മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളെടുക്കുമ്പോൾ ആർക്കും വിസ്മരിച്ചു കളയാനാവാത്ത ഒന്നാണ് സേതുരാമയ്യർ സിബിഐ. കുറ്റാന്വേഷണസിനിമകളുടെ പുത്തൻ സാധ്യതകൾ കാണിച്ചുതന്ന് മലയാളിയെ ആകാംക്ഷഭരിതരാക്കിയ സിനിമകളാണ് സിബിഐ കഥകളിലൂടെ നമ്മൾ കണ്ടത്.
ഇപ്പോഴിതാ, മമ്മൂട്ടി വീണ്ടും സേതുരാമയ്യർ സിബിഐ ആയി എത്തുകയാണ്. ചിത്രത്തിന്റെ പൂജ ഇന്നലെ എറണാകുളത്ത് നടന്നു.



“ഇത് മലയാള സിനിമയുടെ ചരിത്ര നിമിഷം. ഒരു സിനിമയുടെ തുടർച്ചയായി അഞ്ചാം ഭാഗം. അതെ ഇന്നുമുതൽ സിബിഐ തുടങ്ങുകയാണ്.സേതു രാമയ്യർ എന്ന ബുദ്ധിമാനായ പട്ടർ ചാർജ് എടുക്കുന്നു. സേതു രാമയ്യർ കാവൽ ആണ് എപ്പോഴും,” സേതുരാമയ്യർ സിബിഐ അഞ്ചാം ഭാഗത്തിന്റെ വരവറിയിച്ചുകൊണ്ട് നിർമാതാവ് ജോബി ജോർജ് കുറിച്ചതിങ്ങനെ.
കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മുൻ സിബിഐ സിരീസ് സിനിമകളുടെ രചന നിർവ്വഹിച്ച എസ് എൻ സ്വാമി തന്നെയാണ്. മമ്മൂട്ടി, മുകേഷ് എന്നിവരെ കൂടാതെ രഞ്ജി പണിക്കർ, സൗബിൻ ഷാഹിർ, ആശ ശരത്, സായി കുമാർ എന്നിവരും ചിത്രത്തിലുണ്ടാവുമെന്ന് മുൻപു തന്നെ വാർത്തകൾ വന്നിരുന്നു.
സേതുരാമയ്യറിൻ്റെ തിരിച്ചു വരവിനു സ്വാഗതമോതുകയാണ് ആരാധകരും. പൂജ ദിവസം തന്നെ കേരളത്തിലെ 14 ജില്ലകളിലെയും വിവിധ റിലീസിങ് ക്യാമ്പുകളിൽ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചു കൊണ്ടാണ് മമ്മൂട്ടി ഫാൻസ് അസോസിയേഷൻ സേതുരാമയ്യറെ വരവേൽക്കുന്നത്.
Read more: സേതുരാമയ്യർ കെെ പിറകിൽ കെട്ടിയതിനു പിന്നിൽ; രഹസ്യം വെളിപ്പെടുത്തി സംവിധായകൻ
ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ തുടങ്ങിയ ചിത്രങ്ങളെല്ലാം മുൻപ് ബോക്സ് ഓഫീസിൽ വിജയം നേടിയിരുന്നു. വിജയചിത്രങ്ങളുടെ ഫോർമുല വീണ്ടും ആവർത്തിക്കുന്നതിനൊപ്പം തന്നെ മമ്മൂട്ടിയെ കുശാഗ്രബുദ്ധിയുള്ള സിബിഐ ഓഫീസറായി വീണ്ടും സ്ക്രീനിൽ കാണാൻ സാധിക്കും എന്ന ആവേശത്തിലാണ് മമ്മൂട്ടി ആരാധകർ. മുൻപ് പല ചിത്രങ്ങൾക്കും രണ്ടും മൂന്നും ഭാഗങ്ങൾ വരെ ഉണ്ടായിട്ടുണ്ടെങ്കിലും മലയാളസിനിമയിൽ ചിലപ്പോൾ ആദ്യമായാവും ഒരു കഥാപാത്രത്തിന് അഞ്ചു സിനിമകളിൽ തുടർച്ചയുണ്ടാവുന്നത്.