കേവലം വസ്തുക്കളാക്കി ചിത്രീകരിച്ചുകൊണ്ട് സിനിമാ മേഖല സ്ത്രീകളെ പരാജയപ്പെടുത്തിയെന്ന് പ്രശസ്ത ഗാനരചയിതാവും കവിയും തിരക്കഥാകൃത്തും സെന്‍സര്‍ബോര്‍ഡ് ചെയര്‍മാനുമായ പ്രസൂന്‍ ജോഷി. ഡല്‍ഹിയിലെ ആജ് തക് സാഹിത്യോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ചിത്രം സര്‍ട്ടിഫൈ ചെയ്യുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുമ്പോളാണ് പ്രസൂന്‍ ജോഷി ഇക്കാര്യം വ്യക്തമാക്കിയത്.
“സിനിമാ മേഖലയിലോ സമൂഹത്തിലോ ചില കാര്യങ്ങള്‍ വളരുന്നതിന് നമ്മള്‍ അനുവദിക്കുകയാണ്, കാരണം അതൊരു വ്യവസ്ഥയാണെന്ന് നമ്മള്‍ കരുതുന്നു. വളരെ സാധാരണമാണത്. സിനിമയില്‍ നമ്മള്‍ സ്ത്രീകളെ വെറും ലൈംഗികോപകരണങ്ങളായി ചിത്രീകരിക്കുന്നു. വളരെ സാധാരണമായി അതിനെ കാണുന്നു. എന്താണ് അതിനൊരു കുഴപ്പം എന്നാണ് നമ്മള്‍ ചിന്തിക്കുന്നത്. പക്ഷെ അതില്‍ കുഴപ്പമുണ്ട്. സ്ത്രീകളുടെ നേട്ടങ്ങളുടെ പേരില്‍ അവരെ അംഗീകരിക്കുന്നതില്‍ നാം പരാജയപ്പെട്ടിരിക്കുന്നു. ഗാനരംഗങ്ങളിലും സിനിമകളിലും ക്യാമറ ഫോക്കസ് ചെയ്യുന്നത് അവരുടെ ശരീരഭാഗങ്ങളിലേക്കാണ്. ചിലപ്പോള്‍ ആ രംഗം മറ്റെന്തെങ്കിലും കാര്യമായിരിക്കും പറയുന്നത്. ഒരു വ്യവസായം എന്ന നിലയില്‍ നമ്മള്‍ സ്ത്രീകളെ പരാജയപ്പെടുത്തിയിരിക്കുന്നു,” പ്രസൂന്‍ ജോഷി പറഞ്ഞു.
“ഒരു സമൂഹം എന്ന നിലയിലും നമ്മള്‍ അവരെ തോല്‍പ്പിച്ചു. നമ്മള്‍ അവരെ ‘വീട്ടമ്മമാര്‍’ എന്നോ ‘ജോലിയില്ലാത്തവര്‍’ എന്നോ വിളിക്കുന്നു. ഓരോ സ്ത്രീയും പുരുഷനും എന്തായി തീരുന്നോ അതിലേക്ക് അവരെ വളര്‍ത്തിയെടുത്തത് നമ്മുടെ സ്ത്രീകളാണ്. അതൊരു ചെറിയ കാര്യമല്ല,” പ്രസൂന്‍ ജോഷി പറഞ്ഞു.
ഇത്തരം കാര്യങ്ങളെ കുറിച്ച് സെന്‍സര്‍ ബോര്‍ഡില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും വളരെ പ്രയാസമുള്ളൊരു ജോലിയാണ് തങ്ങളുടേതെന്നും പ്രസൂന്‍ ജോഷി പറയുന്നു. കലയോട് സെന്‍സിറ്റീവ് ആകുകയും സമൂഹത്തോട് ഉത്തരവാദിത്തമുള്ളവരാകുകയും ചെയ്യേണമെന്നും ഇതിനെ ബാലന്‍സ് ചെയ്തു കൊണ്ടു പോകേണ്ടതുണ്ടെന്നും പറഞ്ഞ പ്രസൂന്‍ ജോഷി, കാഴ്ചക്കാരും അവര്‍ കാണുന്ന സിനിമകളും തമ്മിലുള്ള പരസ്പരാശ്രയത്വം തകരരുതെന്നും കൂട്ടിച്ചേര്‍ത്തു.