അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന് ആദരാഞ്ജലി അർപിച്ച് സിനിമാ ലോകം. തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസെന്ന് സൂപ്പർസ്റ്റാർ മോഹൻലാൽ അദ്ദേഹത്തെക്കുറിച്ച് ഓർത്തെടുത്തു.
“എൻ്റെ പ്രിയപ്പെട്ട ഡെന്നീസിനുവേണ്ടി ഈ വരികള്‍ കുറിയ്ക്കുമ്പോള്‍ ഓര്‍മ്മകള്‍ ക്രമം തെറ്റി വന്ന് കൈകള്‍ പിടിച്ചു മാറ്റുന്നപോലെയാണ് തോന്നുന്നത്. തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ്. ആ രാജാവിൻ്റെ മക്കളായി പിറന്ന ഒട്ടേറേ കഥാപാത്രങ്ങള്‍ക്ക് ജീവന് നല്‍കാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഈ ഞാനും,” മോഹൻലാൽ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
എൻ്റെ പ്രിയപ്പെട്ട ഡെന്നീസിനുവേണ്ടി ഈ വരികള്‍ കുറിയ്ക്കുമ്പോള്‍ ഓര്‍മ്മകള്‍ ക്രമം തെറ്റി വന്ന് കൈകള്‍ പിടിച്ചു…
Posted by Mohanlal on Monday, 10 May 2021
“സൗമ്യമായ പുഞ്ചിരിയില്‍ ഒളിപ്പിച്ചുവെച്ച, തിരിച്ചൊന്നും പ്രതീക്ഷിക്കാതിരുന്ന സ്നേഹമായിരുന്നു ഡെന്നീസ്. വെള്ളിത്തിരകളെ ത്രസിപ്പിക്കുന്ന എത്രയെത്ര ചടുലന്‍ കഥകള്‍, വികാര വിക്ഷോഭങ്ങളുടെ തിരകള്‍ ഇളകിമറിയുന്ന സന്ദര്‍ഭങ്ങള്‍, രൗദ്രത്തിൻ്റെ തീയും പ്രണയത്തിൻ്റെ മധുരവും വേദനയുടെ കണ്ണീരുപ്പും നിറഞ്ഞ സംഭാഷണങ്ങള്‍. ആര്‍ദ്രബന്ധങ്ങളുടെ കഥകള്‍ തൊട്ട് അധോലോകങ്ങളുടെ കുടിപ്പകകള്‍ വരെ മലയാള സിനിമയ്ക്ക് സമ്മാനിച്ച അതുല്യ പ്രതിഭ. എത്ര പറഞ്ഞാലും തീരില്ല ഡെന്നീസുമായുള്ള ആത്മബന്ധം. അതുകൊണ്ടുതന്നെ പാതിപറഞ്ഞ് നിര്‍ത്തുന്നു, ഇടറുന്ന വിരലുകളോടെ… പ്രണാമം ഡെന്നീസ്,” മോഹൻലാൽ കൂട്ടിച്ചേർത്തു.
ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നുവെന്നുും വളർച്ചയിലും തളർച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ലെന്നും മെഗാസ്റ്റാർ മമ്മൂട്ടി ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. വളർച്ചയിലും തളർച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര…
Posted by Mammootty on Monday, 10 May 2021
“ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. വളർച്ചയിലും തളർച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല, എഴുതിയതും സംവിധാനം ചെയ്തതുമായ എല്ലാ സിനിമകളിലൂടെയും അദ്ദേഹം ഓർമിക്കപ്പെടും. നിത്യശാന്തി നേരുന്നു,” മമ്മൂട്ടി കുറിച്ചു.
1985-ൽ ജേസി സംവിധാനം ചെയ്ത ‘ഈറൻ സന്ധ്യയ്ക്ക്’ എന്ന ചിത്രത്തിനു തിരക്കഥ എഴുതിക്കൊണ്ടാണ് ഡെന്നിസ് ജോസഫ് സിനിമയില്‍ എത്തിയത്. ‘മനു അങ്കിൾ’ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി. മമ്മൂട്ടി നായകനായി എത്തിയ ചിത്രം തിയേറ്ററില്‍ നൂറു ദിവസങ്ങള്‍ ഓടി, ചിത്രത്തിന് ആ വര്‍ഷത്തെ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു.
സൂപ്പര്‍ ഹിറ്റുകളായ ‘രാജാവിന്റെ മകൻ’, ‘ന്യൂഡൽഹി’, ‘സംഘം’, ‘നമ്പർ 20 മദ്രാസ് മെയിൽ’, ‘കോട്ടയം കുഞ്ഞച്ചൻ’ തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവാണ്. ‘അഗ്രജൻ’, ‘തുടർക്കഥ’, ‘അപ്പു’, ‘അഥർവ്വം’ തുടങ്ങിയവയാണ് ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.