കൊച്ചി: സനല്‍കുമാര്‍ ശശിധരന്റെ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെ തുടര്‍ന്നുള്ള വിവാദങ്ങള്‍ കെട്ടണയവേ മറ്റൊരു മലയാളം സിനിമകൂടെ സെന്‍സര്‍ ബോര്‍ഡിന്റെ കുരുക്കില്‍ വീണിരിക്കുകയാണ് ഇപ്പോള്‍. നവാഗതനായ ജുബിത് നമ്രടത്ത് സംവിധാനം ചെയ്ത ‘ആഭാസം’ എന്ന സിനിമയ്ക്കാണ് സംഭാഷണങ്ങളുടെ പേരില്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ടത്. ‘വ്യവസ്ഥകള്‍ക്കെതിരെ സിനിമ’ എന്ന കാരണം നിരത്തിയ സെന്‍സര്‍ബോര്‍ഡ് ചില ‘സംഭാഷണങ്ങള്‍ മുറിച്ചുകളഞ്ഞാല് എ സര്‍ട്ടിഫിക്കറ്റ് എങ്കിലും തരാം’ എന്നും പറഞ്ഞതായി ജുബിത് പറയുന്നു. സെന്‍സര്‍ബോര്‍ഡിന്റെ തീരുമാനത്തിന്റെ പേരില്‍ ഇപ്പോള്‍ റിവ്യൂ കമ്മറ്റിയെ സമീപിച്ചിരിക്കുകയാണ് സംവിധായകന്.
സെന്‍സര്‍ബോര്‍ഡിന്റേത് തീരുമാനിച്ചുറപ്പിച്ച നയമാണ് എന്ന് സംശയിക്കുന്നതായി ജുബിത് പറയുന്നു. ” സ്വാഭാവികമായി സെന്‍സര്‍ബോര്‍ഡിനെ സിനിമയുമായി സമീപിക്കുമ്പോള്‍ നമ്മള് പ്രതീക്ഷിക്കു ന്നത് പടം കണ്ടുകഴിഞ്ഞ ശേഷം അവര്‍ അഭിപ്രായഭിന്നതയുള്ളതും തിരുത്തേണ്ടതുമായ കാര്യങ്ങള്‍ അവതരിപ്പിക്കും എന്നാണ്. ഈ പടം കണ്ടുകഴിഞ്ഞപ്പോള്‍ അവര്‍ മുറിച്ചുകളയേണ്ട പത്തിന് മുകളില്‍ സംഭാഷണങ്ങള്‍ പറയുകയും അത് ചെയ്താല്‍ എ സര്‍ട്ടിഫിക്കറ്റ് തരാം എന്ന് അറിയിക്കുകയുമാണ് ചെയ്തത്. ” ജുബിത് ഇന്ത്യന്‍ എക്സ്പ്രസ്സ് മലയാളത്തോട് പറഞ്ഞു.
ഒരു ക്ലീന്‍ ‘യു’ സര്‍ട്ടിഫിക്കറ്റ് ഒന്നും പ്രതീക്ഷിക്കാതെ തന്നെയാണ് സെന്‍സര്‍ബോര്‍ഡിനെ സമീപിക്കുന്നത് എന്ന് ജുബിത് പറയുന്നു. ‘യു/എ’ സര്‍ട്ടിഫിക്കറ്റ് ആയിരുന്നു പ്രതീക്ഷിച്ചത്. “പടത്തിന്റെ പേരും മറ്റ് മുന്‍വിധികളും ഇല്ലാതെ സിമ്പിളായി കാണുകയാണ് എങ്കില്‍ മലയാളം സിനിമയിലുള്ള പകുതി വൃത്തികേടുകളും ദ്വയാര്‍ത്ഥപ്രയോഗങ്ങളും ഒന്നുമില്ലാത്ത സിനിമയാണ് ആഭാസം.” അത്തരത്തിലെത്ര സിനിമകള്‍ക്ക് ‘യു/എ’ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട് എന്നാണ് ജുബിത് ചോദിക്കുന്നത്.
സാമൂഹ്യപ്രാധാന്യമുള്ള ഒരാക്ഷേപഹാസ്യമായ ആഭാസം ‘ആര്‍ഷഭാരത സംസ്കാരത്തിന്റെ’ ചുരുക്കപ്പേരാണ്. സുരാജ് വെഞ്ഞാറമൂട് റീമാ കല്ലിങ്കല്‍, അലൻസിയർ ലേ ലോപ്പസ്, സാമൂഹ്യപ്രവര്‍ത്തകയായ ശീതള്‍ ശ്യാം എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ കഥ ഗാന്ധി, അംബേദ്കര്‍, മാര്‍ക്സ്, ഗോഡ്സെ, ജിന്ന എന്നീ പെരുകളുള്ള നാലു ബസ്സുകള്‍ കേന്ദ്രീകരിച്ചാണ് പുരോഗമിക്കുന്നത്. രാജീവ് രവിയുടെ നേതൃത്വത്തിലുള്ള ‘കലക്ടീവ് ഫേസ് വണ്‍ ‘ നിര്‍മാണ പങ്കാളിയാവുന്ന ചിത്രത്തിന്റെ നിര്‍മാതാവ് സഞ്ജു എസ് ഉണ്ണിത്താന് ആണ്.
