മോഹൻലാൽ ചിത്രം ഒടിയനിൽ അഭിനയിക്കാൻ ബാലതാരങ്ങൾക്ക് അവസരം. 10 നും 14 നും ഇടയ്ക്ക് പ്രായമുളള ആൺകുട്ടികൾക്കും 5 നും 7 നും ഇടയ്ക്ക് പ്രായമുളള പെൺകുട്ടികൾക്കുമാണ് അവസരം. മോഹൻലാൽ, മഞ്ജു വാര്യർ, പ്രകാശ് രാജ് എന്നീ മൂന്നുപേരുടെ ബാല്യവും യൗവനവും അഭിനയിക്കാനാണ് ബാലതാരങ്ങളെ തേടുന്നത്.

ഒടിയനായ മോഹൻലാലിന്റെ ബാല്യമാകാൻ തിരഞ്ഞെടുക്കപ്പെടുന്ന ആൺകുട്ടികൾക്ക് നല്ല മെയ് വഴക്കവും കായിക ക്ഷമതയും ഉണ്ടാകണം. കളരി, ജിംനാസ്റ്റിക്സ്, മാർഷ്യൽ ആർട്സ് തുടങ്ങിയവയിൽ മികവുളളവരായിരിക്കണം. ആക്ഷൻ ഡയറക്ടറുടെ കീഴിൽ കൂടുതൽ പരിശീലനം നേടി പൂർണമായും ഒടിയനായി മാറുവാൻ തയാറാവുന്നവരുമായിരിക്കണം.

16-18 വയസ്സുളള പെൺകുട്ടികൾക്കും 21-24 വയസ്സുളള യുവാക്കൾക്കും പ്രാധാന്യമുളള മറ്റു യുവ കഥാപാത്രങ്ങൾ ആകുവാനുളള അവസരവും ഉണ്ട്. വിശദമായ ബയോഡേറ്റയും ഫൊട്ടോയും സഹിതം casting@odiyanmovie.com ഇ-മെയിൽ ചെയ്യുക.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ദേശീയ അവാർഡ് ജേതാവ് ഹരികൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പുലിമുരകൻ എന്ന ചിത്രത്തിൽ ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ചിത്രത്തിന്റെ ക്യാമറ ചെയ്യുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook