scorecardresearch
Latest News

പാചകം, വ്യായാമം, വായന, കവിത; താരങ്ങളുടെ ലോക്ക്‌ഡൗൺ കാല ജീവിതം

ലോക്ക്‌ഡൗൺ കാലം അർത്ഥവത്താക്കാനായി പഴയ ഹോബികള്‍ പൊടി തട്ടിയെടുത്തവരും പുതിയ ശീലങ്ങള്‍ തുടങ്ങിയവരുമൊക്കെയുണ്ട്

celebrities, celebrities lockdown routine. lockdown update, lockdown movie, ലോക്ക്ഡൌണ്‍

അപ്രതീക്ഷിതമായി എത്തിയ ലോക്ക്‌ഡൗൺ കാലത്തെ അഭിമുഖീകരിക്കുകയാണ് ലോകമെമ്പാടുമുള്ള ജനങ്ങൾ. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി എല്ലാവരും വീടിനകത്തേക്ക് ഒതുങ്ങി കഴിയുകയാണ്.

ലോക്ക്‌ഡൗൺ കാലം എങ്ങനെയാണ് ചെലവഴിക്കുന്നത് എന്ന കുശലാന്വേഷണത്തില്‍ മനസ്സിലായത് ഏറെ നാളായി മാറ്റി വച്ച കാര്യങ്ങൾക്കു വേണ്ടിയാണ് പലരും ഈ ഒഴിവു സമയം വിനിയോഗിക്കുന്നത് എന്നാണ്. ലോക്ക്‌ഡൗൺ കാലം അർത്ഥവത്താക്കാനായി പഴയ ഹോബികള്‍ പൊടി തട്ടിയെടുത്തവരും പുതിയ ശീലങ്ങള്‍ തുടങ്ങിയവരുമൊക്കെയുണ്ട്.

കൂടുതൽ ആളുകളും കുടുംബത്തോടൊപ്പമായതിനാല്‍, കുടുംബത്തിനൊപ്പമുള്ള കളികളും പാചകപരീക്ഷണങ്ങളും ഒക്കെയാണ് അവരുടെ ദിനചര്യകളില്‍ കടന്നു വരുന്നത്.  ഒറ്റയ്ക്കായിപ്പോയവരാകാട്ടെ, എഴുത്തും വായനയും സിനിമയുമൊക്കെയായി അപ്രതീക്ഷിത ഏകാന്തതയെ മറികടക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.  എല്ലാവരുടെയും ആശങ്ക ഒന്ന് തന്നെ – ഇതിനു ഒരറുതി എപ്പോഴാണു ഉണ്ടാവുക? എങ്കിലും ആരും പ്രതീക്ഷ കൈവെടിയുന്നില്ല, നമ്മള്‍ ഒറ്റക്കെട്ടായി നിന്ന് ഇതിനെ അതിജീവിക്കുക തന്നെ ചെയ്യും എന്നാ ശുഭാപ്തി വിശ്വാസമാണ് ഈ കെട്ടകാലത്തും എല്ലാവരെയും മുന്നോട്ടു നടത്തുന്നത്.

Navya Nair, നവ്യ നായർ, Corona, Coronavirus, lockdown, ലോക്ക്ഡൗണ്‍, ലോക്ക്ഡൗണ്‍ ദിനങ്ങൾ, lockdown days, iemalayalam, ഐഇ മലയാളം
മനസറിഞ്ഞ് കഴിച്ചാല്‍ തടിവയ്ക്കുമോ എന്ന പേടിയുമുണ്ട്: നവ്യാ നായര്‍

നേരത്തേ ഉറങ്ങി നേരത്തേ ഉണരാന്‍ തുടങ്ങി: നവ്യ നായർ

സിനിമയില്‍ വന്നശേഷം ആദ്യമായാണ് ഇത്രയധികം ദിവസം വീട്ടിലിരിക്കുന്നത്. അതിനു മുമ്പ് മകന്‍ ജനിച്ച സമയത്തും. അന്ന് അവന്‌റെ കാര്യങ്ങള്‍ നോക്കുന്ന തിരക്കും കുറേ വേദനകളും രാത്രിയിലെ ഉറക്കമില്ലായ്മയുമായി സമയം പോകുമായിരുന്നു. ഇപ്പോള്‍ പക്ഷെ ആവശ്യത്തിലധികം സമയമുണ്ട്. എന്‌റെ വീട് ഗ്രാമപ്രദേശത്താണ്. രാവിലെ എണീറ്റ് കുറേ നടക്കും. വീട്ട് ജോലികള്‍ ചെയ്യും. ഓരോ സാധനങ്ങളും അതാത് സ്ഥാനത്തിരിക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്.

ഉമ്മറത്തിരിക്കുമ്പോള്‍ ‘നെയില്‍ കട്ടറെവിടെ’ എന്ന് ചോദിച്ചാല്‍ ഏത് മുറിയുടെ എവിടെ ഇരിക്കുന്നു എന്ന് ഞാന്‍ കൃത്യമായി പറയും. അടുക്കിപ്പെറുക്കലിനായി കുറേ സമയം പോകും. സിനിമകള്‍ കാണും. ഇവിടെ വൈഫൈ കിട്ടാന്‍ ബുദ്ധിമുട്ടുണ്ട്. മകനിഷ്ടമുള്ള സിനിമകള്‍ കാണുമ്പോഴേക്കും ഡേറ്റ തീരും. അതുകൊണ്ട് അവന്‌റെ കൂടെയിരുന്ന് ഏതെങ്കിലും സിനിമ കാണും. ചക്ക സീസണ്‍ ആയതുകൊണ്ട് അമ്മയ്‌ക്കൊപ്പം പല വിധ ചക്ക വിഭവങ്ങള്‍ പരീക്ഷിക്കും. മനസറിഞ്ഞ് കഴിച്ചാല്‍ തടിവയ്ക്കുമോ എന്ന പേടിയുമുണ്ട്.

എന്‌റെ ശീലങ്ങള്‍ എന്നും എനിക്കൊപ്പമുണ്ട്. നൃത്ത പരിശലനത്തിന് കൂടുതല്‍ സമയം കിട്ടുന്നു. വായന എപ്പോഴുമുണ്ട്. ചെടി നടും. നേരത്തേ ഉറങ്ങി നേരത്തേ ഉണരാന്‍ തുടങ്ങിയതാണ് പുതിയ ശീലം. മുമ്പ് നേരത്തേ ഉണരാറുണ്ടെങ്കിലും വൈകിയായിരുന്നു ഉറക്കം. പിന്നീട് കാണാനായി മാറ്റിവച്ച സിനിമകളും സീരീസുകളും കണ്ടു തീര്‍ത്തു. യൂട്യൂബില്‍ വീഡിയോസ് ചെയ്യുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്.

Read Full Here: തിങ്കളാഴ്ച തിരിച്ചു പോകാമെന്ന് കരുതി വന്നതാ ഞാൻ; ദേ ഇവിടെ കുടുങ്ങി

indrans, ie malayalam
കോവിഡ് പ്രതിരോധത്തിനുള്ള മാസ്കുകള്‍ തയ്യാറാക്കുന്ന ഇന്ദ്രന്‍സ്‌

ആഘോഷമായി കാണാനാവുന്നില്ല, ആധി ഒഴിയുന്നില്ല മനസ്സിൽ നിന്നും: ഇന്ദ്രൻസ്

രാവിലെ എന്നും പത്രം വായിക്കും. സിനിമയിലെ സുഹൃത്തുക്കളായ പലരെയും വിളിച്ച് വിവരങ്ങൾ തിരക്കും. ഉച്ച വരെ അങ്ങനെ പോകും. ചിലപ്പോൾ ഏതെങ്കിലും പുസ്തകം എടുത്ത് വായിക്കും. അതു കഴിയുമ്പോൾ മാറ്റം എന്തെങ്കിലും വന്നിട്ടുണ്ടോയെന്നറിയാൻ ചാനൽ വച്ചു നോക്കും. ഇടയ്ക്ക് ചെടികളെയൊക്കെ പരിചരിക്കും. ഒരു ആഘോഷമായി കാണാനാവുന്നില്ല, ആധി ഒഴിയുന്നില്ല മനസ്സിൽ നിന്നും.

