ന്യൂഡല്‍ഹി: സ്വവര്‍ഗരതി നിയമവിധേയമാക്കി സുപ്രീംകോടതി. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐ.പി.സി 377ാം വകുപ്പ് സുപ്രീംകോടതി റദ്ദാക്കി. ചരിത്രവിധി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെത്.​ ജീവിതം നിര്‍ണയിക്കുന്ന സുപ്രിംകോടതിയുടെ ചരിത്രപ്രധാനമായ വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് രാജ്യമെങ്ങും എല്‍ജിബിടി സമൂഹം ആഘോഷം സംഘടിപ്പിച്ചു. എല്‍ജിബിടി സമൂഹത്തോട് ചരിത്രം മാപ്പ് പറയാന്‍ കടപ്പെട്ടിരിക്കുന്നുവെന്നാണ് വിധി പുറപ്പെടുവിച്ച സുപ്രിംകോടതി അഞ്ചംഗ ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായ ഇന്ദു മല്‍ഹോത്ര പറഞ്ഞത്. ‘അവകാശങ്ങള്‍ ഉറപ്പാക്കാന്‍ ഇത്രയും വൈകിയതിന് ചരിത്രം എല്‍ജിബിടി സമൂഹത്തോട് മാപ്പ് പറയാന്‍ കടപ്പെട്ടിരിക്കുന്നു’- ഇന്ദു മല്‍ഹോത്ര പറഞ്ഞു.

സമൂഹത്തിന്റെ മേഖലകളില്‍ നിന്നുളള പ്രമുഖര്‍ വിധിയെ സ്വാഗതം ചെയ്ത് രംഗത്തെത്തി. സുപ്രിംകോടതി വിധിയില്‍ അതിയായ സന്തോഷമുണ്ടെന്ന് ട്രാന്‍സ്‍സെക്ഷ്വല്‍ ആക്ടിവിസ്റ്റായ ദയാ ഗായത്രി വ്യക്തമാക്കി. സ്ത്രീയുടെ ശരീരവുമായി ജീവിക്കുന്ന തന്റെ പങ്കാളിയായ ട്രാന്‍സ്മാനാണ് വിധിയുടെ വിവരം തന്നെ അറിയിച്ചതെന്ന് ദയ പറഞ്ഞു. ‘എല്ലാവരുടെ സ്വകാര്യതയും പ്രധാനപ്പെട്ടതാണെന്ന് നമ്മള്‍ മനസ്സിലാക്കണം. നിര്‍ദ്ദയമായ ഈ നിയമം കാരണം നിരവധി പേര്‍ ആത്മഹത്യ ചെയ്യേണ്ടി വന്നു. നിരവധി പേര്‍ വീട്ടുകാരുടെ നിര്‍ബന്ധം മൂലം അനിഷ്ടമായ വിവാഹം സ്വീകരിക്കേണ്ടി വന്നു. എന്നാല്‍ ഇന്ന് ആഘോഷിക്കാനുളള ദിവസമാണ്’, ദയ വ്യക്തമാക്കി.

വിധിയിലൂടെ ആത്മവിശ്വാസവും ജീവിക്കാനുളള സ്വാതന്ത്ര്യവും ആണ് ലഭിക്കുന്നതെന്ന് ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് സൂര്യ പറഞ്ഞു ‘സുപ്രിംകോടതിയുടെ വിധിയുടെ വെളിച്ചത്തില്‍ ഒരു മാറ്റത്തിന്റെ കൈചൂണ്ടിയായി കണ്ട് സമൂഹത്തിന്റെ എല്ലാ തട്ടിലേക്കും എല്‍ജിബിടി സമൂഹത്തെ ഉയര്‍ത്താന്‍ നമുക്ക് കഴിയണമെന്ന് സാഹിത്യകാരന്‍ സക്കറിയ പറഞ്ഞു.

സിനിമാ ലോകത്ത് നിന്നും വിധിയെ സ്വാഗതം ചെയ്ത് താരങ്ങളെത്തി.

