നടിയും ബിഗ് ബോസ് താരവുമായ വനിത വിജയകുമാറിന്റെ ഭർത്താവ് പീറ്റർ പോളിനെതിരെ പരാതിയുമായി മുൻ ഭാര്യ എലിസബത്ത് ഹെലൻ. താനുമായി വിവാഹമോചനം നേടാതെയാണ് വനിതയെ വിവാഹം കഴിച്ചതെന്നാണ് എലിസബത്തിന്റെ ആരോപണം.
പീറ്ററിനെതിരെ വടപ്പളനി പോലീസ് സ്റ്റേഷനിലാണ് എലിസബത്ത് പരാതി നൽകിയത്. കഴിഞ്ഞ ഏഴ് വർഷങ്ങളായി പിരിഞ്ഞു ജീവിക്കുന്ന പീറ്റർ പോളിനും എലിസബത്ത് ഹെലനും രണ്ടു കുട്ടികളുണ്ട്.
Read More: പ്രണയ ചുംബനം; നടിയും ബിഗ് ബോസ് താരവുമായ വനിതയുടെ വിവാഹ ചിത്രങ്ങൾ
തമിഴ്, ഹിന്ദി, ഹോളിവുഡ് സിനിമകളിലെ വിഷ്വൽ ഇഫക്ട് എഡിറ്ററായ പീറ്റർ പോളും വനിതയും തമ്മിലുള്ളവിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ചെന്നൈയിൽവച്ച് ക്രിസ്ത്യൻ മതാചാര പ്രകാരമായിരുന്നു ചടങ്ങുകൾ.
വനിതയുടെ മൂന്നാമത്തെ വിവാഹമാണ് ഇത്. 2000 ത്തിൽ ആകാശുമായിട്ടായിരുന്നു ആദ്യ വിവാഹം. 2007 ൽ ഇരുവരും വേർപിരിഞ്ഞു. അതേവർഷം ആനന്ദ് ജയ് രാജന് എന്ന ബിസിനസ്സുകാരനെ വിവാഹം ചെയ്തുവെങ്കിലും 2012ല്‍ ഇരുവരും വേര്‍പിരിഞ്ഞു. വിജയ് ശ്രീഹരി, ജോവിത, ജയ്നിത എന്നിവരാണ് വനിതയുടെ മക്കൾ.
വനിതയുടെ സഹോദരി ശ്രീദേവി വിജയകുമാർ, സഹോദരൻ അരുൺ വിജയ് എന്നിവരും അഭിനയരംഗത്തുണ്ട്. പ്രീത വിജയകുമാർ, കവിത വിജയകുമാർ, അനിത വിജയ് കുമാർ എന്നിവരാണ് വനിതയുടെ മറ്റു സഹോദരങ്ങൾ.
മലയാളത്തിൽ ‘ഹിറ്റ്ലർ ബ്രദേഴ്സ്’ എന്ന ചിത്രത്തിൽ വനിത അഭിനയിച്ചിട്ടുണ്ട്. കമൽഹാസൻ അവതാരകനായി എത്തിയ ബിഗ് ബോസ് തമിഴ് പതിപ്പിന്റെ സീസൺ മൂന്നിലെ മത്സരാർത്ഥിയായിരുന്നു വനിത. ടെലിവിഷൻ സീരിയലുകളിലും സജീവമാണ് വനിത. 1995ല്‍ പുറത്തിറങ്ങിയ തമിഴ് സിനിമ ‘ചന്ദ്രലേഖ’ എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്തേക്ക് വരുന്നത്.