സിനിമകളുടെ സബ്ടൈറ്റിലുകള്‍ സെന്‍സര്‍ ചെയ്യാനുള്ള തീരുമാനത്തെ ന്യായീകരിച്ച് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്. സിനിമകള്‍ സെന്‍സര്‍ ചെയ്തതിനു ശേഷം ചിലര്‍ സബ്ടൈറ്റിലിലേക്ക് പുതിയ വാക്കുകള്‍ കൂട്ടിച്ചേര്‍ക്കുന്നതു ശ്രദ്ധയില്‍ പെട്ടതിനാലാണ് പുതിയ തീരുമാനമെന്നാണ് വിശദീകരണം. സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരായി ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് (ഇംപാ) ബോംബെ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ വിശദീകരണം.
സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം തികച്ചും ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാണിച്ച് ഇംപാ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിനിമയുടെ നിര്‍മാതാവ് സബ്ടൈറ്റിലുകള്‍ പ്രത്യേകമായി സെന്‍സര്‍ ചെയ്യിപ്പിക്കേണ്ടതുണ്ടെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ 27നാണ് ഹര്ജിക്കാരന് സെന്‍സര്‍ ബോര്‍ഡിന്റെ നോട്ടീസ് ലഭിച്ചത്. എന്നാല്‍ സിനിമ സെര്‍ട്ടിഫൈഡ് ചെയ്തതിനു ശേഷം അണിയറപ്രവര്‍ത്തകര്‍ അധിക വാക്കുകളോ ദൃശ്യങ്ങളോ ചേര്‍ക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുക എന്നത് തങ്ങളുടെ കടമയാണെന്നും അതാണ് ചെയ്തിരിക്കുന്നതെന്നുമാണ് സെന്‍സര്‍ബോര്‍ഡ് നല്കിയ വിശദീകരണം.
സെര്ട്ടിഫിക്കേഷനായി ചിത്രം സമര്‍പ്പിക്കുമ്പോള്‍ ചില പദങ്ങള്‍ നിശബ്ദമാകുകയും സെര്‍ട്ടിഫിക്കേഷനു ശേഷം ഇതെല്ലാം സിനിമയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാലാണ് പുതിയ തീരുമാനമെന്നും സെന്‍സര്‍ ബോര്‍ഡ് ചൂണ്ടിക്കാണിച്ചു.
തുടര്‍വാദത്തിനായി കേസ് ഓഗസ്റ്റ് 20ലേക്ക് മാറ്റിവച്ചു. സെന്‍സര്‍ബോര്‍ഡിന്റെ പുതിയ തീരുമാന പ്രകാരം നിര്‍മ്മാതാക്കള്‍ ആദ്യം സിനിമ സെന്‍സര്‍ ചെയ്യുകയും പിന്നീട് സബ്ടൈറ്റിലുകള്‍ തയ്യാറായിക്കഴിഞ്ഞാല്‍ അവ സെന്‍സറിങ്ങിനായി സമര്‍പ്പിക്കുകയും ചെയ്യണം.