വിധി തന്നെ വ്യക്തിപരമായി ഏറെ സന്തോഷിപ്പിക്കുന്നുണ്ടെന്ന് സംവിധായകന്‍ രഞ്ജിത് ശങ്കര്‍ പറഞ്ഞു. ‘ഞാന്‍ മേരിക്കുട്ടി എന്ന ചിത്രം എടുക്കാനുണ്ടായ സാഹചര്യം ഒരാള്‍ക്ക് അവരായി അന്തസോടെ ജീവിക്കാനുളള സ്വാതന്ത്ര്യം ഇല്ലെന്ന തിരിച്ചറിവിലാണ്. സുപ്രിംകോടതിയുടെ വിധിയില്‍ അഭിമാനമുണ്ട്, സന്തോഷമുണ്ട്’- രഞ്ജിത് ശങ്കര്‍ വ്യക്തമാക്കി.

രാജ്യത്തിന് അതിന്റെ ഓക്സിജന്‍ തിരികെ ലഭിച്ചെന്ന് സംവിധായകന്‍ കരണ്‍ ജോഹര്‍ പറഞ്ഞു. ‘ചരിത്രപരമായ വിധി, വളരെയധികം അഭിമാനമുണ്ട്. മനുഷ്യത്വത്തിനും തുല്യ അവകാശങ്ങള്‍ക്കുമുളള ഊര്‍ജ്ജമാണ് സുപ്രിംകോടതി വിധി. രാജ്യത്തിന് അതിന്റെ ഓക്സിജന്‍ തിരികെ ലഭിച്ചു’- കരണ്‍ ജോഹര്‍
വിധിയില്‍ ഏറെ സന്തോഷമുണ്ടെന്ന് നടി പ്രീതി സിന്റ വ്യക്തമാക്കി. ‘നമുക്ക് ഒരു ഹൃദയം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുളളവരെ പ്രണയിക്കാനുളള സ്വാതന്ത്ര്യം ഉണ്ടാവണം. സ്വര്‍ഗരതി നിയമവിധേയമാക്കിയ കോടതി വിധിയില്‍ അതിയായ സന്തോഷമുണ്ട്’, പ്രീതി സിന്റ ട്വിറ്ററില്‍ കുറിച്ചു.

സുപ്രിംകോടതി വിധിയില്‍ അതിയായ സന്തോഷമുണ്ടെന്ന് നടി വിദ്യാ ബാലന്‍ പറഞ്ഞു. ‘ഞാന്‍ എന്താണോ അതാണ് ഞാന്‍. ഞാനായിട്ട് നിങ്ങളെന്നെ കാണുക. ‘പിടിക്കപ്പെടും’ എന്ന ഭയത്തോടെ ഇനിയും എന്റെ പ്രിയപ്പെട്ടവര്‍ ജീവിക്കേണ്ടി വരില്ലല്ലോ എന്നതില്‍ ഞാന്‍ സന്തോഷവതിയാണ്’, വിദ്യാ ബാലന്‍ ട്വീറ്റ് ചെയ്തു.
ഈ ഇന്ത്യയിലാണ് തനിക്ക് ജീവിക്കേണ്ടതെന്ന് നടി സോനം കപൂര്‍ പറഞ്ഞു. 1860ല്‍ വന്ന നിയമമാണ് തകര്‍ന്നതെന്ന് നടന്‍ വരുണ്‍ ധവാന്‍ കുറിച്ചു. രാജ്യത്തെ ജനങ്ങള്‍ക്ക് അഭിമാനത്തോടെ കാണാവുന്ന ദിവസമാണിതെന്നും വരുണ്‍ വ്യക്തമാക്കി. ‘സെക്ഷന്‍ 377ന് ബൈ ബൈ’ എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഭരണഘടനാപരമായ അവകാശങ്ങളെ ഭൂരിപക്ഷ അഭിപ്രായം കൊണ്ട് ഭരിക്കാനാവില്ലെന്നാണ് പുതിയ വിധിയിലൂടെ തെളിയിക്കപ്പെടുന്നതെന്ന് നടി സ്വര ഭാസ്കര്‍ പറഞ്ഞു. തുല്യ അവകാശങ്ങളാണ് വേണ്ടതെന്നും വിധിയില്‍ സന്തോഷമുണ്ടെന്നും സ്വര പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