/indian-express-malayalam/media/media_files/uploads/2022/02/mammootty.jpg)
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യർ സിബിഐ. സിനിമയുടെ അഞ്ചാം പതിപ്പ് അണിയറയിൽ ഒരുങ്ങുകയാണ്. ഈ അവസരത്തിൽ ലോക സിനിമ ചരിത്രത്തിലെ അപൂർവ്വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സേതുരാമയ്യർ സിബിഐ. സംവിധായകൻ കെ.മധുവാണ് ഈ സന്തോഷ വാർത്ത തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചത്.
സേതുരാമയ്യർ തന്റെ കേസ് ഡയറി ആദ്യമായി തുറന്നിട്ട് ഇന്ന് 34 വർഷങ്ങൾ പൂർത്തിയാവുകയാണ്. കൃത്യമായി പറഞ്ഞാൽ, 1988 ഫെബ്രുവരി 18നാണ് സിബിഐ പരമ്പരയിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് റിലീസ് ആയത്. മലയാള സിനിമയുടെ വലിയ ആകാശത്ത് നക്ഷത്ര ശോഭയോടെ ഒരു സിബിഐ ഡയറിക്കുറിപ്പ് ഇന്നും തിളങ്ങി നിൽക്കുന്നു. പിന്നെയും ഈശ്വരൻ തന്റെ നിഗൂഢമായ പദ്ധതികൾ ഞങ്ങൾക്കായി ഒരുക്കിയിരുന്നു. അങ്ങനെ അതേ ആകാശത്ത് സിബിഐ പരമ്പരയിൽ നിന്നും മൂന്നു നക്ഷത്രങ്ങൾ കൂടി പിറന്നു. ആ വിജയ നക്ഷത്രങ്ങൾ പിന്നീട് ഒരു നക്ഷത്ര സമൂഹമായി. ഇപ്പോൾ അതിലേക്ക് ഒരു നക്ഷത്രം കൂടി പിറവി കൊള്ളാൻ ഒരുങ്ങുകയാണ്. ലോക സിനിമ ചരിത്രത്തിൽ ആദ്യമായി ഒരേ നായകൻ, ഒരേ തിരക്കഥാകൃത്ത്, ഒരേ സംവിധായകൻ എന്ന അപൂർവ്വ നേട്ടം കൂടി സിബിഐയുടെ അഞ്ചാം പതിപ്പോടെ ഞങ്ങൾ സ്വന്തമാക്കുകയാണെന്ന് കെ.മധു ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഈ നേട്ടത്തിന് കാരണഭൂതരായ മലയാളത്തിന്റെ മെഗാ സ്റ്റാറായ മമ്മൂട്ടി, സേതുരാമയ്യർക്ക് ജന്മം കൊടുത്ത തിരക്കഥാകൃത്ത് എസ്.എൻ.സ്വാമി, സേതുരാമയ്യരുടെ ചടുലമായ നീക്കങ്ങൾക്ക് താളലയം നൽകിയ സംഗീത സംവിധായകൻ ശ്യാം, സിബിഐ അഞ്ചാം പതിപ്പിന്റെ നിർമ്മാതാവ് സ്വർഗ്ഗചിത്ര അപ്പച്ചൻ അടക്കമുള്ളവർക്ക് കെ.മധു നന്ദി പറഞ്ഞിട്ടുണ്ട്.
സേതുരാമയ്യർ സിബിഐയുടെ അഞ്ചാം പതിപ്പിൽ മമ്മൂട്ടി, മുകേഷ് എന്നിവരെ കൂടാതെ രഞ്ജി പണിക്കർ, സൗബിൻ ഷാഹിർ, ആശ ശരത്, സായി കുമാർ, കനിഹ തുടങ്ങിയവരുമുണ്ട്. ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ തുടങ്ങിയ ചിത്രങ്ങളെല്ലാം മുൻപ് ബോക്സ് ഓഫീസിൽ വിജയം നേടിയിരുന്നു. വിജയചിത്രങ്ങളുടെ ഫോർമുല വീണ്ടും ആവർത്തിക്കുന്നതിനൊപ്പം തന്നെ മമ്മൂട്ടിയെ കുശാഗ്രബുദ്ധിയുള്ള സിബിഐ ഓഫീസറായി വീണ്ടും സ്ക്രീനിൽ കാണാൻ സാധിക്കും എന്ന ആവേശത്തിലാണ് മമ്മൂട്ടി ആരാധകർ.
Read More: സിബിഐ അഞ്ചാം ഭാഗത്തിൽ ഞാനും; സന്തോഷം പങ്കിട്ട് കനിഹ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us