മെയ് 10 ഞായറാഴ്ച ലോക മാതൃദിനമായിരുന്നു. സോഷ്യൽ മീഡിയ കൂടി സജീവമായതോടെയാണ് ലോകമാതൃദിനത്തിന് മലയാളികൾക്കിടയിൽ പ്രസക്തി കൂടിയതെന്നു തോന്നുന്നു. നിരവധി പേരാണ് തങ്ങളുടെ അമ്മമാർക്ക് ആശംസകൾ അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും കുറിപ്പുകളും പങ്കുവച്ചത്. ഇതിൽ സെലിബ്രിറ്റികളുമുണ്ട്.
Read More: Mother’s Day 2020 Wishes: മാതൃദിനത്തിൽ ആശംസകൾ നേരാം
ഫാസിൽ സംവിധാനം ചെയ്ത നോക്കെത്താദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിലേക്ക് സൈക്കിളോടിച്ച് കയറിയ നദിയ മൊയ്തു, തന്റെ ബാല്യകാല ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്.
“എന്റെ ജീവിതത്തിൽ എനിക്കേറ്റവും പ്രചോദനമായിട്ടുള്ള, ഏറ്റവും നിസ്വാർഥയും ഊർജ്ജസ്വലയും വാത്സല്യനിധിയുമായ എന്റെ അമ്മയ്ക്ക്. ഹാപ്പി മദേഴ്സ് ഡേ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ മമ്മ,” എന്നാണ് നദിയ കുറിച്ചിരിക്കുന്നത്.
നദിയയ്ക്ക് പുറമെ നിരവധി താരങ്ങൾ തങ്ങളുടെ അമ്മമാർക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്. നടിയും നർത്തകിയും നിർമ്മാതാവുമായ റിമ കല്ലിങ്കലും തന്റെ ബാല്യകാല ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്.
“എന്റെ വഴക്കുകളിലും ഫെമിനിസ്റ്റ് പ്രശ്നങ്ങളിലും തിരഞ്ഞെടുപ്പുകളിലും എപ്പോഴും പരിഭ്രാന്തയാകുന്നയാൾ… മതത്തിന്റെ വഴിയിൽ സഞ്ചരിക്കുകയും പഴയകാല വിശ്വാസങ്ങളിൽ ജീവിക്കുകയും ചെയ്യുന്നയാൾ എന്ന എന്റെ നിന്ദകൾ വകവയ്ക്കാതെ എനിക്കു വേണ്ടി പ്രാർഥിക്കുന്നയാൾ.. ഞാൻ എന്റെ പോരാട്ടങ്ങൾ അവസാനിപ്പിക്കുകയും ലോകത്തെയും ജീവിതത്തെയും അതിന്റെ രീതിയിൽ സ്വീകരിക്കുകയും ചെയ്യുമെന്ന് എപ്പോഴും പ്രതീക്ഷിക്കുന്നയാൾ… രണ്ട് തലമുറയിൽ നിന്നുള്ള ഒരിക്കലും പരസ്പരം മനസിലാക്കാൻ കഴിയാത്ത രണ്ടുപേർ,” എന്ന കുറിപ്പോടെയാണ് റിമ ചിത്രം പങ്കുവച്ചിരിക്കുന്നത്.
തന്റെ എല്ലാ നേട്ടങ്ങൾക്കും കാരണക്കാരിയായ അമ്മയോട് നന്ദി പറയുകയാണ് ഈ മാതൃദിനത്തിൽ നടി മുക്ത.
വിധു പ്രതാപ്, ജയറാം, ജോജു ജോർജ് തുടങ്ങി നിരവധി പേർ തങ്ങളുടെ അമ്മാർക്ക് മാതൃദിനാശംസകൾ നേരുകയും അവർ തങ്ങൾക്കായി ചെയ്ത ത്യാഗങ്ങളെ അനുസ്മരിക്കുകയും ചെയ്യുന്നുണ്ട്.
1908 ലാണ് ആദ്യമായി മാതൃദിനം ആഘോഷിച്ചത്. 1905 ല്‍ അമ്മ മരിച്ചതിനെ തുടര്‍ന്ന് അന്ന റീവെസ് ജാര്‍വിസ് ആണ് മാതൃദിന പ്രചാരണത്തിന് തുടക്കമിട്ടത്. വിര്‍ജീനിയയുടെ പടിഞ്ഞാറന്‍ പ്രദേശമായ ഗ്രാഫ്റ്റണിലെ സെന്റ് ആന്‍ഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയില്‍ അന്ന റീവെസ് ജാര്‍വിസ് സ്വന്തം അമ്മയുടെ ശവകുടീരത്തിന് മുകളില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് മാതൃദിനത്തിന് തുടക്കം കുറിച്ചു. ഈ പള്ളിയാണ് ഇന്ന് രാജ്യാന്തര മാതൃദിന പള്ളിയെന്ന പദവി വഹിക്കുന്നത്.