” എ സര്‍ട്ടിഫിക്കറ്റ് ആണ് കിട്ടുന്നതില്‍ രംഗങ്ങള്‍ മുറിച്ചുകളയേണ്ട ആവശ്യമെന്താണ് എന്നൊരു ചോദ്യമുണ്ട്. എ സര്‍ട്ടിഫിക്കറ്റ് നല്‍കുക എന്നത് ചിത്രത്തിന്റെ നിര്‍മാതാവിന് കൊടുക്കുന്ന ഒരു പണിയാണ്. എ കിട്ടുന്നതോട് കൂടി ടെലിവിഷന്‍- സാറ്റലൈറ്റ് ഇനത്തിലുള്ള വരുമാനമില്ലാതാകും. ഇങ്ങനെയുള്ള സിനിമ നിര്‍മിക്കുന്നവര്‍ ഇതാണ് അര്‍ഹിക്കുന്നത്” എന്ന് പറയുന്നത് പോലാണ് അത്. ജുബിത് പറഞ്ഞു.
കൃത്യമായ ചില രാഷ്ട്രീയം വെച്ചുപുലര്‍ത്തിക്കൊണ്ടാണ് സെന്‍സര്‍ബോര്‍ഡ് കത്രിക വെക്കുന്നത് എന്ന് ജുബിത് സാക്ഷ്യപ്പെടുത്തുന്നു. ശ്രീനാരായണ ഗുരുവിന്റെത് എന്ന പേരില്‍ ചിത്രത്തില്‍ ഉപയോഗിച്ച ഒരു ഉദ്ധരണി ആണ് സെന്‍സര്‍ബോര്‍ഡ് ചൂണ്ടിക്കാണിച്ച ഒരു കാര്യം. രണ്ടിടങ്ങളില്‍ ഗാന്ധിയെക്കുറിച്ച് ‘വിദൂരമായൊരു സൂചന നല്‍കുന്നതാണ് മറ്റൊരു കാര്യം’ ഈ രണ്ടിടത്തും ആക്ഷേപഹാസ്യത്തിന്റെ സാധ്യതകളെ ഉള്‍ക്കൊള്ളാന്‍ പോലും ആകാത്തതോ അല്ലെങ്കില്‍ അറിഞ്ഞുകൊണ്ട് ചിത്രത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്നതോ ആണ് സെന്‍സര്‍ബോര്‍ഡിന്റെ നിലപാട് എന്ന് ജുബിത്തിന് അനുഭവപ്പെടുന്നത്.

“ഗുരുവിനോട് തമാശ വേണ്ട എന്നായിരുന്നു ഒരു ബോര്‍ഡ് അംഗം പറഞ്ഞത്. മറ്റൊരു രംഗത്ത് സുരാജ് വെഞ്ഞാറമൂട് അഭിനയിച്ച കഥാപാത്രത്തിന്റെ തുട കാണുന്നുവെന്നും തങ്ങള്‍ ആ രംഗം വരുമ്പോള്‍ തലതാഴ്ത്തിയിരിക്കുകയായിരുന്നു എന്നും ചില അംഗങ്ങള്‍ അഭിപ്രായപ്പെടുകയുണ്ടായി.” സെന്‍സര്‍ബോര്‍ഡ് നടപടിക്കെതിരെ റിവ്യൂ കമ്മറ്റിയെ സമീപിക്കുകയാണ് എന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ട് സംവിധായകന് പറയുന്നു.
അതിനിടയില്‍, ആഭാസത്തെ കുറിച്ച് ആരാഞ്ഞപ്പോള്‍ ചിത്രത്തിലെ സംഭാഷണങ്ങള്‍ അശ്ലീലചുവയുള്ളതാണ് എന്നും ദൃശ്യങ്ങള്‍ ഒന്നും മുറിച്ച് കളയാതെതന്നെ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ് എന്നുമാണ് സെന്‍സര്‍ബോര്‍ഡ് അദ്ധ്യക്ഷ പ്രതിഭ ഇന്ത്യന്‍ എക്സ്പ്രസ്സ് മലയാളത്തോട് പ്രതികരിച്ചത്.
‘വ്യവസ്ഥകള്‍ക്കെതിരെയുള്ള സിനിമയാണ് ആഭാസം’ എന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് അഭിപ്രായപ്പെട്ടത് എന്ന് പറഞ്ഞ സംവിധായകന് വ്യവസ്ഥകള്‍ സംരക്ഷിക്കുകയാണോ ബോര്‍ഡിന്റെ പണി എന്നും ആരായുന്നു. റിവ്യൂ കമ്മറ്റിയില്‍ അപ്പീല്‍ പോയിരിക്കുകയാണ് സംവിധായകന്.