വായന മുൻപ് ഒരുപാട് ഇല്ലായിരുന്നു. ഇപ്പോൾ വായനാശീലം കൂടിയിട്ടുണ്ട്. കൂട്ടുകാർ തന്നതും ഇഷ്ടപ്പെട്ട് വാങ്ങിച്ചതുമായ പുസ്തകങ്ങൾ ഉണ്ടായിരുന്നു. അവയൊക്കെ ഇപ്പോൾ വായിക്കാൻ തുടങ്ങി. കഴിഞ്ഞ വർഷത്തെ കുറേ ഓണപ്പതിപ്പുകൾ വീട്ടിലുണ്ടായിരുന്നു. അതിൽ പലതും തുറന്നു നോക്കി വായിക്കുന്നത് ഇപ്പോഴാണ്. ഇഷ്ടപ്പെട്ട് വാങ്ങിച്ച ഒരു തയ്യൽമെഷീൻ ഉപയോഗിക്കാതെ ഇരിക്കുകയായിരുന്നു. അതൊക്കെ എണ്ണയിട്ട് മിനുക്കി ഇടയ്ക്ക് എന്തെങ്കിലുമൊക്കെ തയ്ക്കുന്നുണ്ട്. ലോക്ക്ഡൗണിൽ ആകെ കിട്ടിയ ആശ്വാസമെന്നു പറയുന്നത് ഇതൊക്കെ തന്നെയാണ്.

പാചകം എനിക്ക് അറിയില്ല. പിന്നെ ഭക്ഷണത്തോട് എനിക്ക് താൽപര്യമില്ല. അതിനാൽ തന്നെ പാചകത്തിൽ കൈ വച്ചില്ല. പാചകപരീക്ഷണങ്ങൾ മരുമകളും ഭാര്യയും ചേർന്നാണ്. മരുമകൾ സ്വാതി ബാംഗ്ലൂരിൽ ആയിരുന്നു, നമ്മൾ കണ്ടിട്ടില്ലാത്ത ഓരോ പലഹാരങ്ങൾ ഒക്കെ ഉണ്ടാക്കി കൊണ്ടു വരും.

Read Indrans Interview Here: ലോക്ക്‌ഡൗൺ ജീവിതത്തെ കുറിച്ച് ഇന്ദ്രൻസ്

malayalam, film, actress, aparna balamurali
പാചക പരീക്ഷണമൊന്നുമില്ല: അപര്‍ണ ബാലമുരളി

അച്ഛന്റെയും അമ്മയുടെയും കൂടെ: അപർണ ബാലമുരളി

ഇപ്പോൾ പാട്ടും ഡാൻസും പ്രാക്ടീസ് ചെയ്യാൻ സമയം ഒരുപാട് കിട്ടുന്നുണ്ട്. 12-ാം ക്ലാസ് വരെ രണ്ടും മുടങ്ങിയിട്ടില്ല. കോളേജിലായശേഷം ടച്ച് വിട്ടു. സിനിമയിൽ വന്നപ്പോൾ പിന്നെ ഒട്ടും സമയം കിട്ടിയിരുന്നില്ല. ഇപ്പോഴാണ് അതിനുളള സമയം കിട്ടുന്നത്. ലോക്ക്ഡൗണിനു തൊട്ടു മുൻപായി ക്ലാസിനു വീണ്ടും പോയി തുടങ്ങിയിരുന്നു. ഇപ്പോൾ കിട്ടുന്ന സമയമൊക്കെ പ്രാക്ടീസിനായി ചെലവഴിക്കുകയാണ്.

