ഷാരൂഖ് ഖാൻ ദീപിക പദുക്കോൺ ചിത്രം ‘പത്താനി’ൽ ചില മാറ്റങ്ങൾ വരുത്തണമെന്ന നിർദേശിച്ച് സിബിഎഫ്‌സി( സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർട്ടിഫിക്കേഷൻ). ചിത്രത്തിലെ ഗാനരംഗത്തിൽ ഉൾപ്പെടെ മാറ്റങ്ങൾ വരുത്തി വീണ്ടും സെർട്ടിഫിക്കേഷനു സമർപ്പിക്കണമെന്ന് ചെയർമാൻ പ്രസൂൺ ജോഷി പറഞ്ഞു. ബെഷറാം റാങ്ങ് എന്ന ഗാനത്തിൽ ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതിനു പിന്നാലെയാണ് വിവാദങ്ങൾ ആരംഭിച്ചത്.
“സെർട്ടിഫിക്കേഷൻ നൽകുന്നതിന്റെ ഭാഗമായി എല്ലാ മാർഗനിർദേശങ്ങളും അനുസരിച്ച് ചിത്രം ബോർഡ് വിലയിരുത്തിയിരുന്നു. 2023 ജനുവരിയിൽ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളായി ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്” സംവിധായകൻ സിദ്ധാർത്ഥ് ആനന്ദ് പറഞ്ഞു.
“പ്രേക്ഷകരുടെ ചിന്തയും ചിത്രങ്ങളിലെ സർഗ്ഗാത്മകതയും തമ്മിൽ ഒത്തുചേർന്ന് പോകുന്നതാണൊയെന്ന് സിബിഎഫ്‌സി വിലയിരുത്താറുണ്ട്. ഈ പ്രക്രിയ കൃത്യമായി പിന്തുടരുകയും നടപ്പിലാക്കുകയും ചെയ്യുമ്പോൾ നമ്മുടെ സംസ്കാരവും വിശ്വാസവും അതുപോലെ സംരക്ഷിക്കപ്പെടണമെന്നും സംഘടന ആഗ്രഹിക്കുന്നു. സൃഷ്‌ടാക്കളും പ്രേക്ഷകരും തമ്മിലുള്ള വിശ്വാസം സംരക്ഷിക്കുക എന്നാണ് ഏറ്റവും പ്രധാനം, സൃഷ്‌ടാക്കൾ അതിനായി പ്രവർത്തിക്കുന്നത് തുടരണം” ജോഷി പറഞ്ഞു.
ഡിസംബർ 12 നാണ് ബേഷാറം റാങ്ങ് എന്ന ഗാനം പുറത്തിറങ്ങിയത്. ഗാനം റിലീസായതിനു പിന്നാലെ മധ്യപ്രദേശ് മന്ത്രി നരോട്ടം മിശ്ര ഇതിനെതിരെ പ്രതികരിച്ചു. സംസ്കാരത്തിനു ചേരുന്നല്ല ഗാനത്തിലെ അഭിനേതാക്കളുടെ വസ്ത്രമെന്നും, ഗാനത്തിൽ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ ചിത്രം മധ്യപ്രദേശിൽ പ്രദർശിപ്പിക്കില്ലെന്നുമാണ് മന്ത്രി പറഞ്ഞത്.
നാലു വർഷങ്ങൾക്ക് ശേഷം ബിഗ് സ്ക്രീനിലേക്കുള്ള ഷാരൂഖിന്റെ തിരിച്ചുവരവാണ് പത്താൻ.