’52 സെകന്‍റെ്’ പോസ്റ്റര്‍

വ്യവസായ സിനിമകളെ തിരുകികയറ്റിക്കൊണ്ട് സിനിമാ ഇന്‍ഡസ്ട്രിയുമായി പങ്കുകച്ചവടം നടത്തുകയാണ് ഐഎഫ്എഫ്കെയെന്നു പറഞ്ഞ പ്രതാപ് ജോസഫ്. “ഈ വീതംവെക്കലുകളിലും സ്ഥാപിത താത്പര്യങ്ങളിലും പുതിയ കലാകാരന്മാര്‍ തിരസ്കരിക്കപ്പെടുന്നു.” എന്നും വിമര്‍ശിച്ചു. “ജൂറിയുടെ തിരഞ്ഞെടുപ്പുകളില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കാണുന്ന പ്രവണതയാണ്. ജൂറിയിലിരിക്കുന്നവരുടെ താത്പര്യങ്ങളെയാണ് ഇത് കാണിക്കുന്നത്. കലാപരമായി മൂല്യമുള്ള ചിത്രങ്ങള്‍ കണ്ടെത്തി പ്രോത്സാഹനമാവുക എന്നതാവണം ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഫെസ്റ്റുകളുടെ ലക്ഷ്യം. എന്നാല്‍ അതിനിടയില്‍ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന ചലച്ചിത്രങ്ങളെ കൂടി തിരുകി കയറ്റുക എന്ന സ്ഥാപിത താത്പര്യമാണ് ഇപ്പോള്‍ നടക്കുന്നത്.” പ്രതാപ് ജോസഫ് പറഞ്ഞു.

സ്വതന്ത്ര സിനിമയ്ക്ക് വേണ്ടി പലതും ചെയ്യാന്‍ സാധിക്കുന്ന ഫെസ്റ്റിവലിനെ ലക്ഷ്യബോധമില്ലാതെ നയിക്കുകയാണ് അക്കാദമി എന്നു പ്രതാപ് ജോസഫ് നിരീക്ഷിക്കുന്നു. “ഐഎഫ്എഫ്കെ പോലൊരു അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിന്‍റെ രീതി നോക്കുകയാണ് എങ്കില്‍ എല്ലാ വര്‍ഷവും പത്ത് പ്രാദേശിക ചിത്രങ്ങളാണ് തിരഞ്ഞെടുക്കുന്നത്. ഇത് എല്ലാ വര്‍ഷവും പത്തില്‍ ഒതുക്കണം എന്നില്ല. ഇനി കലാമൂല്യമുള്ള ചിത്രങ്ങളുടെ എണ്ണം കുറവാണ് എങ്കില്‍ അതിന്‍റെ എണ്ണം കുറക്കാവുന്നതുമാണ്. ഫെസ്റ്റിവലിനെ താരനിശയാക്കുക എന്നതിലാണ് അക്കാദമി കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. ” റഷ്യന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലില്‍ മികച്ച സിനിമറ്റോഗ്രാഫറായി തിരഞ്ഞെടുക്കപ്പെട്ട പ്രതാപ് ജോസഫ് പറഞ്ഞു.

Read More : ഐഎഫ്എഫ്കെ സ്വതന്ത്ര സിനിമകളുടെ കൊലക്കളം: സനല്‍കുമാര്‍ ശശിധരന്‍

ഐഎഫ്എഫ്കെയില്‍ വളര്‍ന്നു വരുന്ന ഈ പ്രവണതയ്ക്ക് മുഖ്യധാരയുടെ സമ്മര്‍ദ്ദം ഉണ്ടാവാം എന്ന് പറഞ്ഞ സംവിധായകന്‍ കുറച്ചുകൂടി പ്രതീക്ഷയുണ്ടായിരുന്ന ഐഡിഎസ്എഫ്കെയും ഇതേ അവസ്ഥയിലേക്കാണ് നീങ്ങുന്നത് എന്നും വിമര്‍ശിച്ചു. “കാലഹരണപ്പെട്ട സിനിമാ സങ്കല്‍പ്പങ്ങള്‍ ഉള്ള പലരുമാണ്‌ ജൂറിയില്‍ ഇരിക്കുന്നത് എന്നാണു ഇതിനൊരു കാരണമായി തോന്നിയിട്ടുള്ളത്. അവരുടെ മീഡിയോക്കര്‍ അഭിരുചികള്‍ക്കൊത്ത സിനിമകളാണ് പലപ്പോഴും തിരഞ്ഞെടുക്കപ്പെടുന്നത്. പുതുതിനെ സ്വീകരിക്കുന്നതില്‍ അവര്‍ വെച്ചുപുലര്‍ത്തുന്ന വിമുഖതയും സ്പഷ്ടമാണ്.” പ്രതാപ് ജോസഫ് പറയുന്നു.

‘അവള്‍ക്കൊപ്പം’ പോസ്റ്റര്‍

ഐഎഫ്എഫ്കെയുടെ ഉത്തരവാദിത്വം അന്താരാഷ്ട്ര തലത്തില്‍ കലാമൂല്യമുള്ള സിനിമകളെ തിരഞ്ഞെടുക്കുക മാത്രമല്ല. അത്തരത്തില്‍ കേരളത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന സിനിമകളെ വിദേശ ഫെസ്റ്റുകളിലേക്ക് എത്തിക്കുക കൂടിയാണ് എന്ന് നേരത്തെ സനല്‍കുമാര്‍ ശശിധരന്‍ അഭിപ്രായപ്പെട്ടിരുന്നു. ഐഎഫ്എഫ്കെയെക്കാള്‍ കുറഞ്ഞ ഫെസ്റ്റിവല്‍ പോലും കൂടുതല്‍ കാര്യക്ഷമമായാണ് കാര്യങ്ങള്‍ ചെയ്യുന്നത്. കലാമൂല്യമുള്ള സിനിമകള്‍ക്കും മാര്‍ക്കറ്റൊരുക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. വിവിധ ഫെസ്റ്റുകളില്‍ നിന്നും ക്യൂരേറ്റര്‍മാരെ കൊണ്ടുവരാനൊക്കെ ഐഎഫ്എഫ്കെയ്ക്ക് സാധിക്കും. ഗോവയിലെ ഫെസ്റ്റിവല്‍ നോക്കുകയാണ് എങ്കില്‍ അവിടെ ഇതിലും ഭേദപ്പെട്ട സംവിധാനമാണ് ഉള്ളത്. ഇക്കാര്യങ്ങളില്‍ ഐഎഫ്എഫ്ക്കെ ഒട്ടും താത്പര്യം എടുക്കുന്നില്ല എന്നതാണ് കാര്യം. ” പ്രതാപ് ജോസഫ് പറഞ്ഞു.

പ്രതാപ് ജോസഫ് സംവിധാനം ചെയ്ത ഫ്രെയിം (2006),കാണുന്നുണ്ടോ (2012), കുറ്റിപ്പുറം പാലം (2014), അവൾക്കൊപ്പം (2016), 52 സെക്കൻഡ്സ്‌ (2017), രണ്ടുപേർ ചുംബിക്കുമ്പോൾ (2017) എന്നിവയൊക്കെ ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന രണ്ടുഫെസ്റ്റുകളില്‍ തിരസ്കരിക്കപ്പെടുകയും മറ്റു ഫെസ്റ്റുകളില്‍ അംഗീകാരങ്ങളും ഏറെ പ്രേക്ഷകപ്രശംസയും പിടിച്ചുപറ്റിയ സൃഷ്ടികളാണ്. “പൊളിറ്റിക്കലി മോട്ടിവേറ്റായ സിനിമകളെ സ്വീകരിക്കുന്നതിലും ഇതേ വിമുഖത കാണിക്കുന്നുണ്ട് എന്നാണ് അനുഭവപ്പെട്ടിട്ടുള്ളത്.” 52 സെക്കൻഡ്സ്‌ , രണ്ടുപേർ ചുംബിക്കുമ്പോൾ എന്നിവയെ തിരഞ്ഞെടുക്കാത്ത ഐഎഫ്എഫ്കെ ജൂറിയുടെ തീരുമാനത്തെക്കുറിച്ച് ആരാഞ്ഞപ്പോള്‍ പ്രതാപ് പറഞ്ഞു.

Read More : ‘അഹങ്കാരമെന്ന് വിളിച്ചോളു, സെക്സി ദുര്‍ഗ ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കില്ല’; സനല്‍കുമാര്‍ ശശിധരന്‍

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