അച്ഛന്റെയും അമ്മയുടെയും കൂടെ ഞാൻ ഇത്രയധികം സമയം ചെലവഴിച്ചിട്ടില്ല. ഇപ്പോൾ അവർക്കൊപ്പം സമയം ചെലവിടാൻ തുടങ്ങി. പാചക പരീക്ഷണമൊന്നുമില്ല. അറിയാവുന്ന സാധനങ്ങൾ ഇടയ്ക്ക് ഉണ്ടാക്കും. കേസരി പോലുളള ചെറിയ എന്തെങ്കിലുമൊക്കെ ഉണ്ടാക്കാറുണ്ട്. പിന്നെ അമ്മയാണ് പാചകം കൂടുതൽ. അതിനാൽ തന്നെ പാചകത്തിലേക്ക് അധികം പോയില്ല. പിന്നെ പാചകം ചെയ്ത് പാളിപ്പോയിട്ടൊന്നുമില്ല.

Read Aparna Balamurali Interview Here: ലോക്ക്ഡൗൺ നല്ലതാണ്, വല്ലപ്പോഴും വേണം: അപർണ ബാലമുരളി

Irshad
എല്ലാത്തിനെയും പോസിറ്റീവായി കാണാൻ ശ്രമിക്കുകയാണ്: ഇര്‍ഷാദ്

വീട്ടിലിരുന്ന് ശീലമുള്ളതുകൊണ്ട് വലിയ പ്രശ്നമായി തോന്നുന്നില്ല: ഇർഷാദ്

ഒരു നാലഞ്ചു കൊല്ലം മുൻപുവരെ എനിക്കിത് പരിചിതമായ അവസ്ഥയായിരുന്നു. ഞാനത്രയ്ക്ക് തിരക്കുള്ള നടനൊന്നുമായിരുന്നില്ല. മൂന്നും നാലും മാസമൊക്കെ സിനിമയൊന്നുമില്ലാതെ വീടിനകത്ത് ലോക്കായും മാനസികമായി ഡൗൺ ആയുമൊക്കെ ഇരിക്കുന്ന സമയം ഉണ്ടായിരുന്നു. അന്നതിനെ മറികടക്കാൻ വായന, യാത്രകൾ ഒക്കെയായിരുന്നു കൂട്ട്. ഇപ്പോൾ, ലോകം മുഴുവൻ ലോക്ക്‌ഡൗണിലായി എന്നുമാത്രം. വീട്ടിലിരുന്ന് ശീലമുള്ളതുകൊണ്ട് വലിയ പ്രശ്നമായി തോന്നുന്നില്ല. മാർച്ച് 15 മുതൽ ഞാൻ ഈ ഫ്ളാറ്റിൽ നിന്നും പുറത്തിറങ്ങിയിട്ടില്ല.

എറണാകുളത്തെ ഫ്ളാറ്റിൽ ഒറ്റയ്ക്കാണ് ഞാനുള്ളത്. ഇവിടെ പാചകമൊക്കെ തനിയെയാണ്. ഞാനത്ര ഭക്ഷണപ്രിയനല്ല, എന്തെങ്കിലും കഴിക്കണം എന്നേയുള്ളൂ. ആരെങ്കിലും ഉണ്ടെങ്കിൽ ഭക്ഷണം പാകം ചെയ്തു കൊടുക്കാനൊക്കെ ഇഷ്ടമാണെന്നു മാത്രം. എന്റെ ഇഷ്ടഭക്ഷണം പുട്ടാണ്. പുട്ടിലെ പരീക്ഷണമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ഇന്ന് റാഗി പുട്ടാണെങ്കിൽ നാളെ ഓട്സ് പുട്ട്, മറ്റന്നാൾ ഗോതമ്പ് പുട്ട് അങ്ങനെ പോവും…. തേങ്ങയ്ക്ക് പകരം ക്യാരറ്റ്, വെജിറ്റബിൾ ഐറ്റംസ് ഒക്കെ അരിഞ്ഞിട്ട് പുട്ടിനെയെങ്ങനെ കുറച്ചു കൂടി ഹെൽത്തിയാക്കാം എന്ന പരീക്ഷണങ്ങളും നടക്കുന്നുണ്ട്.

