Covid Vaccination: കഴിഞ്ഞ ഒരു വർഷത്തിലധികമായി രാജ്യം കാത്തിരുന്നത് ഈ ദിവസത്തിനാണ്. രാജ്യത്ത് ഇന്ന് കോവിഡിനെതിരായ പ്രതിരോധ കുത്തിവയ്പ് ആരംഭിക്കുന്നു. കേരളത്തിലും ലക്ഷക്കണക്കിന് ആരോഗ്യപ്രവർത്തകരും മുന്നണി പോരാളികളുമാണ് വാക്സിൻ സ്വീകരിക്കുന്നത്.
വാക്സിനേഷൻ വിജയകരമാകുമെന്നും ഈ ദുരിതകാലത്തു നിന്നും മോചനം ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് നാമോരോരുത്തരേയും പോലെ നമ്മുടെ സിനിമാ താരങ്ങളും. ഈ പോരാട്ടത്തിൽ നമുക്ക് വിജയിക്കാൻ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് സിനിമാ ലോകം.
ആദ്യഘട്ടത്തിൽ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണു വാക്സിന് നല്‍കുക. വാക്സിനേഷനായി സംസ്ഥാനത്ത് 3,68,866 പേരാണ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,73,253 പേരും സ്വകാര്യ മേഖലയിലെ 1,95,613 പേരുമാണ് രജിസ്റ്റര്‍ ചെയ്തത്. വിവിധ ജില്ലകളിലായി 133 കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ നടക്കുന്നത്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതവും ബാക്കി ജില്ലകളില്‍ ഒന്‍പത് കേന്ദ്രങ്ങള്‍ വീതമാണ് സജ്ജമാക്കിയിരിക്കുന്നത്.
പ്രതിസന്ധി കാലത്ത് സ്വന്തം ജീവൻ മറന്നു നമ്മുടെ ജീവൻ രക്ഷിക്കാൻ രാപ്പകൽ കഷ്ടപ്പെട്ട ഓരോ ആരോഗ്യ പ്രവർത്തകർക്കും നന്ദിയും ഒപ്പം ആശംസകളും നേർന്ന് നടി തൻവി റാം. ഈ പോരാട്ടത്തിൽ വിജയിക്കാൻ നമുക്ക് സാധിക്കട്ടെ എന്ന പ്രത്യാശയും തൻവി പങ്കുവച്ചു.
കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് ഇന്ന് ആരംഭിക്കുമ്പോൾ പിന്തുണയുമായി നടി മഞ്ജു വാര്യർ. ഇത് മനുഷ്യ രാശിയുടെ ചെറുത്തുനിൽപ്പാണെന്നും ഈ മഹാമാരിയെ ഒരു മനസോടെ നമുക്ക് നേരിടാമെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ മഞ്ജു പറഞ്ഞു.