ഓടിടി പ്ലാറ്റ്ഫോമായ സോണി ലിവിൽ പ്രദർശിപ്പിക്കുന്ന ’ചുരുളി’യുടെ പതിപ്പ് സർട്ടിഫൈഡ് അല്ലെന്ന് വ്യക്തമാക്കി സെൻസർ ബോർഡ് രംഗത്ത്. ചിത്രത്തിലെ അശ്ലീല/ അസഭ്യ സംഭാഷണങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് വിശദീകരണവുമായി സെൻസർ ബോർഡ് രംഗത്തെത്തിയിരിക്കുന്നത്.
“സോണി ലിവ് എന്ന ഒടിടി പ്ലാറ്റ്ഫോം വഴി പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്ന മലയാളം ഫീച്ചര്‍ ഫിലിം ‘ചുരുളി’, പ്രസ്തുത സിനിമയുടെ സര്‍ട്ടിഫൈഡ് പതിപ്പല്ലെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് (സിബിഎഫ്സി) റീജിയണല്‍ ഓഫീസര്‍ ശ്രീമതി. പാര്‍വതി വി അറിയിച്ചു.
ചുരുളി മലയാളം ഫീച്ചര്‍ ഫിലിമിന് സിനിമാട്ടോഗ്രാഫ് ആക്ട് 1952, സിനിമാട്ടോഗ്രാഫ് സര്ട്ടിഫിക്കേഷന് റൂള്‍സ് -1983, ഇന്ത്യാ ഗവണ്മെന്റ് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവക്ക് അനുസൃതമായി സിബിഎഫ്സി മുതിര്‍ന്നവര്‍ക്കുള്ള എ സര്‍ട്ടിഫിക്കറ്റ് തന്നെയാണ് ലഭ്യമാക്കിയിട്ടുള്ളത്. 2021 നവംബര്‍ 18നാണ് സര്‍ട്ടിഫിക്കറ്റ് നമ്പര്‍ DIL/3/6/2021-THI പ്രകാരം അനുയോജ്യമായ മാറ്റങ്ങളോടെ മുതിര്‍ന്നവര്‍ക്കുള്ള ‘എ’ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയത്.
മാധ്യമങ്ങളിലും, വിശേഷിച്ച് സമൂഹ മാധ്യമങ്ങളിലും ചുരുളി സിനിമയുടെ സര്‍ട്ടിഫിക്കേഷനെ സംബന്ധിച്ച് ഊഹാപോഹങ്ങളും വസ്തുതാപരമായി തെറ്റായ റിപ്പോര്‍ട്ടുകളും വ്യാപകമാവുന്നതായി പൊതുജനങ്ങളില്‍ നിന്നും ലഭിച്ച പരാതികളിലൂടെ ബോധ്യപ്പെട്ടതായും സിബിഎഫ്സി റീജിയണല്‍ ഓഫീസര്‍ അറിയിച്ചു.
കഴിഞ്ഞ ഐഎഫ്എഫ്കെയിൽ ‘ചുരുളി’ പ്രദർശിപ്പിച്ചപ്പോൾ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് നൽകിയ പതിപ്പാണ് പ്രദർശിപ്പിച്ചത്. എന്നാൽ, ഇപ്പോൾ ഓടിടിയിൽ റിലീസ് ചെയ്തിരിക്കുന്നത് സംഭാഷണങ്ങൾ റീഡബ്ബ് ചെയ്ത പതിപ്പാണ്.