ലോകത്തിന്റെ അനിശ്ചിതാവസ്ഥയെ കുറിച്ചുള്ള ഭീതി ഉള്ളിലുണ്ട്. കെട്ടക്കാലത്തെ കുറിച്ചുള്ള ചിന്തകളും വരുന്ന വാർത്തകളുമൊക്കെ അസ്വസ്ഥനാക്കുന്നുമുണ്ട്. എന്നിരുന്നാലും എല്ലാത്തിനെയും പോസിറ്റീവായി കാണാൻ ശ്രമിക്കുകയാണ്. മാറ്റിവെച്ച ഏറെ പുസ്തകങ്ങൾ ഇതിനകം വായിക്കാൻ പറ്റി, പലപ്പോഴായി മിസ്സായി പോയ സിനിമകളൊക്കെ കണ്ടു തീർക്കുന്നു. ഇഷ്ടപ്പെട്ട കവിതകൾ ചൊല്ലി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നു. കവിതകൾക്കായി ഒരു യൂട്യൂബ് ചാനൽ തുടങ്ങി. ദിവസവും ഒരു മണിക്കൂർ യോഗ പ്രാക്റ്റീസ് ചെയ്യുന്നുണ്ട് ഇപ്പോൾ.

Read Irashad Interview Here: ഇതെനിക്ക് കവിതക്കാലം; ലോക്ക്‌ഡൗൺകാല ജീവിതത്തെ കുറിച്ച് ഇർഷാദ്

ലോക്ക്ഡൗണില്‍ എനിക്ക് ബോറടിയില്ല: ശ്വേതാ മേനോന്‍

ജീവിതം ഇനി ഒരിക്കലും പഴയതു പോലെയാകില്ല: ശ്വേത മേനോൻ

വീട്ടിലിരിക്കാനും വീട്ടുകാര്‍ക്കൊപ്പം ഇരിക്കാനും ഏറെ ഇഷ്ടമാണ് എനിക്ക്. അതു കൊണ്ട് ലോക്ക്ഡൗണില്‍ എനിക്ക് ബോറടിയില്ല. മുമ്പത്തെക്കാള്‍ ഏറെ സമയം കിട്ടുന്നു എന്ന സന്തോഷമുണ്ട്. ഈ ലോക്ക്ഡഔണ്‍-കൊറോണ കാലത്തിനും ശേഷമുള്ള നമ്മുടെ ജീവിതം ഒരിക്കലും പഴയതാകില്ല എന്നെനിക്ക് നന്നായി അറിയാം. അതിനാല്‍ മകള്‍ക്കും ശ്രീയ്ക്കുമൊപ്പമുള്ള നേരം കഴിയുന്നത്ര ആഘോഷിക്കുകയാണ്.

ഞാന്‍ ജനിച്ചു വളര്‍ന്നത് മുംബൈയിലാണ്. കുട്ടിക്കാലത്ത് സമൂസ, ഗുലാബ് ജാമൂന്‍, വട പാവൊക്കെയായിരുന്നു പ്രിയം. പിന്നീട് അതൊക്കെ ഉണ്ടാക്കാന്‍ പഠിച്ചു. എന്നാല്‍ ജോലിത്തിരക്കില്‍ മകള്‍ക്കായി അതൊന്നും ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ഈ ദിവസങ്ങളില്‍ അതെല്ലാം ഉണ്ടാക്കി നല്‍കി അവളെ ലാളിക്കുന്നുണ്ട്.

ജീവിതം മാറിയിട്ടുണ്ട്. ഇപ്പോള്‍ നാല് ദിവസം കൂടുമ്പോള്‍ ഞാനോ ശ്രീയോ സാധനങ്ങള്‍ വാങ്ങി വരും. പുറത്തു പോകുന്നതിനെക്കാള്‍ പ്രയാസം അതിനുള്ള തയ്യാറെടുപ്പാണ്. തിരക്കൊഴിഞ്ഞപ്പോള്‍ മറ്റു വീടുകളിലേത് പോലെ ഞങ്ങളുടേതും ഒരു സാധാരണ ജീവിതമായി. ഞാനും ശ്രീയും വഴക്കടിക്കും. പിന്നീട് സ്‌നേഹിക്കും. മകള്‍ക്കൊപ്പം കളിക്കും. ശ്രീയുടെ ഗാര്‍ഡനിങ് ആസ്വദിക്കും. വീട് വൃത്തിയാക്കാനും അടുക്കിപ്പെറുക്കാനും സമയം കിട്ടുന്നുണ്ട്.

Read Shwetha Menon Interview Here: ‘ബിഗ് ബോസ്’ കാല ലോക്ക്ഡൗണ്‍ വച്ചു നോക്കുമ്പോൾ ഇതൊക്കെയെന്ത്! ശ്വേത പറയുന്നു

Mamukoya
പെട്ടെന്ന് എല്ലാം ശരിയാവണേ എന്ന പ്രാർത്ഥനയിലാണ്: മാമുക്കോയ

ഇങ്ങനെ ആരും വീട്ടിൽ ഇരുന്ന ഒരു ചരിത്രമുണ്ടാവില്ല നമുക്ക്: മാമുക്കോയ

എന്തെങ്കിലുമൊക്കെ വായിക്കും. പിന്നെ വാട്സ് ആപ്പൊക്കെ നോക്കും. പഴയ പോലെ ചങ്ങാതിമാരെ​ ഒന്നും കാണാൻ പറ്റാത്തതിൽ സങ്കടമുണ്ട്. ഫോണിൽ വിളിച്ച് വിശേഷങ്ങളൊക്കെ തിരക്കും, ആരെയൊക്കെ വിളിച്ചു, ഏതൊക്കെ പുതിയ സിനിമകൾ കണ്ടു എന്നൊക്കെ ചോദിക്കും. എല്ലാവരും ഇപ്പോൾ വീട്ടിൽ ഉള്ളതുകൊണ്ട് ലാൻഡ് ഫോണിൽ വിളിച്ചാലും കിട്ടും.

വീട്ടിൽ കുറച്ച് ചെടികളൊക്കെ ഉണ്ട്. അവയൊക്കെ നോക്കും, ​അതിന് വെള്ളമൊഴിക്കും. കിളികൾക്കും മീനുകൾക്കും തീറ്റ കൊടുക്കും. സമയം അങ്ങനെയൊക്കെ പോയികിട്ടും.

ഇങ്ങനെ ആരും വീട്ടിൽ ഇരുന്ന ഒരു ചരിത്രമുണ്ടാവില്ല നമുക്ക്. ആദ്യത്തെ കുറച്ചു ദിവസം നമുക്ക് വേണ്ടിയല്ലേ എന്നോർത്ത് ഇരുന്നു. പിന്നീടത് നിർബന്ധമായി. ഓരോ ദിവസം കഴിയും തോറും നമ്മുടെ അയൽ സംസ്ഥാനങ്ങളും ലോകവുമെല്ലാം കൂടുതൽ കൂടുതൽ അപകടാവസ്ഥയിലേക്ക് പോവുകയാണെന്ന് മനസ്സിലാക്കി തുടങ്ങി. അതിനോട് സഹകരിച്ചേ പറ്റൂ എന്ന ബോധം ആളുകൾക്ക് വന്നു. പക്ഷേ ഇനിയും ഈ അവസ്ഥ തുടർന്നാൽ രോഗത്തിന് അപ്പുറം മറ്റു പല കാര്യങ്ങൾ കൊണ്ട് ആളുകൾ മരിക്കും. അതാണ് പേടി. സാമ്പത്തിക പ്രശ്നങ്ങൾ, മാനസിക പ്രശ്നങ്ങൾ…. ഒരുപാട് കാര്യങ്ങളുമായി ബന്ധപ്പെട്ടാണല്ലോ നമ്മുടെയൊക്കെ ജീവിതം, അതെല്ലാം മുടങ്ങിയിരിക്കുകയാണ്. എത്രയും പെട്ടെന്ന് എല്ലാം ശരിയാവണേ എന്നൊരൊറ്റ പ്രാർത്ഥനയിലാണ്.

Read Here: ലോക്ക്ഡൗണ്‍ കാലം, തഗ് ലൈഫ് ജീവിതം; മാമുക്കോയ പറയുന്നു

maala parvathy
കേരളത്തിൽ ആണ് ജീവിക്കുന്നത് എന്നതാണ് അഭിമാനം: മാലാ പാര്‍വ്വതി

ലോക്ക്ഡൗണ്‍ കാലത്തെ ഭീതി: മാലാ പാര്‍വ്വതി

ഓരോ നിമിഷവും കടന്നു പോവുന്ന അവസ്ഥകളെ കുറിച്ച് ബോധവാന്മാരാണ് ഇപ്പോൾ. മകൻ ചിലപ്പോൾ മിൽക്ക് ഷേയ്ക്കോ വാങ്ങിയാലോ എന്നൊക്കെ പറയുമ്പോൾ ഭർത്താവ് പറയും, മനുഷ്യർ പലയിടത്തും ഭക്ഷണത്തെ കുറിച്ചോർത്ത് ടെൻഷനടിക്കുമ്പോൾ അതൊക്കെ ആർഭാടമാണെന്ന്. കടന്നു പോവുന്ന ഓരോ നിമിഷവും ഓർമ്മപ്പെടുത്തലാണ്. ആഢംബരമോ ആർഭാടമോ ഇല്ലാതെ, നാളെ വരാൻ പോകുന്ന വലിയൊരു സാമ്പത്തികപ്രതിസന്ധി മുന്നിൽ കണ്ടാണ് മുന്നോട്ട് പോവുന്നത്. 24 മണിക്കൂറും വാർത്തകൾ കേൾക്കുന്നത് ഇപ്പോഴൊരു ശീലമായിട്ടുണ്ട്. ചുറ്റുമെന്താണ് നടക്കുന്നതെന്ന് അറിയാനുള്ള ആവലാതിയാണ്. മറ്റെങ്ങോട്ടും പോവാൻ ആവില്ലല്ലോ, വേറെ എവിടെ നിന്നും രക്ഷ വരാനുമില്ല. എല്ലാവരും ഒന്നിച്ച്, മുൻകരുതലുകളെടുത്ത് നേരിടുക മാത്രമേ തരമുള്ളൂ.

ആ ഭീതികൾക്കിടയിലും കേരളത്തിൽ ആണ് ജീവിക്കുന്നത് എന്നതാണ് അഭിമാനം. ഇവിടെ സർക്കാരും ആരോഗ്യപ്രവർത്തകരും എടുക്കുന്ന മുൻകരുതലുകൾ കാണുമ്പോൾ സുരക്ഷിതത്വം തോന്നും. ജോഷി സാർ സിനിമയിൽ അഭിനയിക്കുന്ന അഭിനേതാക്കളുടെയോ ടെക്നീഷ്യന്റെയോ മാനസികാവസ്ഥയിലും സുരക്ഷിതത്വത്തിലുമാണ് കേരളത്തിലെ ഇപ്പോൾ എന്നു ഞാൻ വീട്ടിൽ പറയും. ജോഷി സാറിന്റെ ലോക്കേഷനിൽ ഒന്നിനും ഒരു സംശയവുമുണ്ടാവില്ല, എല്ലായിടത്തും സാറിന്റെ നോട്ടമെത്തും. നമ്മൾ സാറ് പറയുന്നതു അനുസരിച്ചാൽ മതി. അതു പോലെയാണ് നമ്മുടെ മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനത്ത് ജീവിക്കുന്നതും.

Read Maala Parvathi Interview Here: എന്റെ പാചകാന്വേഷണ പരീക്ഷണങ്ങൾ; മാലാ പാർവ്വതി പറയുന്നു

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Celebrities lockdown interview